തോട്ടം തൊഴിലാളികളുടെ കുട്ടികള്‍ക്ക് 4000 രൂപ നല്‍കും

Friday 15 June 2018 1:21 am IST

കൊല്ലം:  പൂട്ടിക്കിടക്കുന്ന എസ്റ്റേറ്റുകളിലെ സ്ഥിരം തൊഴിലാളികളുടെ മക്കള്‍ക്ക് വര്‍ഷം 4000 രൂപ വീതം ടീ ബോര്‍ഡ് വിദ്യാഭ്യാസ സഹായം നല്‍കും. തിരുവനന്തപുരം  ബോണക്കാട്, ഇടുക്കി പീരുമേട് കമ്പനിയുടെ ചിന്തലാര്‍ ലോണ്‍ട്രി, എം.എം.ജെ പ്ലാന്റേഷന്റെ കോട്ടമല ബോണാമി എന്നീ എസ്റ്റേറ്റുകളിലെ കുട്ടികള്‍ക്കാണ് ധനസഹായം.

ഒന്നുമുതല്‍ ബിരുദാനന്തര ബിരുദം വരെയുള്ള  കുട്ടികള്‍ക്കാണ് ഈ വര്‍ഷം മുതല്‍ സ്റ്റൈപ്പെന്‍ഡ് നല്‍കുക. ഒരു കുടുബത്തില്‍ നിന്ന് രണ്ടുപേര്‍ക്ക് ധനസഹായത്തിന് അര്‍ഹതയുണ്ട്. അടുത്ത മൂന്നുവര്‍ഷം ധനസഹായം നല്‍കും. എസ്.എസ്.എല്‍.സി.ക്കു മുകളിലുള്ള ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് ടീ ബോര്‍ഡ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നുണ്ട്.

ഇതിനുപുറമേയാണ് 4000 രൂപ സ്റ്റൈപ്പെന്‍ഡ് . 2000-ത്തിലധികം കുട്ടികള്‍ക്ക് പ്രയോജനം ചെയ്യും. കുട്ടികളുടെ ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകര്‍പ്പ് സ്‌ക്കുള്‍ മേലധികാരിയുടെ സാക്ഷ്യപത്രം, പാസ്‌പോര്‍ട്ട് ഫോട്ടോ എന്നിവ സഹിതം അപേക്ഷ നല്‍കണം. അപേക്ഷ സ്വീകരിക്കാന്‍ പ്ലാന്റേഷന്‍ ഇന്‍സ്‌പെക്ടറുടെ സഹകരണത്തോടെ ടീ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ 19-ന് പീരുമേട് കമ്പനി, 20-ന് എം.എം.ജെ പ്ലാന്റേഷന്‍, 22-ന് ബോണക്കാട് എന്നിവടങ്ങളില്‍ സിറ്റിങ് നടത്തുമെന്ന് ടീ ബോര്‍ഡിലെ കേരളത്തില്‍ നിന്നുള്ള ബി.എം.എസ് പ്രതിനിധികളായ പി.മോഹനന്‍, അഡ്വ.എം.പി.ഭാര്‍ഗവന്‍ എന്നിവര്‍ അറിയിച്ചു.  ആനുകൂല്യം ലഭ്യമാക്കാന്‍ ടീ ബോര്‍ഡില്‍ സമ്മര്‍ദ്ദം ചെലുത്തിയ ബോര്‍ഡ് അംഗങ്ങളെ കേരള പ്രദേശ് പ്‌ളാന്‍േറഷന്‍ മസ്ദൂര്‍ ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് റ്റി.രാജേന്ദ്രന്‍ പിള്ള അഭിനന്ദിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.