ദുരന്തമഴ; ഉരുള്‍പൊട്ടി 7 മരണം, 8 പേരെ കാണാതായി

Thursday 14 June 2018 9:00 am IST
കരിഞ്ചോല മലയുടെ താഴെ താമസിക്കുന്ന നാല് വീട്ടുകാരാണ് അപകടത്തില്‍പ്പെട്ടത്. ഹസന്‍, അബ്ദുറഹിമാന്‍, അബ്ദുസലിം, ഈര്‍ച്ച അബ്ദുറഹിമാന്‍, കൊടശ്ശേരിപൊയില്‍ പ്രസാദ് എന്നിവരുടെ വീടുകളാണ് തകര്‍ന്നത്. അപകടത്തിന് അല്‍പ സമയം മുമ്പ് വീട് മാറിയതിനാല്‍ ഈര്‍ച്ച അബ്ദുറഹിമാനും കുടുംബവും ഉരുള്‍ പൊട്ടലില്‍ നിന്ന് രക്ഷപ്പെട്ടു.

കോഴിക്കോട്: കനത്ത മഴയില്‍ കോഴിക്കോട് താമരശ്ശേരിയില്‍ ഉരുള്‍ പൊട്ടി മൂന്നു കുട്ടികളടക്കം ഏഴു പേര്‍ മരിച്ചു. എട്ടു പേരെ കാണാതായി. നാലു വീടുകള്‍ മലവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയി. താമരശ്ശേരി കട്ടിപ്പാറ കരിഞ്ചോല മലയിലാണ് ഇന്നലെ പുലര്‍ച്ചെ അഞ്ചരയോടെ രണ്ടിടത്ത് ഉരുള്‍പൊട്ടല്‍ ദുരന്തം വിതച്ചത്. വെട്ടിയൊഴിഞ്ഞതോട്ടം കരിഞ്ചോല അബ്ദുറഹിമാന്‍ (60), മകന്‍ ജാഫര്‍ (30), കരിഞ്ചോല ജാഫറിന്റെ മകന്‍ മുഹമ്മദ് ജാസിം (അഞ്ച്), അബ്ദുല്‍ സലീമിന്റെ മക്കളായ ദില്‍ന ഷെറിന്‍ (ഒമ്പത്), മുഹമ്മദ് ഷഹബാസ് (മൂന്ന്), കരിഞ്ചോല ഹസന്‍ (65), മകള്‍ ജന്നത്ത് (17) എന്നിവരാണ് മരിച്ചത്. 

കരിഞ്ചോല മലയുടെ താഴെ താമസിക്കുന്ന നാല് വീട്ടുകാരാണ് അപകടത്തില്‍പ്പെട്ടത്. ഹസന്‍, അബ്ദുറഹിമാന്‍, അബ്ദുസലിം, ഈര്‍ച്ച അബ്ദുറഹിമാന്‍, കൊടശ്ശേരിപൊയില്‍ പ്രസാദ് എന്നിവരുടെ വീടുകളാണ്  തകര്‍ന്നത്. അപകടത്തിന് അല്‍പ സമയം മുമ്പ് വീട് മാറിയതിനാല്‍ ഈര്‍ച്ച അബ്ദുറഹിമാനും കുടുംബവും ഉരുള്‍ പൊട്ടലില്‍ നിന്ന് രക്ഷപ്പെട്ടു. മരിച്ച അബ്ദുറഹിമാന്റെ ഭാര്യ നഫീസയടക്കം എട്ടു പേരെ കാണാതായിട്ടുണ്ട്. മരിച്ച ജാഫറിന്റെ ഭാര്യ ഹന്നത്തും ഒരു മകളും പരിക്കുകളോടെ രക്ഷപ്പെട്ടു. കാണാതായവര്‍ക്കുവേണ്ടി ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തില്‍ രാത്രി വൈകിയും തിരച്ചില്‍ തുടരുകയാണ്. രണ്ട് ഓഫീസര്‍മാരുള്‍പ്പെടെ 50 പേരടങ്ങുന്ന സംഘമാണ് ഈ ദൗത്യത്തിലുള്ളത്. 

പുലര്‍ച്ചെ മൂന്നരയോടെ കരിഞ്ചോല മലയുടെ വടക്കാണ് വലിയ ശബ്ദത്തോടെ ആദ്യം ഉരുള്‍പൊട്ടിയത്. പിന്നീട് പുലര്‍ച്ചെ അഞ്ചരയോടെ മലയുടെ മറ്റൊരു ഭാഗത്തും ഉരുള്‍പൊട്ടി. നാലു വീടുകള്‍ പൂര്‍ണമായും മണ്ണിനടിയിലായി. മൂന്ന് വീടുകള്‍ക്ക് ഭാഗികമായി നാശനഷ്ടം സംഭവിച്ചു. നാട്ടുകാരും ഫയര്‍ഫോഴ്‌സുമാണ് ആദ്യം രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയത്. കനത്ത മഴ തുടരുന്നതും ഉരുള്‍ പൊട്ടലിനെ തുടര്‍ന്ന് പ്രദേശത്ത് ചളി നിറഞ്ഞതും രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു.

പന്ത്രണ്ടുമണിക്കൂറിലേറെ പെയ്ത തോരാത്ത മഴ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ വന്‍നാശനഷ്ടമാണ് ഉണ്ടാക്കിയത്. താമരശ്ശേരി കുറ്റ്യാടി ചുരങ്ങളില്‍ മണ്ണിടിച്ചിലുണ്ടായതോടെ ഗതാഗതം തടസ്സപ്പെട്ടു. ഇതോടെ വയനാട് ഒറ്റപ്പെട്ടിരിക്കുകയാണ്. ഈങ്ങാപ്പുഴയിലും നിരവില്‍പ്പുഴയിലും വെള്ളം കയറിയാണ് ഗതാഗതം മുടങ്ങിയത്. 

മലപ്പുറം ജില്ലയില്‍ രണ്ടിടത്ത് ഉരുള്‍പൊട്ടി. വെറ്റിലപ്പാറക്ക് സമീപം വെങ്ങോട്ടുപൊയിലും പെരുകമണ്ണ വില്ലേജിലെ പടിഞ്ഞാറെ ചാത്തല്ലൂരിലുമാണ് ഉരുള്‍പൊട്ടിയത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.