'ഇന്‍ഫോര്‍മര്‍മാര്‍' ഇല്ല, പോലീസ് ഒന്നുമറിയുന്നില്ല

Thursday 14 June 2018 2:57 am IST

കോട്ടയം: നാട്ടില്‍ ഒരില അനങ്ങിയാല്‍ പോലീസിന്റെ രഹസ്യാന്വേണ വിഭാഗം അറിയുമായിരുന്നു. അറിയിക്കാന്‍ ആളുണ്ടായിരുന്നു. എല്ലാം ആദ്യം അറിയുന്നതിന്റെ മുന്‍തൂക്കമുണ്ടായിരുന്നു പോലീസിന്. എന്നാലിപ്പോള്‍ മാധ്യമങ്ങളില്‍ വന്നാലം പലതും പോലീസ് അറിയൂ. 

വിശ്വസ്തരായ ഇന്‍ഫോര്‍മര്‍മാര്‍ ഇല്ലാത്തതാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് വെല്ലുവിളിയാകുന്നത്. സ്റ്റേഷന്‍ പരിധിക്കുള്ളില്‍ നടക്കുന്ന പല സംഭവങ്ങളും പോലീസ് അറിയാതെ പോകുന്നത് ഇത്തരം വിശ്വസ്തരുടെ കുറവാണെന്ന് വിലയിരുത്തപ്പെടുന്നു. ആധുനിക കമ്മ്യൂണിക്കേഷന്‍ സംവിധാനങ്ങളും നവമാധ്യമങ്ങളും ഉണ്ടെങ്കിലും വിശ്വാസയോഗ്യമായ വിവരങ്ങള്‍ സ്‌പെഷ്യല്‍ ബ്രാഞ്ചിന് നല്‍കുന്നവരുടെ എണ്ണം കുറഞ്ഞ് വരികയാണെന്നാണ് പോലീസ് തലപ്പത്തുള്ളവര്‍ പറയുന്നത്. കോട്ടയത്ത് യുവാവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയതും എടപ്പാള്‍ തിയേറ്റര്‍ പീഡനവും അറിയാന്‍ വൈകിയത് സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ കാര്യനിര്‍വഹണശേഷിയുടെ പോരായ്മയിലേക്കാണ് വിരല്‍ചൂണ്ടുന്നത്. 

 ജനമൈതി പോലീസ് വരുന്നതിന് മുമ്പ് നാട്ടിന്‍പുറങ്ങളിലും നഗരങ്ങളിലും വിശ്വസ്തരായ ആളുകള്‍ ഉണ്ടായിരുന്നു. ഇവര്‍ കച്ചവടക്കാരനോ, പൊതുപ്രവര്‍ത്തകനോ, ഏതെങ്കിലും സംഘടനാ പ്രവര്‍ത്തകനോ ആകാം. ഇവര്‍ നാട്ടില്‍ നടക്കുന്ന ചെറിയ സംഭവങ്ങള്‍ പോലും അപ്പപ്പോള്‍ അറിയിച്ചിരുന്നു. സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരുമായി നിരന്തരം ബന്ധപ്പെട്ടിരുന്ന ഇവര്‍ക്ക് പോലീസ് ചെറിയ പാരിതോഷികവും കൊടുത്തിരുന്നു. എന്നാല്‍ ഇതെല്ലാം കാലക്രമേണ ഇല്ലാതായി. 

ഒരോ സ്റ്റേഷന്‍ പരിധിയിലെ സംഭവങ്ങള്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് ശേഖരിച്ചാണ് ജില്ലാ പോലീസ് ചീഫിന് കൈമാറുന്നത്. ഈ വിവരശേഖരണമാണ് ഇപ്പോള്‍ കാര്യക്ഷമമല്ലായാതായത്. വിശ്വസ്തമായ കേന്ദ്രങ്ങളില്‍ നിന്ന് ഇപ്പോള്‍ ഇന്‍പുട്ട്‌സ് ലഭിക്കുന്നത് കുറഞ്ഞെന്ന് രഹസ്യാന്വേഷണവുമായി ബന്ധപ്പെട്ട് വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ച ഒരുദ്യോഗസ്ഥന്‍ പറഞ്ഞു. നാട്ടില്‍ ഒരു സംഭവം ഉണ്ടായാല്‍ പഞ്ചായത്തംഗങ്ങളാണ് പോലീസിന്റെ ഇപ്പോഴത്തെ പിടിവള്ളി.  

രാഷ്ടീയ അതിപ്രസരവും മര്‍ദ്ദനമുറകളും ജനങ്ങളില്‍ പോലീസിനോടുള്ള മതിപ്പ് കുറച്ചെന്നാണ് വിലയിരുത്തുന്നത്. രാഷ്ടീയമായി പോലീസിനെ ഉപയോഗപ്പെടുത്തി തെറ്റായ വിവരങ്ങള്‍ നല്‍കി അന്വേഷണം വഴിതിരിച്ച് വിടുന്നതും കൂടി. ഇതെല്ലാം ജനങ്ങളും പോലീസും തമ്മിലുള്ള അകലം വര്‍ധിപ്പിച്ചെന്നാണ് കണക്കാക്കുന്നത്. 

ജി. അനൂപ്

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.