യുവാവിനെ കൈയേറ്റം ചെയ്‌തെന്ന് സ്‌പെഷ്യല്‍ബ്രാഞ്ച് റിപ്പോര്‍ട്ട്

Friday 15 June 2018 1:25 am IST

പത്തനാപുരം: യുവാവിനെ മര്‍ദ്ദിക്കുകയും അമ്മയോട്  അപമര്യാദയായി പെരുമാറുകയും ചെയ്ത സംഭവത്തില്‍ ഗണേഷ്‌കുമാര്‍ എംഎല്‍എയുടെ വാദം പൊളിയുന്നു. വാഹനത്തിന് സൈഡ് നല്‍കാത്തതിന് ഗണേഷ് കുമാറും പിഎ പ്രദീപും അനന്തകൃഷ്ണനെ കയ്യേറ്റം ചെയ്‌തെന്ന്  സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കി. റൂറല്‍ എസ്പി എസ്.അശോകന് നല്‍കിയ റിപ്പോര്‍ട്ടിലാണ്  ഗണേഷ്  മര്‍ദിച്ചതായി പറയുന്നത്. സംഭവത്തില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് കണ്ടെത്തല്‍ ഇങ്ങനെ:

വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിന് എംഎല്‍എയുടെ വാഹനവും അനന്തകൃഷ്ണന്റെ വാഹനവും ഒരേ ദിശയില്‍ വന്നു. ഗണേഷ്‌കുമാറിന്റെ പിഎ പ്രദീപ് വാഹനത്തില്‍ നിന്നിറങ്ങി അനന്തകൃഷ്ണനോട് വാഹനം മാറ്റാന്‍ ആവശ്യപ്പെട്ടു. എംഎല്‍എയുടെ വാഹനം പിറകോട്ടെടുക്കുന്നതാണ് എളുപ്പമെന്ന് പറഞ്ഞ അനന്തകൃഷ്ണന്റെ തോളിലും തലയിലും ക്ഷുഭിതനായ പ്രദീപ് മര്‍ദിച്ചു. ഇതു കണ്ട് ഇറങ്ങിവന്ന ഗണേഷ്‌കുമാര്‍ കാറിന്റെ താക്കോല്‍ ഊരാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന്  പിടിച്ചുതള്ളുകയും ഇത് ചോദ്യം ചെയ്ത അമ്മ  ഷീനയെ അസഭ്യം പറയുകയും ചെയ്തു. നാട്ടുകാര്‍ കൂടുന്നത് കണ്ട് എംഎല്‍എയും സംഘവും വാഹനത്തില്‍ കയറി സ്ഥലംവിട്ടു. 

സംഭവം നടന്ന മരണവീടിന് സമീപം അഞ്ചല്‍ സിഐ ഉണ്ടായിരുന്നിട്ടും ഒരു നടപടിയും സ്വീകരിച്ചില്ലെന്നും അനന്തകൃഷ്ണന്‍ 'ജന്മഭൂമി'യോട്  പറഞ്ഞു. സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്  മുഖവിലക്കെടുക്കാതെ ഗണേഷിനെ  സംരക്ഷിക്കാനാണ് പോലീസിന്റെ നീക്കം. എന്നാല്‍ സംഭവത്തോട്  പ്രതികരിക്കാന്‍ ഗണേഷ്‌കുമാര്‍ തയ്യാറായിട്ടില്ല.

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.