കടല്‍ഭിത്തി നിര്‍മ്മാണം അനിശ്ചിതമാകുമ്പോള്‍..

Thursday 14 June 2018 3:11 am IST

സുനാമിക്കു ശേഷം കോടികള്‍ ചെലവഴിച്ച കടല്‍ഭിത്തി നിര്‍മ്മാണം പലയിടങ്ങളിലും അനിശ്ചിതത്വത്തിലാണ്. കടലോര മേഖലയില്‍ കാലവര്‍ഷഭേദമെന്യേ കടല്‍ ക്ഷോഭിക്കുന്ന പ്രതിഭാസത്തെ തടയാന്‍ ശാസ്ത്രീയമായ സമീപനം അവംലബിച്ച് കുറ്റമറ്റ രീതിയില്‍ കടല്‍ഭിത്തിയും പുലിമുട്ടും നിര്‍മ്മിക്കാന്‍ ഉദ്യോഗസ്ഥന്‍മാര്‍ക്ക് താല്‍പ്പര്യമില്ല. പലയിടങ്ങളിലും തീരദേശവാസികളുടെ പ്രതിഷേധങ്ങള്‍ ശക്തമാണ്. 

ഉദ്യോഗസ്ഥന്മാര്‍ എപ്പോഴും ആഗ്രഹിക്കുന്നത് കടല്‍ ഭിത്തിയുടെ അറ്റകുറ്റപ്പണികളാണെന്നും, ആക്ഷേപമുന്നയിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു. കരാറുകാര്‍ക്കും, ഉദ്യോഗസ്ഥന്‍മാര്‍ക്കും സാമ്പത്തിക മെച്ചം ഏറെയുള്ളത് അറ്റകുറ്റപ്പണിയിലാണത്രേ. കുറ്റമറ്റ രീതിയില്‍ ജോലികള്‍ ചെയ്താല്‍ അറ്റകുറ്റപ്പണിയുടെ പേരിലുള്ള വരുമാനം നിലയ്ക്കും. ഇത് മൂലം ശാസ്ത്രീയമായ രീതി അവലംബിക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രമിച്ചാലും കരാറുകാരും ചില ഉദ്യോഗസ്ഥന്‍മാരും ചേര്‍ന്ന് ഇവ അട്ടിമറിക്കുകയാണ് ചെയ്യുന്നത്. 

 ആര്‍ത്തലച്ചുവരുന്ന തിരമാലകള്‍ ഏതുസമയവും കിടപ്പാടങ്ങള്‍ വിഴുങ്ങിക്കളയുമെന്ന ഭീതിയിലാണ് കടലോരവാസികള്‍. ഓരോ വര്‍ഷവും മഴക്കാലത്ത് കടല്‍ക്ഷോഭത്തില്‍പെട്ട് കടല്‍ഭിത്തികള്‍ തകരുകയാണ്. കടലാക്രമണത്തില്‍ നിന്ന് ഈ കുടുംബങ്ങള്‍ക്ക് സുരക്ഷിതത്വം നല്‍കാന്‍ സ്ഥായിയായ പദ്ധതികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ അനുവദിക്കേണ്ടതുണ്ട്. കടല്‍ക്ഷോഭമുണ്ടാകുമ്പോള്‍, അധികൃതര്‍ സ്ഥലത്തെത്തി നടത്തുന്ന സൗജന്യ റേഷന്‍ പോലുള്ള ചില ചെപ്പടി വിദ്യകള്‍ മാത്രമാണ് കുറച്ചുകാലമായി പല തീരപ്രദേശങ്ങളിലും നടക്കുന്നത്. കേരളത്തിലേ തീരദേശവാസികളുടെ വേദന സര്‍ക്കാര്‍ മനസ്സിലാക്കുന്നില്ല.

തീരദേശസംരക്ഷണത്തിന് കോടികള്‍ ഇതിനോടകം ചിലവഴിച്ചിട്ടുണ്ടെന്നതാണ് സര്‍ക്കാര്‍ കണക്കുകള്‍. എന്നാല്‍ ഇത്തവണയും കാലവര്‍ഷം എത്തുന്നതിന് മുന്‍പ് തീരം വിട്ട് ബന്ധുവീടുകളേ ആശ്രയിക്കേണ്ട ഗതികേടിലാണ് കടലിനോട് ചേര്‍ന്ന് ജീവിക്കുന്നവര്‍.

                     പ്രവീണ്‍

                                         കരുനാഗപ്പള്ളി

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.