ദുബായ്: ടെലിവിഷന്‍ ഷോകളിലൂടെ പ്രശസ്തനായ ദുബായിലെ പ്രമുഖ ഷെഫ് അതുല്‍ കൊച്ചാറിനെ ദുബായില്‍ അദ്ദേഹം ജോലി ചെയ്തിരുന്ന ഹോട്ടലില്‍ നിന്നും പുറത്താക്കി. ഇസ്ലാമിക വിരുദ്ധ ട്വീറ്റിന്റെ പേരിലാണ് ഇന്ത്യന്‍ വംശജനായ അതുല്‍ കൊച്ചാറിനെ പുറത്താക്കിയത്.
ദുബായിലെ പഞ്ചനക്ഷത്ര ഹോട്ടലായ രംഗ് മഹലിലായിരുന്നു അതുല്‍ കൊച്ചാര്‍ ജോലി ചെയ്തിരുന്നത്. അതുല്‍ കൊച്ചാറിന്റെ ട്വീറ്റുകള്‍ കണക്കിലെടുത്ത് അദ്ദേഹത്തെ പിരിച്ച് വിടുന്നുവെന്നും, എല്ലാ സംസ്ക്കാരത്തില്‍ പെട്ടവരേയും ഞങ്ങള്‍ അതിഥികളായി സ്വീകരിക്കുന്നുവെന്നും ഹോട്ടല്‍ ഉടമയായ ബില്ല് കെഫര്‍ അറിയിച്ചു.
അമേരിക്കന്‍ ടെലിവിഷനില്‍ നടി പ്രിയങ്കാ ചോപ്ര ഹിന്ദുത്വ ദേശീയവാദികളെ ഭീകരവാദികള്‍ എന്ന് വിശേഷിപ്പിച്ചിരുന്നു. ഈ ട്വീറ്റിന് മറുപടിയായാണ് അതുല്‍ കൊച്ചാറിന്റെ ട്വീറ്റ്. നിങ്ങള്‍ക്ക് ഹിന്ദു മതവിശ്വാസികളോട് ബഹുമാനം ഇല്ലെന്നും, അവര്‍ 2000 വര്‍ഷമായി ഇസ്ലാം ഭീകരവാദത്തിന്റെ ഇരകളാണെന്നും ഇത് പ്രിയങ്ക കാണാതെ പോയത് സങ്കടകരമാണെന്നുമാണ് കൊച്ചാര്‍ ട്വീറ്റ് ചെയ്തത്. പിന്നീട് അദ്ദേഹം ഈ ട്വീറ്റ് പിന്‍വലിക്കുകയും ചെയ്തു. സംഭവം വിവാദമായതിനെ തുടര്‍ന്ന് ക്ഷമാപണവുമായി കൊച്ചാര്‍ രംഗത്ത് വന്നിരുന്നു.
ഹോട്ടലുകളെ റാങ്ക് ചെയ്യുന്ന അന്താരാഷ്ട്ര സ്ഥാപനമായ മിഷലിന് ഗൈഡില്‍ പ്രത്യക്ഷപ്പെട്ട ഷെഫാണ് അതുല്‍ കൊച്ചാര്‍. ദുബായിലെ പ്രമുഖനായ ഇയാളുടെ ഭക്ഷണവിഭവങ്ങള്‍ക്ക് ആരാധകര്‍ ഏറെയായിരുന്നു. ഹോട്ടലിന്റെ തീരുമാനം ഏറെ സങ്കടകരമാണെങ്കിലും താന്‍ കാരണം സ്ഥാപനത്തിനുണ്ടായ വിഷമാവസ്ഥ മനസിലാക്കി തീരുമാനം അംഗീകരിക്കുന്നുവെന്നും അതുല്‍ കൊച്ചാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: