പന്തുരുളും മുൻപേ ആദ്യ ചുവപ്പുകാർഡ്

Thursday 14 June 2018 3:12 am IST

മോസ്‌ക്കോ: ലോകകപ്പിന് പന്തുരുളും മുമ്പെ സ്‌പെയിന്‍ കോച്ച് ജൂലെന്‍ ലോപെടെഗൂയിക്ക് ആദ്യ  ചുവപ്പുകാര്‍ഡ്. മുഖ്യ പരിശീലക സ്ഥാനത്ത് നിന്ന് ലോപെടെഗൂയിയെ സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷന്‍ പുറത്താക്കി. റയല്‍ മാഡ്രിഡ് ഇതിഹാസം ഫെര്‍നാന്‍ഡോ ഹെയ്‌റോയെ പുതിയ കോച്ചായി നിയമിച്ചു.

റയല്‍ മാഡ്രിഡിന്റെ മുഖ്യ പരിശീലക സ്ഥാനം ഏറ്റെടുത്ത സാഹചര്യത്തിലാണ് ലോപെടെഗൂയിയെ പുറത്താക്കിയത്. ലോകകപ്പിന് ശേഷം റയല്‍ മാഡ്രിഡിന്റെ മുഖ്യ പരിശീലകനാകുമെന്ന് ലോപെടെഗൂയി  കഴിഞ്ഞ ദിവസം പ്രഖാപിച്ചിരുന്നു.

ലോകകപ്പ് അടുത്തുനില്‍ക്കെ റയല്‍ മാഡ്രിഡില്‍ ചേരാനുളള തീരുമാനം ലോപെടെഗൂയി പരസ്യമായി പ്രഖ്യാപിച്ചതാണ് സ്പനിഷ് ഫുട്‌ബോള്‍ ഫെഡറേഷനെ ചൊടിപ്പിച്ചത്. ഞങ്ങള്‍ നടപിയെടുക്കാന്‍ നിര്‍ബന്ധിതരായി. മുന്‍  സ്പാനിഷ് താരമായ ഫെര്‍നാന്‍ഡോ ഹെയ്‌റോ  ഉടന്‍ തന്നെ ദേശീയ ടീമിന്റെ മുഖ്യ പരിശീലകനായി സ്ഥാനമേല്‍ക്കുമെന്ന് സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് റൂബിയല്‍സ് പറഞ്ഞു.

ലോപെടെഗൂയിയെ പുറത്താകാതിരിക്കാന്‍ അവസാന നിമിഷം കളിക്കാര്‍ ഇടപെട്ടെങ്കിലും ഫെഡറേഷന്‍ സമ്മതിച്ചില്ലെന്ന് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

2016 ജൂലൈയിലാണ് ലോപെടെഗൂയി സ്‌പെയിനിന്റെ കോച്ചായി സ്ഥാനമേറ്റത്. ഈ പരിശീലകന്റെ കീഴില്‍ സ്പാനിഷ് ടീം മികച്ച പ്രകടനം നടത്തിവരികയായിരുന്നു. ലോകകപ്പിന് മുമ്പ് കളിച്ച 20 മത്സരങ്ങളിലും സ്‌പെയിന്‍ തോല്‍വി അറിഞ്ഞില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.