ദേവസ്വം ബോര്‍ഡിന് കടിഞ്ഞാണ്‍; കമ്മീഷണര്‍ക്ക് പകരം അഡീ. സെക്രട്ടറി

Friday 15 June 2018 1:17 am IST
1950 ല്‍ ഹിന്ദുമതധര്‍മ്മ സ്ഥാപനം എന്ന നിലയിലാണ് ബോര്‍ഡ് സ്ഥാപിതമായത്. നാട്ടുരാജ്യങ്ങള്‍ ഇന്ത്യന്‍ യൂണിയനില്‍ ലയിക്കുന്നതിന്റെ ഭാഗമായി ഉണ്ടാക്കിയ കരാറില്‍ ക്ഷേത്രങ്ങളും സ്വത്തുക്കളും സംബന്ധിച്ച് പ്രത്യേക സംവിധാനം വേണമെന്ന് രാജാക്കന്മാര്‍ ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് ക്ഷേത്രങ്ങളെ സംബന്ധിച്ച് സ്വതന്ത്ര തീരുമാനം എടുക്കാനാണ് ബോര്‍ഡ് സ്ഥാപിച്ചത്. എന്നാല്‍ പിന്നീട് ബോര്‍ഡു ഭരണം കുത്തഴിഞ്ഞതോടെ ഹൈക്കോടതി ഇടപെട്ടു.

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ പൂര്‍ണ്ണമായും സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കാന്‍ ലക്ഷ്യമിട്ട് സര്‍ക്കാര്‍ നിയമ നിര്‍മ്മാണം നടത്തുന്നു. കമ്മീഷണര്‍ക്ക് പകരം സെക്രട്ടേറിയറ്റില്‍ നിന്ന് അഡീ. സെക്രട്ടറിയെ നിയമിക്കും. ഇതോടെ ബോര്‍ഡിന്റെ സ്വയംഭരണാവകാശം ഇല്ലാതാകും. ബോര്‍ഡിനെ നോക്കുകുത്തിയാക്കി ദേവസ്വം ഭരണം പൂര്‍ണ്ണമായും സര്‍ക്കാര്‍ നിയന്ത്രണത്തിലാകും. ബില്‍ നിയമമായാല്‍ കയര്‍, കശുവണ്ടി മേഖലയിലെ ബോര്‍ഡിനു തുല്യമാകും ദേവസ്വം ബോര്‍ഡും. 

1950 ല്‍ ഹിന്ദുമതധര്‍മ്മ സ്ഥാപനം എന്ന നിലയിലാണ്  ബോര്‍ഡ് സ്ഥാപിതമായത്. നാട്ടുരാജ്യങ്ങള്‍ ഇന്ത്യന്‍ യൂണിയനില്‍ ലയിക്കുന്നതിന്റെ ഭാഗമായി ഉണ്ടാക്കിയ കരാറില്‍ ക്ഷേത്രങ്ങളും സ്വത്തുക്കളും സംബന്ധിച്ച് പ്രത്യേക സംവിധാനം വേണമെന്ന് രാജാക്കന്മാര്‍ ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് ക്ഷേത്രങ്ങളെ സംബന്ധിച്ച് സ്വതന്ത്ര തീരുമാനം എടുക്കാനാണ് ബോര്‍ഡ് സ്ഥാപിച്ചത്.  എന്നാല്‍ പിന്നീട് ബോര്‍ഡു ഭരണം കുത്തഴിഞ്ഞതോടെ ഹൈക്കോടതി ഇടപെട്ടു.

ഭരണപരമായ നിര്‍ദ്ദേശങ്ങള്‍ നല്‍കാനും ദൈനംദിന പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാനും സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന  കമ്മീഷണറെ നിയമിക്കാന്‍ കോടതി തീരുമാനിച്ചു. ഇതനുസരിച്ച് കമ്മീഷണര്‍മാര്‍ ആകാന്‍ യോഗ്യതയുള്ളവരുടെ പട്ടിക സര്‍ക്കാര്‍ കോടതിക്ക് നല്‍കണം.  ദേവസ്വം ബോര്‍ഡിനു  പട്ടിക കൈമാറി  ഇതില്‍ നിന്ന് ഏതാനും പേരെ ബോര്‍ഡിനോട് നിര്‍ദ്ദേശിക്കാന്‍ ഹൈക്കോടതി ആവശ്യപ്പെടും. ബോര്‍ഡ് നല്‍കിയ പട്ടികയിലുള്ളവരെ സംബന്ധിച്ച് കോടതി  രഹസ്യനിരീക്ഷണം നടത്തും. സാമ്പത്തിക കുറ്റങ്ങളിലോ മറ്റ് കുറ്റകൃത്യങ്ങളിലോ ഏര്‍പ്പെട്ടവര്‍ ഉണ്ടെങ്കില്‍ അവരുടെ പേരുകള്‍ നീക്കം ചെയ്ത ശേഷം ഒരാളെ നിയമിക്കാന്‍ ബോര്‍ഡിന് നിര്‍ദ്ദേശം നല്‍കും. കമ്മീഷണറുടെ നിയമന ഉത്തരവ് നല്‍കേണ്ട അധികാരം ബോര്‍ഡില്‍ മാത്രം നിക്ഷിപ്തമാണ്. ഇത്തരത്തില്‍ 1994 മുതല്‍ മുന്‍ ചീഫ് സെക്രട്ടറി സി.പി.നായര്‍, പി.വേണുഗോപാല്‍ തുടങ്ങിയവര്‍ കമ്മീഷണര്‍ തസ്തികയില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.  എന്നാല്‍ നിയമ നിര്‍മ്മാണം നടത്തുന്നതിലൂടെ അഡീ. സെക്രട്ടറിയെ സര്‍ക്കാരിന് നേരിട്ട് നിയമിക്കാം. തങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് പ്രവര്‍ത്തിച്ചില്ലെങ്കില്‍  സെക്രട്ടറിയെ എപ്പോള്‍ വേണമെങ്കിലും പിന്‍വലിക്കുകയും ചെയ്യാം. 

ദേവസ്വം ബോര്‍ഡിനു കീഴിലുള്ള  സ്വത്താണ് സര്‍ക്കാരിന്റെ നോട്ടം. കോടിക്കണക്കിന് രൂപയുടെ ബാങ്ക് നിക്ഷേപം, അയ്യായിരത്തില്‍ അധികം കോടിരൂപയുടെ സ്വര്‍ണ്ണാഭരണങ്ങള്‍, രണ്ട് ലക്ഷത്തില്‍ അധികം ഏക്കര്‍ വരുന്ന ഭൂമി എന്നിവയെല്ലാം കോടതി ഇടപെടലില്ലാതെ സെക്രട്ടറിയെ ഉപയോഗിച്ച് സര്‍ക്കാരിന്റെ ഇഷ്ടത്തിനനുസരിച്ച് എപ്പോള്‍ വേണമെങ്കിലും വിനിയോഗിക്കാനാകും. ദേവസ്വം ഭരണത്തില്‍ ഭേദഗതി വരുത്തിക്കൊണ്ടുള്ള ബില്‍ 21ന് നിയമസഭയില്‍ അവതരിപ്പിക്കാനാണ് നീക്കം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.