നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം തേടി ദിലീപ്

Thursday 14 June 2018 2:38 am IST

കൊച്ചി : യുവനടിയെ ആക്രമിച്ച് അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിയായ ചലച്ചിത്രതാരം ദിലീപ് ഹൈക്കോടതിയെ സമീപിച്ചു. സംഭവത്തില്‍ പങ്കാളിത്തമോ അറിവോ ഇല്ലാത്ത തന്നെ പോലീസ് പ്രതിയാക്കിയിരിക്കയാണെന്നാണ് വാദം. പോലീസ് സത്യം പുറത്തു കൊണ്ടുവരാന്‍ ശ്രമിച്ചിട്ടില്ല.  പോലീസിന്റെ നിയന്ത്രണത്തിലല്ലാത്ത മറ്റൊരു ഏജന്‍സിയെ അന്വേഷണം ഏല്‍പിക്കണം-ഹര്‍ജിയില്‍ പറയുന്നു. 

ഷൂട്ടിംഗിനു ശേഷം തൃശൂരില്‍ നിന്ന് കൊച്ചിയിലേക്ക് വരികയായിരുന്ന യുവനടിയെ ആക്രമിച്ച സംഭവത്തില്‍ 2017 ജൂലായ് പത്തിനാണ് ദിലീപിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇതിനു മുമ്പ് പള്‍സര്‍ സുനിയടക്കം ഏഴ് പ്രതികള്‍ക്കെതിരെ 2017 മാര്‍ച്ച് 18 ന് അന്വേഷണ സംഘം അന്തിമ റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കിയിരുന്നു.  സംഭവത്തിന്റെ ഗൂഢാലോചനയില്‍ ദിലീപിന് പങ്കുണ്ടെന്ന് ആരോപിച്ചാണ് പോലീസ് ദിലീപിനെ അറസ്റ്റ് ചെയ്തത്. ആദ്യ കുറ്റപത്രത്തില്‍ പറയുന്ന  കാരണത്തിന് കടക വിരുദ്ധമായ കണ്ടെത്തലാണ് അന്വേഷണ സംഘം തന്നെ പ്രതിയാക്കി നല്‍കിയ അനുബന്ധ കുറ്റപത്രത്തിലുള്ളതെന്നും ദിലീപ് ആരോപിക്കുന്നു.

സത്യസന്ധമല്ലാത്തതും ദുരുദ്ദേശ്യത്തോടു കൂടിയതുമായ അന്വേഷണമാണ് ഈ കേസില്‍ നടന്നത്. ഇത്തരമൊരു അന്വേഷണം ന്യായമായ വിചാരണയ്ക്ക് വഴിയൊരുക്കില്ല.  റിപ്പോര്‍ട്ടും അനുബന്ധ കുറ്റപത്രവും സിബിഐയ്ക്ക് കൈമാറാന്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കണമെന്നും കേസ് വീണ്ടും രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ഹര്‍ജി ഇന്ന് പരിഗണിച്ചേക്കും. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.