കനത്ത മഴ, പൊടിക്കാറ്റ്; യുപിയില്‍ 15 മരണം

Thursday 14 June 2018 12:02 pm IST
കാലവര്‍ഷക്കെടുതിയില്‍പ്പെട്ടവര്‍ക്ക് യഥാസമയം ചികിത്സ ലഭിച്ചെന്ന് ഉറപ്പുവരുത്താന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജില്ലാ മജിസ്‌ട്രേറ്റുമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ധനസഹായം ലഭ്യമാക്കാനും നിര്‍ദേശം നല്‍കി.

ന്യൂദല്‍ഹി: രാജ്യത്ത് കനത്ത മഴയിലും പൊടിക്കാറ്റിലും വന്‍ നാശനഷ്ടം. ഉത്തര്‍പ്രദേശില്‍ പൊടിക്കാറ്റില്‍ 15 പേര്‍ മരിച്ചു. പൊടിക്കാറ്റിനൊപ്പം ശക്തമായ ഇടിമിന്നല്‍ കൂടിയായതോടെയാണ് ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിച്ചത്. 28 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ബുധനാഴ്ചയോടെയാണ് മഴയും പൊടിക്കാറ്റും മിന്നലും ഇന്ത്യയുടെ വിവിധഭാഗങ്ങളില്‍ ശക്തിപ്രാപിച്ചത്. 

 സീതാപൂര്‍, ഗോണ്ഡ, ശ്രാവസ്തി, ഫൈസാബാദ്,ബസ്തി തുടങ്ങിയ ജില്ലകളിലാണ് ദുരന്തം ഏറെ. 13 പേരില്‍ ആറു പേര്‍ സീതാപൂരിലും മൂന്നു പേര്‍ ഗോണ്ഡ, രണ്ടു പേര്‍ കൗശംബി, ഒരാള്‍ വീതം ഫൈസാബാദ്, ഹര്‍ദോയ് എന്നിവിടങ്ങളിലാണ് മരിച്ചത്. 

കാലവര്‍ഷക്കെടുതിയില്‍പ്പെട്ടവര്‍ക്ക് യഥാസമയം ചികിത്സ ലഭിച്ചെന്ന് ഉറപ്പുവരുത്താന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജില്ലാ മജിസ്‌ട്രേറ്റുമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ധനസഹായം ലഭ്യമാക്കാനും നിര്‍ദേശം നല്‍കി. 

ഗുവാഹത്തി, ആസാം, ത്രിപുര എന്നിവിടങ്ങളിലും മഴക്കെടുതികള്‍ ശക്തമായിട്ടുണ്ട്.അസമിലെ ലംഡിങ്-ബദര്‍പൂര്‍ ഹില്‍ സ്റ്റേഷനില്‍ തുരങ്കങ്ങള്‍ മഴയില്‍ ഒലിച്ചു പോയി. ചിലവ മണ്ണിടിച്ചിലില്‍ തകര്‍ന്നു. റെയില്‍ പാളത്തിന്റെ അരികുകളും മണ്ണിടിച്ചില്‍ മൂലം തകര്‍ന്നിട്ടുണ്ട്. ഇതോടെ അസമില്‍ നിന്നും ത്രിപുര ഉള്‍പ്പെടെയുള്ള ഭാഗങ്ങളിലേക്കുള്ള റെയില്‍ ഗതാഗതം താറുമാറായി. അസമിലെ ബംഗ്ലാദേശ് അതിര്‍ത്തിക്കടുത്തുള്ള ബരക്‌വാലിക്കു സമീപം വെള്ളപ്പൊക്കം രൂപപ്പെട്ടതോടെ സംസ്ഥാനത്തെ ജലഗതാഗത വകുപ്പ് ഇവിടെയുള്ള ഫെറി സര്‍വീസ് നിര്‍ത്തിവച്ചു. ഇതോടെ ഫെറി സര്‍വീസിനെ ആശ്രയിക്കുന്ന മുപ്പതിനായിരത്തിലേറെപ്പേര്‍ കുഴപ്പത്തിലായി. 

കാലവര്‍ഷക്കെടുതികള്‍ ശക്തമായതോടെ ത്രിപുര മുഖ്യമന്ത്രി വിപ്ലവ് ദേവ് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങിനോട് കൂടുതല്‍ ദേശീയ ദുരന്തര നിവാരണ സേനയുടെ സഹായം ആവശ്യപ്പെട്ടു.മുംബൈയിലെ ദാദറില്‍ മൂന്നു മരങ്ങള്‍ കടപുഴകി വീണു, നാലുപേര്‍ക്ക് പരിക്കേറ്റു. 

മുംബൈയില്‍ മഴയില്‍ തെങ്ങ് മറിഞ്ഞു വീണ് 13 വയസുകാരി മരിച്ചിട്ടുണ്ട്. ജൂണ്‍ പത്തിനാണ് സംഭവം. മഴക്കെടുതികള്‍ ഉണ്ടായ 120 ഇടങ്ങളില്‍ അറ്റകുറ്റപ്പണികള്‍ നടത്താന്‍ ബൃഹത് മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മുനിസിപ്പല്‍ കമ്മീഷണര്‍ കിഷോര്‍ക്ഷീര്‍സാഗര്‍ അറിയിച്ചു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.