ക്ഷേത്രങ്ങളിലെ മോഷണം: കവര്‍ച്ചാസംഘം പിടിയില്‍

Friday 15 June 2018 1:15 am IST

കൊച്ചി:  വടക്കന്‍ പറവൂരിലെ രണ്ടു ക്ഷേത്രങ്ങളില്‍ നിന്നും പണവും തിരുവാഭരണങ്ങളും കവര്‍ന്നവരെ    പിടികൂടി. വടക്കന്‍ പറവൂര്‍ സ്വദേശി അരുണ്‍, കൊല്ലം മടത്തറ സ്വദേശി സന്തോഷ്, കരുനാഗപ്പള്ളി സ്വദേശി അജ്മല്‍ ഷാ എന്നിവരാണ് പിടിയിലായത്. 

കോട്ടുവള്ളി സൗത്ത് കുടുംബി സമുദായം വക ശ്രീനാരായണപുരം ക്ഷേത്രത്തിലും, കൈതാരം -കോട്ടുവള്ളി എന്‍എസ്എസ് കരയോഗംവക കോട്ടുവള്ളി തൃക്കപുരം ക്ഷേത്രത്തിലുമാണ് മോഷണം നടത്തിയത്. കാര്‍ വാടകക്കെടുത്ത് മോഷണം നടത്തുകയും അതില്‍ കഞ്ചാവ് കടത്തുകയുമാണ് സംഘത്തിന്റ പ്രധാന രീതിയെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കാറില്‍ കഞ്ചാവ് കടത്തുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്സൈസ് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. കളവ് മുതല്‍ തമിഴ്നാട്ടിലേക്ക് കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് മോഷ്ടാക്കള്‍ പിടിയിലായത്. 

ശാസ്താംകോട്ട എക്‌സൈസ് സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരില്‍ നിന്നും മോഷണത്തിനുപയോഗിച്ച ആയുധങ്ങള്‍, വിഗ്രഹം, തിരുവാഭരണം, വെള്ളി ആഭരണങ്ങള്‍, ലാപ് ടോപ്പ്, മൊബൈല്‍ ഫോണുകള്‍, കവര്‍ച്ച നടത്തിയ 37,000 രൂപ, 300 ഗ്രാം കഞ്ചാവ് എന്നിവ കണ്ടെടുത്തിട്ടുണ്ട്. സംഘത്തിലെ പ്രധാനിയായ ഷാജിയും കൂട്ടാളിയും തിരുവാഭരണം വില്‍ക്കാനായി കരുനാഗപ്പള്ളിയിലേയ്ക്ക് പോയിട്ടുണ്ടെന്ന് പിടിയിലായ മറ്റുപ്രതികള്‍ സമ്മതിച്ചിട്ടുണ്ട്. പോലീസ് ഇവര്‍ക്കുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.