നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് എംബിബിഎസ് പഠിക്കാന്‍ അവസരം

Friday 15 June 2018 1:16 am IST

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ മെറിറ്റില്‍ പ്രവേശനം നേടുന്ന ബിപിഎല്‍ വിഭാഗത്തിലുള്ള എംബിബിഎസ് വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് സ്‌കീമില്‍ സാമ്പത്തിക സഹായം നല്‍കാന്‍ ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. 2017-18 അധ്യയന വര്‍ഷം മുതല്‍ പ്രവേശനം നേടിയ നിര്‍ധന വിദ്യാര്‍ഥികളുടെ വാര്‍ഷിക ഫീസാണ് സര്‍ക്കാര്‍ വഹിക്കുന്നത്. അര്‍ഹരായ വിദ്യാര്‍ത്ഥികളെ കണ്ടെത്തുന്നതിന് വ്യക്തമായ മാനദണ്ഡങ്ങളോടെയാണ് ഉത്തരവിറക്കിയത്. സ്വാശ്രയ കോളേജുകളിലെ സമര്‍ത്ഥരായവരും എന്നാല്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നതുമായ കുടുംബത്തിലെ വിദ്യാത്ഥികള്‍ക്ക് കൈത്താങ്ങാകാനാണ് ഈ സ്‌കോളര്‍ഷിപ്പ് നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു. 

സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ മെറിറ്റില്‍ പ്രവേശനം നേടുന്ന ബിപിഎല്‍ വിഭാഗത്തിലുള്ള വിദ്യാര്‍ഥികളുടെ ഫീസ് നല്‍കുന്നതിന് അഡ്മിഷന്‍ ആന്‍ഡ് ഫീ റെഗുലേറ്ററി കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോര്‍പസ് ഫണ്ട് രൂപീകരിച്ചും ഉത്തരവിറങ്ങി. കഴിഞ്ഞവര്‍ഷം എന്‍ആര്‍ഐ സീറ്റില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളില്‍ നിന്നു നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കാന്‍ ഈടാക്കിയ തുക സര്‍ക്കാരിന്റെ കോര്‍പസ് ഫണ്ടിലേക്ക് മാറ്റും. ഇതോടൊപ്പം അര്‍ഹരായ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഇതിന്റെ ആനുകൂല്യം കിട്ടുന്നതിനായി സര്‍ക്കാര്‍ വിഹിതവും നല്‍കുന്നതാണ്. 

കൂലിവേല, കര്‍ഷക തൊഴിലാളി, പരമ്പരാഗത മീന്‍പിടുത്തക്കാര്‍, കെട്ടിട നിര്‍മ്മാണ പണി സഹായി, മത്സ്യവ്യാപാരവുമായി ബന്ധപ്പെട്ടവര്‍, ഹോട്ടല്‍ തൊഴിലാളികള്‍, ചെറുകിട വ്യാപാര സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍, തയ്യല്‍ജോലി, കയര്‍ തൊഴിലാളി, വര്‍ക്ക്ഷോപ്പ് തൊഴിലാളി, തട്ടുകട നടത്തുന്നവര്‍, തോട്ടം തൊഴിലാളി, അന്യഗൃഹങ്ങളില്‍ വീട്ടുജോലി തുടങ്ങി 32 മേഖലകളില്‍ ജോലി ചെയ്യുന്നവരുടെ മക്കളെ ഈ ആനുകൂല്യത്തിന് പരിഗണിക്കുന്നതാണ്. മാരകമായ രോഗങ്ങള്‍, സര്‍ക്കാര്‍ - അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സ്ഥിര വരുമാനമുള്ള തൊഴില്‍ ഇല്ലാത്തവര്‍, പുറമ്പോക്കില്‍ താമസിക്കുന്നവര്‍, സ്വന്തമായി സ്ഥലമോ വീടോ ഇല്ലാത്തവര്‍ എന്നിവരുടെ മക്കളും ഇതില്‍പ്പെടും. ഒരേക്കറിനു മുകളില്‍ ഭൂമിയുള്ളവരുടേയും മാസം 25,000 രൂപയില്‍ കൂടുതല്‍ വരുമാനം ഉള്ളവരുടേയും മക്കളെ ഇതില്‍ നിന്ന് ഒഴിവാക്കുന്നതാണ്. 

മുഴുവന്‍ സീറ്റിലും നീറ്റ് റാങ്ക് ലിസ്റ്റ് അടിസ്ഥാനമാക്കി മെറിറ്റില്‍ മാത്രമായിരിക്കും പ്രവേശനം. എന്‍ആര്‍ഐ അടക്കമുള്ള മുഴുവന്‍ സീറ്റിലെയും വാര്‍ഷിക ഫീസ് ഫീ റഗുലേറ്ററി കമ്മിറ്റിയായിരിക്കും നിശ്ചയിക്കുക.

 എന്‍ആര്‍ഐ വിഭാഗത്തില്‍ അധികം ഈടാക്കുന്ന ഫീസ് മാനേജ്മെന്റ് സ്‌കോളര്‍ഷിപ്പായി നല്‍കുന്ന രീതി പൂര്‍ണമായും ഗുണം ചെയ്യില്ലെന്നു കണ്ടാണ് പുതിയ പദ്ധതി തയ്യാറാക്കിയത്. എംബിബിഎസ് പ്രവേശനം നേടിയ വിദ്യാര്‍ഥികളെ സഹായിക്കാന്‍ ആഗ്രഹമുള്ള വിദേശ മലയാളികള്‍ക്കും വ്യക്തികള്‍ക്കും സംഘടനകള്‍ക്കും കോര്‍പ്പസ് ഫണ്ടിലേക്ക് സംഭാവന നല്‍കാം. ഫീ റഗുലേറ്ററി കമ്മിറ്റി നിശ്ചയിക്കുന്ന ഫീസ് കോര്‍പ്പസ് ഫണ്ടില്‍ നിന്ന് കോളേജുകള്‍ക്ക് നല്‍കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.