എംഎല്‍എമാരെ അയോഗ്യരാക്കിയ സംഭവം; ജഡ്ജിമാര്‍ക്കിടയില്‍ അഭിപ്രായ ഭിന്നത

Friday 15 June 2018 1:13 am IST

ചെന്നൈ: ഓള്‍ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം (എഐഎഡിഎംകെ) എംഎല്‍എമാരെ അയോഗ്യരാക്കിയ നടപടിയില്‍ മദ്രാസ് ഹൈക്കോടതിയില്‍ ജഡ്ജിമാര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസം. 18 എംഎല്‍എമാരെ അയോഗ്യരാക്കിയ സ്പീക്കര്‍ പി. ധനപാലന്റെ നടപടി ചീഫ് ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജി ശരിവെച്ചപ്പോള്‍ ജസ്റ്റിസ് എം. സുന്ദര്‍ ഈ തീരുമാനം തള്ളി. ഇതോടെ കേസില്‍ മൂന്നാമതൊരു ജഡ്ജി വാദം കേള്‍ക്കും; കേസ് തീര്‍പ്പാക്കാന്‍ മൂന്നംഗബെഞ്ച് നിലവില്‍ വരും. മൂന്നാമത്തെ ജഡ്ജി ആരാണെന്ന് പിന്നീട് നിശ്ചയിക്കും. മൂന്നാമത്തെ ജഡ്ജി കൂടി വാദം കേട്ടതിനു ശേഷമായിരിക്കും വിധി പറയുക. ഇക്കഴിഞ്ഞ ജനുവരിയില്‍ കേസിന്റെ വാദം പൂര്‍ത്തിയായതായിരുന്നു.

എടപ്പാടി പളനി സാമിയെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നു മാറ്റണമെന്നാവശ്യപ്പെട്ട് ഇക്കഴിഞ്ഞ സപ്തംബറിലാണ് ദിനകരന്‍ പക്ഷത്തെ 19 എംഎല്‍എമാര്‍ ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവിനെ കണ്ടത്. പിന്നീട് എംഎല്‍എമാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് അണ്ണാഡിഎംകെ ചീഫ് വിപ് സ്പീക്കര്‍ക്കു കത്തു നല്‍കി. എംഎല്‍എമാര്‍ പാര്‍ട്ടി അച്ചടക്കം ലംഘിച്ചെന്നായിരുന്നു കത്തില്‍ പറഞ്ഞിരുന്നത്. പിന്നീട് 19 പേരില്‍ ഒരാളായ എസ്.ടി.കെ. ജക്കയ്യന്‍ പളനിസ്വാമിയുടെ ക്യാമ്പിലേക്ക് മടങ്ങി.ചീഫ് വിപ്പിന്റെ കത്തിന്റെ അടിസ്ഥാനത്തില്‍ 18 പേരെ സ്പീക്കര്‍ അയോഗ്യരാക്കി. ഇതിനെതിരെയാണ് എംഎല്‍എമാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ജനുവരിയില്‍ വാദം പൂര്‍ത്തിയാക്കിയിരുന്നെങ്കിലും വിധി പറയുന്നതു പത്തുമാസത്തോളം നീണ്ടുപോവുകയായിരുന്നു.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.