മിസോറാം ഗവർണറുടെ കേരളത്തിലെ ആദ്യ പരിപാടി അയ്യങ്കാളി അനുസ്മരണം

Wednesday 13 June 2018 4:10 pm IST

തിരുവനന്തപുരം: മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ 14ന്  കേരളത്തില്‍ എത്തും. ആദ്യപരിപാടികള്‍ കോഴിക്കോടാണ്. വ്യാഴാഴ്ച രാത്രി 10.15 ഓടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തുന്ന മിസോറാം ഗവര്‍ണര്‍ 11 ഓടെ കോഴിക്കോട് ഗവ.ഗസ്റ്റ് ഹൗസിലെത്തി വിശ്രമിക്കും. 

15ന് രാവിലെ 11ന് സംസ്‌കൃതി നന്മണ്ട സംഘടിപ്പിക്കുന്ന അയ്യങ്കാളി അനുസ്മരണവും വിവിധ സേവനപദ്ധതികളുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വ്വഹിക്കും. നന്മണ്ട ഹയര്‍ സെക്കന്ററി സ്‌കൂളിലാണ് പരിപാടി നടക്കുക. തുടര്‍ന്ന് ഗസ്റ്റ് ഹൗസിലേക്ക് തിരിക്കും. ഉച്ചഭക്ഷണത്തിനു ശേഷം വൈകിട്ട് 3.30ന് മാറാട് വിവേകാനന്ദ വിദ്യാലയത്തിന്റെ സില്‍വര്‍ ജൂബിലി ആഘോഷ പരിപാടികളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും. 

വൈകിട്ട് അഞ്ചിന് കോഴിക്കോട് ശ്രീനാരായണ സെന്റിനറി ഹാളില്‍ കോഴിക്കോട് പൗരാവലി ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി. പരമേശ്വരനെ ആദരിക്കുന്ന ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തും. രാത്രി 11 ഓടെ കോഴിക്കോട് നിന്ന് ചെങ്ങന്നൂരിന് യാത്രതിരിക്കും.

15ന് ശബരിമല സന്ദര്‍ശനവും നടത്തും. തിരുവനന്തപുരത്ത് എത്തുന്ന കുമ്മനം 16ന് രാവിലെ ആറന്മുള ശബരി ബാലാശ്രമത്തിലെ കുട്ടികള്‍ക്കൊപ്പം പ്രഭാത ഭക്ഷണത്തില്‍ പങ്കെടുക്കും. ശേഷം പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും. തുടര്‍ന്ന് മാരാമണ്‍ അരമനയിലെത്തി ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയെ സന്ദര്‍ശിക്കും. പിന്നീട് കൂനങ്കര ബാലാശ്രമത്തിലെത്തി ഇരുമുടികെട്ട് നിറച്ച ശേഷം അട്ടത്തോട് ആദിവാസി കോളനിയിലെത്തി ആദിവാസി മൂപ്പന് ദക്ഷിണ നല്‍കിയ ശേഷം ശബരിമല ദര്‍ശനത്തിന് പുറപ്പെടും.

16ന് ശബരിമലയില്‍ തങ്ങിയ ശേഷം അദ്ദേഹം 17ന് കോട്ടയത്തേയ്ക്ക് തിരിക്കും. ജന്മഭൂമി ദിനപ്പത്രത്തിന്റെ കോട്ടയത്തെ ആസ്ഥാന മന്ദിരം അദ്ദേഹം ഉദ്ഘാടനം ചെയ്യും. പിന്നീട് കുമ്മനത്തെ കുടുംബവീട്ടിലേക്ക് പുറപ്പെടും. 20 വരെ കേരളത്തിലെ വിവിധ പരിപാടികളില്‍ പങ്കെടുത്ത് അദ്ദേഹം മടങ്ങും.  

ഇസഡ് പ്ലസ് സുരക്ഷയാണ് കുമ്മനത്തിന് ഒരുക്കിയിട്ടുള്ളത്. ബംഗ്ലാദേശും മ്യാന്‍മറുമായി മിസോറാം അതിര്‍ത്തി പങ്കിടുന്നതിനാലാണ് ഇത്രയും സുരക്ഷ നല്‍കുന്നത്. ഗവര്‍ണറായി ചുമതലയേറ്റ ശേഷം ആദ്യമായാണ് കുമ്മനം കേരളത്തിലെത്തുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.