അനന്തകൃഷ്ണനെ കള്ളക്കേസില്‍ കുടുക്കി; ഗണേഷിനെ രക്ഷിച്ച് പോലീസ്

Friday 15 June 2018 1:26 am IST
എംഎല്‍എയുടെയും പിഎ പ്രദീപിന്റെയും മര്‍ദ്ദനമേറ്റ് ആശുപത്രിയിലായത് പരാതിക്കാരനായ അനന്തകൃഷ്ണനാണെങ്കിലും മാരകായുധം കൊണ്ട് മുറിവേല്‍പ്പിച്ചു എന്നതടക്കമുള്ള വകുപ്പുകള്‍ ചുമത്തി ഇയാള്‍ക്കെതിരെ കേസെടുത്തു. ഇരുകൂട്ടര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തങ്കിലും എംഎല്‍എയെ സംരക്ഷിക്കുന്ന നടപടികളാണ് പോലീസിന്റേത്.

പത്തനാപുരം: അഞ്ചലില്‍ യുവാവിനെ മര്‍ദിക്കുകയും അമ്മയെ  അസഭ്യം പറയുകയും ചെയ്ത സംഭവത്തില്‍ പത്തനാപുരം എംഎല്‍എ കെ.ബി.ഗണേഷ്‌കുമാറിനെ സംരക്ഷിക്കാനുള്ള നെട്ടോട്ടത്തിലാണ് പോലീസ്. അതേസമയം എംഎല്‍എയുടെ മര്‍ദനത്തിന് ഇരയായ അനന്തകൃഷ്ണനെതിരെ  ഗുരുതരമായ വകുപ്പുകള്‍ ചുമത്തി അഞ്ചല്‍ പോലീസ് കേസെടുത്തു. 

വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടോടെ അഞ്ചല്‍ അഗസ്ത്യക്കോട്  ശബരിഗിരി സ്‌കൂളിന് സമീപത്തെ മരണവീട്ടില്‍ പോയി മടങ്ങവെയാണ് സംഭവം. വീതികുറഞ്ഞ റോഡില്‍ കാറിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ചായിരുന്നു അനന്തകൃഷ്ണനെയും അമ്മ ഷീനയെയും മര്‍ദിച്ചത്. സംഭവത്തില്‍ അഞ്ചല്‍ സിഐക്ക് പരാതി നല്‍കിയെങ്കിലും എംഎല്‍എയ്ക്കെതിരെ നിസ്സാരവകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. 

എംഎല്‍എയുടെയും പിഎ പ്രദീപിന്റെയും മര്‍ദ്ദനമേറ്റ് ആശുപത്രിയിലായത് പരാതിക്കാരനായ അനന്തകൃഷ്ണനാണെങ്കിലും മാരകായുധം കൊണ്ട് മുറിവേല്‍പ്പിച്ചു എന്നതടക്കമുള്ള വകുപ്പുകള്‍ ചുമത്തി ഇയാള്‍ക്കെതിരെ  കേസെടുത്തു. ഇരുകൂട്ടര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തങ്കിലും എംഎല്‍എയെ സംരക്ഷിക്കുന്ന നടപടികളാണ് പോലീസിന്റേത്. 

ഐപിസി 294, 323, 341 വകുപ്പുകളാണ് എംഎല്‍എക്കെതിരെ ചുമത്തിയതെങ്കില്‍ 324, 506(1) വകുപ്പുകള്‍ ചുമത്തിയാണ് അനന്തകൃഷ്ണനെതിരെ കേസ് എടുത്തിട്ടുള്ളത്. അതേസമയം, എംഎല്‍എ അശ്ലീലച്ചുവയുള്ള ആംഗ്യങ്ങള്‍ കാട്ടിയതായും നടുറോഡില്‍ അപമാനിക്കാന്‍ ശ്രമിച്ചതായും അനന്തകൃഷ്ണന്റെ അമ്മ ഷീന പരാതിയില്‍  പറയുന്നുണ്ട്. 

എന്നാല്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയല്‍ അടക്കമുള്ള വകുപ്പുകള്‍ ചുമത്താതെ നിസ്സാരവകുപ്പുകള്‍ ചുമത്തിയാണ്  കേസെടുത്തത്.   അനന്തകൃഷ്ണന്‍  അഞ്ചലിലെ  സ്വകാര്യശുപത്രിയില്‍ ചികിത്സയിലാണ്. തന്നെ  അപമാനിച്ച ഗണേഷ്‌കുമാറിനെതിരെ  കേസെടുക്കണമെന്ന് ആവശ്യപ്പെട്ട്  ഷീന പുനലൂര്‍ ഡിവൈഎസ്പിക്ക് ഇന്നലെ പരാതി നല്‍കി. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി മനുഷ്യാവകാശ കമ്മീഷനും വനിതാകമ്മീഷനും പരാതി നല്‍കുമെന്നും ഷീന പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.