മയക്കുമരുന്ന് കടത്ത്: പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു

Friday 15 June 2018 1:19 am IST

കൊച്ചി : ദോഹയിലേക്ക് മയക്കുമരുന്നു കടത്താന്‍ യുവാക്കളെ ഉപയോഗിച്ചെന്ന കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായി സര്‍ക്കാര്‍ ഹൈക്കോടതിതിയെ അറിയിച്ചു. ദോഹയിലെ ദുഹൈല്‍ ജയിലില്‍ കഴിയുന്ന ആഷിക് ആഷ്ലി (22), കെവിന്‍ മാത്യു (26), ആദിത്യ മോഹനന്‍ (21), ശരത് ശശി (24) എന്നിവരെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് അമ്മമാര്‍ നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്.  പ്രത്യേക സംഘത്തെ നിയോഗിച്ച് ഡിജിപി ലോക്നാഥ് ബെഹ്‌റ പുറത്തിറക്കിയ ഉത്തരവും സര്‍ക്കാര്‍ അഭിഭാഷകന്‍ ഹാജരാക്കി. 

കോഴിക്കോട് ജില്ലാ പോലീസ് മേധാവി എസ് കാളിരാജ് മഹേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തെയാണ് അന്വേഷണത്തിന്  നിയോഗിച്ചിട്ടുള്ളതെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഐജി പി വിജയന്‍ അന്വേഷണത്തിന് നേരിട്ട് മേല്‍നോട്ടം വഹിക്കും. കാസര്‍ഗോഡ് ഡിവൈഎസ്പി ജയ്‌സണ്‍ എബ്രഹാം, അങ്കമാലി സിഐ എസ് മുഹമ്മദ് റിയാസ്, കൊണ്ടോട്ടി സിഐ മുഹമ്മദ് ഹനീഫ, ചെങ്ങന്നൂര്‍ സിഐ എം ദിലീപ് ഖാന്‍ തുടങ്ങിയവരാണ് സംഘത്തിലുള്ളത്. വിദേശത്തേക്ക് ജോലി തേടിപ്പോയ മക്കളെ വിസ ശരിയാക്കി നല്‍കിയവര്‍ മയക്കു മരുന്ന് കടത്താന്‍ ഉപയോഗിച്ചതാണെന്നും ഇവരെ കെണിയില്‍ പെടുത്തിയവര്‍ക്കെതിരെ പരാതി നല്‍കിയിട്ടും പോലീസ് നടപടി എടുത്തില്ലെന്നും ഇതുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. 

എറണാകുളം മൂക്കന്നൂര്‍ സ്വദേശിനി കെവി ഉഷാകുമാരി, കോട്ടയം സ്വദേശിനി റോസമ്മ മാത്യു, ചെങ്ങന്നൂര്‍ സ്വദേശിനി കെആര്‍ ഇന്ദിരാ ദേവി, എറണാകുളം ചേലാമറ്റം സ്വദേശിനി രമ ശശി എന്നിവരാണ് ഹര്‍ജിക്കാര്‍. ഹര്‍ജി ചൊവ്വാഴ്ച ഹൈക്കോടതി വീണ്ടും പരിഗണിച്ചേക്കും.

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.