ഉത്തരവ് പിന്‍വലിക്കണം-എന്‍ജിഒ സംഘ്

Thursday 14 June 2018 2:45 am IST

കണ്ണൂര്‍: സര്‍വ്വെ വകുപ്പിലെ ഡ്രാഫ്റ്റ്‌സ്മാന്‍മാരെ ഫീല്‍ഡ് ജോലിക്ക് കൂടി നിയോഗിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്. ഇത് സംബന്ധിച്ച് ജോയിന്റ് ഡയറക്റ്റര്‍മാര്‍ക്കും അസിസ്റ്റന്റ് ഡയറക്റ്റര്‍മാര്‍ക്കും അഡീഷണല്‍ ഡയറക്റ്റര്‍ സര്‍ക്കുലര്‍ അയച്ചു. വികസന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സ്‌പെഷ്യല്‍ സര്‍വ്വെ ജോലികള്‍ക്കും റീസര്‍വ്വെ ജോലികള്‍ക്കും ജീവനക്കാരുടെ കുറവ് കാരണം തടസ്സം നേരിടുന്നതിനാല്‍ ഫീല്‍ഡ് ജോലിക്ക് ഡ്രാഫ്റ്റ്‌സ്മാന്‍മാരെ നിയോഗിക്കാമെന്നാണ് ഉത്തരവില്‍ പറയുന്നത്. 

സര്‍വ്വെയര്‍മാര്‍ ശേഖരിക്കുന്ന വിവരങ്ങള്‍ കൃത്യമായി ക്രോഡീകരിച്ച് സൂക്ഷിക്കാന്‍ ഓഫീസ് ജോലിക്ക് വേണ്ടിയാണ് പിഎസ്‌സി വഴി ഡ്രാഫ്റ്റ്‌സ്മാന്‍മാരെ നിയമിക്കുന്നത്. പകരം മറ്റ് ജോലി ചെയ്യേണ്ടി വരുന്നത് ഏറെ പ്രയാസങ്ങളുണ്ടാക്കുമെന്നാണ് ജീവനക്കാര്‍ പറയുന്നത്. സര്‍വ്വെയര്‍മാരെ വിവധ ഡിപ്പാര്‍ട്ട്‌മെന്റുകളിലേക്ക് മാറ്റി നിയമിച്ചതാണ് ഈ അവസ്ഥയ്ക്കു കാരണം. ഇത് പരിഹരിക്കാതെ സര്‍വ്വെ സെക്ഷനില്‍ ജോലിക്ക് കയറിയ ഡ്രാഫ്റ്റ്‌സ്മാന്‍മാരെ ഫീല്‍ഡ് ജോലിക്കായി നിയോഗിക്കുമ്പോള്‍ അതുവരെയുള്ള സീനിയോരിറ്റി നഷ്ടമാകാന്‍ സാധ്യതയുണ്ടെന്നും പറയുന്നു. ഭൂസര്‍വ്വെ ഓഫീസിന്റെ സാങ്കേതിക പരിശോധന അട്ടിമറിക്കുന്നതിനും ഡ്രാഫ്റ്റ്‌സ്മാന്‍ വിഭാഗത്തെ ഇല്ലാതാക്കി കൈയേറ്റക്കാരെ സഹായിക്കാനുമുള്ള ഉത്തരവ് പിന്‍വലിക്കണമെന്നാണ് സര്‍വ്വീസ് സംഘടനകള്‍ ആവശ്യപ്പെടുന്നത്. 

ഓഫീസ്തല ജോലികള്‍ക്കായി നിയോഗിക്കപ്പെട്ടിട്ടുള്ള ഡ്രാഫ്റ്റ്‌സ്മാന്‍മാരെ ഫീല്‍ഡ് ജീവനക്കാരുടെ കുറവെന്ന വ്യാജേന മറ്റു ജോലികള്‍ക്കായി നിയോഗിക്കാനുള്ള ഉത്തരവ് പിന്‍വലിക്കണമെന്ന് കേരള എന്‍ജിഒ സംഘ് സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.കെ.ജയകുമാര്‍ ആവശ്യപ്പെട്ടു. 

സര്‍ക്കാര്‍ ഭൂമികളുള്‍പ്പെടെയുള്ള പുറമ്പോക്കുകളും മറ്റും അന്യാധീനപ്പെട്ടു പോകുന്ന ഈ കാലത്ത് നിലവിലുള്ള റിക്കാര്‍ഡുകള്‍ വെച്ച് സൂക്ഷ്മപരിശോധന നടത്താന്‍ നിശ്ചയിച്ച ജീവനക്കാരെ ഓഫീസ്തല ചുമതലയില്‍ നിന്ന് ഒഴിവാക്കുന്നത് ഈ പ്രവര്‍ത്തനത്തെ കാര്യമായി ബാധിക്കും. വിവിധ വകുപ്പുകളിലേക്ക് നിയോഗിച്ചിട്ടുള്ള സര്‍വ്വെയര്‍മാരെ തിരികെ കൊണ്ടുവന്ന് റീ സര്‍വ്വെശക്തിപ്പെടുത്തുന്നതിനു പകരം സര്‍വ്വെ ജോലിയുടെ അന്ത:സത്തയെ തകര്‍ക്കുന്നതിനേ ഈ നീക്കം ഉപകരിക്കുകയുള്ളൂ, ജയകുമാര്‍ പറഞ്ഞു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.