ഗൗരിയുടെ ഘാതകര്‍ കര്‍ണാടിനെയും ലക്ഷ്യമിട്ടു

Friday 15 June 2018 1:14 am IST
മാണ്ഡ്യയിലെ മഡൂര്‍ സ്വദേശിയാണ് നവീന്‍കുമാര്‍. മറാത്തി സംസാരിക്കുന്ന പരശുറാം കര്‍ണാടകത്തിലെ വിജയപുരം സ്വദേശിയാണ്. തിങ്കളാഴ്ച മഹാരാഷ്ട്രയില്‍ നിന്നാണ് ഇയാള്‍ അറസ്റ്റിലായത്. ഇയാളെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഹിന്ദു യുവ സേന രൂപീകരിച്ച തീവ്രഹിന്ദുത്വവാദിയാണ് നവീന്‍ കുമാര്‍, തോക്കും തിരകളും വാങ്ങി സംഘത്തിന് എത്തിച്ചത് ഇയാളാണ്.

ബെംഗളൂരു: പ്രമുഖ മാധ്യമ പ്രവര്‍ത്തക ഗൗരിലങ്കേഷിന്റെ ഘാതകര്‍ പ്രശസ്ത നാടകാചാര്യനും എഴുത്തുകാരനുമായ ഗിരീഷ് കര്‍ണാടിനെയും ലക്ഷ്യമിട്ടിരുന്നു. പിടിയിലായവരില്‍ നിന്ന് കെണ്ടടുത്ത ഡയറിയിലെ ഹിറ്റ്ലിസ്റ്റില്‍ കര്‍ണാടിന്റെ പേരുമുണ്ടായിരുന്നുവെന്ന് പ്രത്യേക അന്വേഷണ സംഘം പറഞ്ഞു. ജ്ഞാനപീഠ ജേതാവ് ബിടി ലളിത നായിക്, വീരഭദ്ര ചന്നമല്ല സ്വാമി, യുക്തിവാദി ദ്വാരകാനാഥ് തുടങ്ങിവയരും ഹിറ്റ്ലിസ്റ്റിലുണ്ട്. ദേവനാഗരി ലിപിയിലാണ് ഡയറിക്കുറിപ്പുകള്‍. ചില ഭാഗങ്ങള്‍ രഹസ്യ കോഡിലാണ്. ഇവ മനസ്സിലാക്കിയെടുത്താലേ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കൂ. 

ഇവരെല്ലാം ഗൗരിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നവരായിരുന്നു. മുഖ്യപ്രതിയെന്ന് കരുതുന്ന പരശുറാം വാഗ്മരെ (26), കെ.ടി. നവീന്‍  കുമാര്‍, അമോല്‍ കാലെ, മനോഹര്‍ എട്വേ, സുജിത്ത് കുമാര്‍, അമിത് ദേഗ്വേക്കര്‍ എന്നിരാണ് ഇതുവരെ ഗൗരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. മാണ്ഡ്യയിലെ മഡൂര്‍ സ്വദേശിയാണ് നവീന്‍കുമാര്‍. മറാത്തി സംസാരിക്കുന്ന പരശുറാം കര്‍ണാടകത്തിലെ വിജയപുരം സ്വദേശിയാണ്. തിങ്കളാഴ്ച മഹാരാഷ്ട്രയില്‍ നിന്നാണ് ഇയാള്‍ അറസ്റ്റിലായത്. ഇയാളെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഹിന്ദു യുവ സേന രൂപീകരിച്ച തീവ്രഹിന്ദുത്വവാദിയാണ് നവീന്‍ കുമാര്‍, തോക്കും തിരകളും വാങ്ങി സംഘത്തിന് എത്തിച്ചത് ഇയാളാണ്.

താനാണ് ഗൗരിയെ വെടിവച്ചതെന്ന് പരശുറാം സമ്മതിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ഇയാള്‍ക്ക് ശ്രീരാമസേന രൂപീകരിച്ച പ്രമോദ് മുത്തലിഖുമായി അടുത്ത ബന്ധമുണ്ട്. സപ്തംബര്‍ നാലിനും സംഘം ഗൗരിയെ വധിക്കാന്‍ ശ്രമിച്ചിരുന്നു. ഗൗരി വൈകിയതിനാല്‍ പദ്ധതി പാളി. അടുത്ത ദിവസം ബൈക്കില്‍ എത്തിയ ഇവര്‍ പദ്ധതി നടപ്പാക്കി. ആദ്യ വെടി ഏറ്റില്ല, തുടര്‍ന്ന് പരശുറാം മൂന്നു നാലു തവണ വെടിയുതിര്‍ക്കുകയായിരുന്നു. ഇയാള്‍ ഷാര്‍പ്പ് ഷൂട്ടറാണ്. 

പൂനെയില്‍ എന്‍ജിനീയറായ അമോല്‍ കാലെയാണ് ആസൂത്രണത്തിന്റെ തലച്ചോറെന്ന് പോലീസ് പറയുന്നു. ഇയാളാണ് പരശുറാമിനെയും നവീനെയും സംഘത്തില്‍ ചേര്‍ത്തത്. ആയുധവും വാഹനവും കണ്ടെത്താനുള്ള ശ്രമം പ്രത്യേക അന്വേഷണ സംഘം തുടരുകയാണ്. യുക്തിവാദ കെഎസ് ഭഗവാനെ വധിക്കാന്‍ ശ്രമിച്ച കേസിലും ഇവരില്‍ പലര്‍ക്കും പങ്കുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.