അടല്‍ പെന്‍ഷന്‍ മാസം പതിനായിരം രൂപയാക്കിയേക്കും

Thursday 14 June 2018 2:30 am IST

ന്യൂദല്‍ഹി: അടല്‍ പെന്‍ഷന്‍ പദ്ധതി പ്രകാരമുള്ള പെന്‍ഷന്‍ മാസം അയ്യായിരം രൂപയില്‍ നിന്ന് പതിനായിരം രൂപയാക്കിയേക്കും. ഇതിനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചു. മോദി സര്‍ക്കാരിന്റെ ഏറ്റവും പ്രധാനപ്പെട്ട പദ്ധതികളില്‍ ഒന്നാണിത്. 

പെന്‍ഷന്‍ തുക  പതിനായിരമാക്കണമെന്ന് കാണിച്ച് ശുപാര്‍ശ ലഭിച്ചിട്ടുണ്ട്. ധനകാര്യ സേവന വിഭാഗം ജോയിന്റ് സെക്രട്ടറി മദനേഷ് കുമാര്‍ മിശ്ര അറിയിച്ചു. ശുപാര്‍ശ അയച്ചതായി പെന്‍ഷന്‍ ഫണ്ട് റഗുലേറ്ററി ഡവലപ്‌മെന്റ് അതോറിറ്റി ചെയര്‍മാന്‍ ഹേമന്ത് ജി കോണ്‍ട്രാക്ടറും പറഞ്ഞു. അടല്‍ പെന്‍ഷന്‍ പദ്ധതയില്‍ നിലവില്‍ അഞ്ചു സ്‌ളാബുകളാണ് ഉള്ളത്. പ്രതിമാസം ആയിരം രൂപ മുതല്‍ 5000 രൂപ വരെ. അറുപതു വയസുകഴിഞ്ഞ് 5000 രൂപ ലഭിക്കുന്നതില്‍ ഒരു കാര്യവുമില്ലെന്നു കാണിച്ച് നിരവധി പരാതികളാണ് ലഭിക്കുന്നത്. അതു കണക്കിലെടുത്താണ് തുക 10,000 ആക്കാന്‍ ശുപാര്‍ശ ചെയ്തത്. ഇക്കാര്യം കേന്ദ്രത്തെ അറിയിച്ചിട്ടുമുണ്ട്.

 മറ്റു രണ്ടു നിര്‍ദ്ദേശങ്ങളും സമര്‍പ്പിച്ചിട്ടുണ്ട്. അടല്‍ പെന്‍ഷനില്‍ എല്ലാവരും സ്വയം അംഗങ്ങളാകുന്ന പദ്ധതി. പദ്ധതിയില്‍ അംഗങ്ങളാകാനുള്ള പ്രായപരിധി 50 വയസാക്കുക. നിലവില്‍ ഇത് 18 മുതല്‍ 40 വയസുവരെയാണ്. ഇത് 18 മുതല്‍ 50 വരെയാക്കണമെന്നാണ് ശുപാര്‍ശ. ഇത് ഗുണഭോക്താക്കളുടെ എണ്ണം വര്‍ദ്ധിക്കാന്‍ സഹായിക്കും. നിലവില്‍ 1.2 കോടി അംഗങ്ങളാണ് അടല്‍ പെന്‍ഷന്‍ യോജനയിലുള്ളത്.ഈ വര്‍ഷം 50 ലക്ഷം പേരാണ് ചേര്‍ന്നത്. ഈ സാമ്പത്തിക വര്‍ഷം 70 ലക്ഷം പേര്‍ ചേരുമെന്നാണ് പ്രതീക്ഷ

അടല്‍ പെന്‍ഷന്‍ യോജന

2015 ജൂണിലാണ് മോദി സര്‍ക്കാര്‍ അടല്‍ പെന്‍ഷന്‍ യോജന തുടങ്ങിയത്. സാധാരണക്കാര്‍ക്ക്  അറുപതു വയസുകഴിയുമ്പോള്‍ പെന്‍ഷന്‍ ലഭിക്കാനുള്ള പദ്ധതിയാണിത്. ജോലിയില്ലാത്തവര്‍ക്കും സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കും സ്വയം തൊഴില്‍ കണ്ടെത്തിയവര്‍ക്കും  എല്ലാം അംഗമാകാം. 60 കഴിഞ്ഞാല്‍ പെന്‍ഷന്‍ ലഭിക്കും. ആയിരം മുതല്‍ അയ്യായിരം വരെ അഞ്ചു സ്‌ളാബാണ്. അംഗം മരിച്ചാല്‍ ഭര്യയ്‌ക്കോ ഭര്‍ത്താവിനോ ലഭിക്കും. ഇവരും മരിച്ചാല്‍ മുഴുവന്‍ തുകയും ഒറ്റയടിക്ക് അവകാശിക്ക് കൈമാറും. 18 വയസുള്ള ഒരാള്‍ യോജനയില്‍ ചേര്‍ന്നാല്‍ മാസം 42 രൂപയാണ് അടയ്‌ക്കേണ്ടത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.