കോണ്‍ഗ്രസ് അര്‍ബന്‍ നക്‌സല്‍

Thursday 14 June 2018 3:09 am IST
മന്‍മോഹന്‍സിങ്ങിന്റെ വാക്കുകളെ രണ്ട് കാരണങ്ങളാല്‍ മുഖവിലയ്‌ക്കെടുക്കാനാവില്ല. ഒന്നുകില്‍ താന്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാരില്‍ കൃത്യമായി എന്ത് നടക്കുന്നുവെന്ന് അദ്ദേഹം അറിഞ്ഞിരുന്നില്ല. അല്ലെങ്കില്‍ മറ്റ് പല കാര്യങ്ങളിലുമെന്നപോലെ നക്‌സല്‍ ഭീഷണിയെ നേരിടുന്നതിലും ആരുടെയോ കളിപ്പാവയായിരുന്നു.

ആരംഭം പശ്ചിമബംഗാളിലെ നക്‌സല്‍ബാരിയില്‍ ആയതിനാലാണ് വിപ്ലവം തോക്കിന്‍ കുഴലിലൂടെ എന്നു വിശ്വസിച്ച ഇടതുപക്ഷ തീവ്രവാദികള്‍ക്ക് നക്‌സലൈറ്റുകള്‍ എന്ന പേരുവന്നത്. 1967-ലാണ് സിപിഎം പിളര്‍ന്ന് ചാരു മജുംദാറിന്റെയും മറ്റും നേതൃത്വത്തില്‍ സിപിഐ (മാര്‍ക്‌സിസ്റ്റ്-ലെനിനിസ്റ്റ്) പാര്‍ട്ടി രൂപം കൊണ്ടത്. പിന്നീട് പലതായി പിളര്‍ന്ന് പരസ്പരം തമ്മിലടിക്കുന്നവരായി. വസന്തത്തിന്റെ ഇടിമുഴക്കം ഓര്‍മ്മ മാത്രമായി. മോഹഭംഗം വന്ന് അക്രമമാര്‍ഗത്തില്‍നിന്ന് പിന്‍മാറിയവര്‍ 'എക്‌സലൈറ്റുകള്‍' എന്നറിയപ്പെട്ടു. 

സിനിമാ സംവിധകായകനും ആക്ടിവിസ്റ്റുമായ വിവേക് അഗ്‌നിഹോത്രി 'അര്‍ബന്‍ നക്‌സല്‍' എന്നൊരു പ്രയോഗം മുന്നോട്ടുവച്ചിരിക്കുന്നു. മാവോയിസ്റ്റുകളെ ഏറെ പ്രകോപിപ്പിച്ച 'ബുദ്ധ ഇന്‍ ട്രാഫിക് ജാം' എന്ന സിനിമയെടുത്ത വിവേക്, അതേക്കുറിച്ച് എഴുതിയ പുസ്തകത്തിന്റെ പേരുതന്നെ 'അര്‍ബന്‍ നക്‌സല്‍' എന്നാണ്. രാജ്യവ്യാപകമായി പ്രവര്‍ത്തന ശൃംഖല സൃഷ്ടിച്ചെടുക്കാന്‍ ശ്രമിക്കുന്ന മാവോയിസ്റ്റുകളും, നഗരകേന്ദ്രീകൃതമായുള്ള മാധ്യമങ്ങളിലും അക്കാദമിക് സ്ഥാപനങ്ങൡലും പ്രവര്‍ത്തിക്കുന്ന അവരുടെ അനുഭാവികളും തമ്മിലുള്ള ബന്ധം തുറന്നു കാട്ടുന്ന പുസ്തകമാണിത്.

നക്‌സലൈറ്റുകള്‍ ഭരണകൂടത്തെ പുറന്തള്ളുക എന്ന വിപുലമായ പദ്ധതിയോടെ വനപ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് ഇന്ത്യക്കെതിരെ യുദ്ധം ചെയ്യുമ്പോള്‍, ഇവര്‍ക്കായി ആളെ കൂട്ടുകയും, സമൂഹമാധ്യമങ്ങളിലൂടെയും പരമ്പരാഗത മാധ്യമങ്ങൡലൂടെയും പ്രചാരണയുദ്ധം നടത്തുകയുമാണ് അര്‍ബന്‍ നക്‌സലുകള്‍. കോളേജ് പഠനകാലത്ത് അര്‍ബന്‍ നക്‌സലാവാന്‍ ശ്രമിച്ച സ്വന്തം അനുഭവങ്ങള്‍ പങ്കുവയ്ക്കുന്ന വിവേക്,  മാവോയിസ്റ്റുകളുടെ പ്രവര്‍ത്തനരീതികള്‍ വിശദീകരിക്കുകയും ചെയ്യുന്നു. 

 ഇവര്‍ക്കിടയില്‍ ഇന്നു മറ്റൊരു തരം നക്‌സലുകള്‍കൂടി രൂപപ്പെട്ടിരിക്കുന്നു- കോണ്‍ഗ്രസ് നക്‌സല്‍. ഭീമ-കൊറെഗാവ് യുദ്ധവാര്‍ഷികം അക്രമാസക്തമാക്കിയവരെക്കുറിച്ച് മഹാരാഷ്ട്ര പോലീസ് നടത്തിയ അന്വേഷണത്തിലാണ് നടുക്കുന്ന ഈ വിവരം വെളിപ്പെട്ടത്. ഭീമ-കൊറെഗാവ് അക്രമവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മഹേഷ് റൗത്ത് എന്ന അര്‍ബന്‍ നക്‌സല്‍ 2012-ല്‍ മാവോയിസ്റ്റ് ബന്ധത്തിന്റെ പേരില്‍ പോലീസ് പിടിയിലായി ജയിലിലടയ്ക്കപ്പെട്ടയാളാണ്. കേന്ദ്രത്തിലും മഹാരാഷ്ട്രയിലും അപ്പോള്‍ കോണ്‍ഗ്രസ് സര്‍ക്കാരുകളായിരുന്നു.

ഡോ. മന്‍േമാഹന്‍സിങ് േനതൃത്വം നല്‍കിയ രണ്ടാം യുപിഎ സര്‍ക്കാരില്‍ നഗരവികസനമന്ത്രിയും കോണ്‍ഗ്രസ്സ് നേതാവുമായ ജയ്‌റാം രമേഷ്, അന്നത്തെ മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന് എഴുതിയ ഒരു കത്ത് ഭീമ-കൊറെഗാവ് സംഭവത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ കണ്ടെത്തി. മഹേഷ് റൗത്തിനെതിരായ ആരോപണങ്ങളെക്കുറിച്ച് വിശ്വസ്ത കേന്ദ്രങ്ങള്‍ വഴി താന്‍ 'സ്വതന്ത്രമായി അന്വേഷിച്ചു' എന്നും, പ്രധാനമന്ത്രിയുടെ നഗരവികസന പദ്ധതിയില്‍ (പിഎംആര്‍ഡിഎഫ്) വിജയകരമായി പ്രവര്‍ത്തിക്കുന്നയാളാണെന്ന് മനസ്സിലായെന്നുമാണ് ജയ്‌റാം കത്തില്‍ പറയുന്നത്. 

പിഎംആര്‍ഡിഎഫിന്റെ മന്ത്രിയെന്ന നിലയ്ക്ക്, റൗത്തിനെ തടവിലിട്ട് ചോദ്യംചെയ്യുന്നതില്‍ തനിക്ക് ആശങ്കയുണ്ടെന്നും, മാധ്യമങ്ങളില്‍ തെറ്റായ വാര്‍ത്തകള്‍ സൃഷ്ടിക്കുകയാണെന്നും ജയ്‌റാം കത്തില്‍ കുറ്റപ്പെടുത്തിയിരുന്നു. സ്വന്തം പ്രവര്‍ത്തനംവഴി റൗത്തിനുണ്ടായ സല്‍പ്പേരിന് കളങ്കം വരുത്തിയിരിക്കുന്നുവെന്നും ജയ്‌റാം പറയുന്നു. അതിനാല്‍ എത്രയുംവേഗം തടവില്‍നിന്ന് മോചിപ്പിച്ച് പ്രവര്‍ത്തനരംഗത്തേക്ക് തിരിച്ചുപോകാന്‍ റൗത്തിനെ അനുവദിക്കണമെന്നാണ് പൃഥ്വിരാജ് ചവാനോട് ജയ്‌റാം ആവശ്യപ്പെട്ടത്.

നക്‌സലുകളുടെ സിരാകേന്ദ്രങ്ങളിലൊന്നായ മഹാരാഷ്ട്രയിലെ ഗഡ്ചിരോളിയിലാണ് ജയ്‌റാം രമേഷിന്റെ ആവശ്യപ്രകാരം മഹേഷ് റൗട്ട് പോസ്റ്റ് ചെയ്യപ്പെട്ടത്. ഇവിടെ 2018 ഏപ്രിലില്‍ നിരവധി നക്‌സലുകള്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടുവെന്ന കാര്യം ശ്രദ്ധേയമാണ്. ജയ്‌റാം രമേശ്, കോണ്‍ഗ്രസ്സിന്റെ നയരൂപീകരണത്തില്‍ പ്രമുഖ പങ്ക് വഹിക്കുന്നയാളാണ്.  രാഹുല്‍ഗാന്ധിയെ ഉപദേശിച്ചിരുന്നതും ജയ്‌റാം രമേശാണ്. ഇങ്ങനെയൊരാളാണ് നക്‌സല്‍ തീവ്രവാദിയെ മോചിപ്പിക്കാന്‍ കേന്ദ്രമന്ത്രിയെന്ന നിലയ്ക്കുള്ള ഭരണഘടനാ പദവി ദുരുപയോഗം ചെയ്തത്.

നക്‌സലിസമാണ് രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയ്ക്ക് ഏറ്റവും വലിയ ഭീഷണിയെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പ്രഖ്യാപിച്ച കാലത്താണ് സര്‍ക്കാരിലെ ഒരു മന്ത്രി നക്‌സല്‍ തീവ്രവാദിയെ ജയില്‍മോചിതനാക്കാന്‍ മുന്നിട്ടിറങ്ങിയത്. ''നക്‌സലിസത്തിന്റെ പ്രശ്‌നം ഞങ്ങള്‍ ഒരിക്കലും കുറച്ചുകണ്ടിട്ടില്ല'' എന്ന് ഒരിക്കല്‍ ചോദ്യത്തിനു മറുപടി പറഞ്ഞ മന്‍മോഹന്‍, ഇക്കാര്യത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ അഭിപ്രായഭിന്നത ഇല്ലെന്നും വ്യക്തമാക്കി. ശക്തമായ നടപടികളിലൂടെ നക്‌സലുകളെ അടിച്ചമര്‍ത്തിയതില്‍ പോലീസിനെയും രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെയും മന്‍മോഹന്‍ പ്രശംസിക്കുകയും ചെയ്തിരുന്നു. നക്‌സല്‍ വിപത്ത് നേരിടുന്നതില്‍ വിട്ടുവീഴ്ച പാടില്ലെന്ന് 2013-ല്‍ ദല്‍ഹിയിലെ വിജ്ഞാന്‍ഭവനില്‍ ചേര്‍ന്ന ഡിഐജിമാരുടെ യോഗത്തില്‍ മന്‍മോഹന്‍സിങ് നിര്‍ദ്ദേശിച്ചു. 

 മന്‍മോഹന്‍സിങ്ങിന്റെ വാക്കുകളെ രണ്ട് കാരണങ്ങളാല്‍ മുഖവിലയ്‌ക്കെടുക്കാനാവില്ല. ഒന്നുകില്‍ താന്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാരില്‍ കൃത്യമായി എന്ത് നടക്കുന്നുവെന്ന് അദ്ദേഹം അറിഞ്ഞിരുന്നില്ല. അല്ലെങ്കില്‍ മറ്റ് പല കാര്യങ്ങളിലുമെന്നപോലെ നക്‌സല്‍ ഭീഷണിയെ നേരിടുന്നതിലും ആരുടെയോ കളിപ്പാവയായിരുന്നു. 

പത്തുവര്‍ഷം നീണ്ട യുപിഎ ഭരണകാലത്ത് സുരക്ഷാ സേനയും നക്‌സലുകളുമായി ചില ഏറ്റുമുട്ടലുകള്‍ നടന്നിട്ടുണ്ടെങ്കിലും ഭരണത്തെ നിയന്ത്രിക്കുന്നവരും മാവോയിസ്റ്റുകളുമായി ഏതൊക്കെയോ തലത്തില്‍ രഹസ്യധാരണ നിലനിന്നിരുന്നു എന്നുവേണം ഊഹിക്കാന്‍. 2014-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അധികാരത്തില്‍ വന്ന നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ്സും നക്‌സലുകളും ഒറ്റക്കെട്ടായി രംഗത്തുവന്നത് ഇതിന് തെളിവാണ്. 

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ കോണ്‍ഗ്രസ് രംഗത്തിറക്കിയ ജിഗ്‌നേഷ് മേവാനിയുടെ നക്‌സല്‍ ബന്ധവും, ഭീമ-കൊറെഗാവ് അക്രമത്തിലെ പങ്കും പുറത്തുവന്നതോടെ അര്‍ബന്‍ നക്‌സലുകള്‍ക്ക് പിന്നില്‍ കോണ്‍ഗ്രസ്സാണെന്നും, അവരില്‍ പലരും കോണ്‍ഗ്രസ്സുകാരാണെന്നും സ്ഥിരീകരിക്കപ്പെടുകയാണ്.

മുരളി പാറപ്പുറം

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.