നിപയും കേരളവും ആരോഗ്യ വ്യവസായവും

Friday 15 June 2018 1:29 am IST

അന്തകനായ നിപ അതീവരഹസ്യമായി കേരളത്തില്‍ കടന്ന് വന്ന് ഒരങ്കം നടത്തി തിരിച്ചു പോയി. ഈ സംഭവം സാധാരണക്കാരുടെ മനസില്‍ ഒരുപാട് സംശയങ്ങള്‍ മുളപ്പിക്കുന്നുണ്ട്.

ആരോഗ്യവിഭാഗം പ്രവര്‍ത്തകരുടെ നിര്‍ഭയനിഷ്‌കാമകര്‍മത്തിന്റെ ഫലമായാണ് നിപ സലാം ചൊല്ലിയത്. അതിനി തിരിച്ച് വരില്ല എന്നൊരു ഉറപ്പുമില്ല. മലയാളികള്‍ വെറും മണ്ടന്‍മാരല്ലാത്തതുകൊണ്ട് നിപയുടെ ആഗമനത്തെ കണ്ണടച്ച് ഒരു പകര്‍ച്ചവ്യാധിയായി എഴുതിത്തള്ളാന്‍ പ്രയാസമാണ്.

വിദേശങ്ങളില്‍ പോയി ചോര നീരാക്കി അത് ഡോളറും, ദിനാറും, റിയാലും ഒക്കെ ആക്കി വീട്ടിലെത്തിക്കാന്‍ മലയാളി മിടുക്കനാണ്. എന്നാല്‍ ആ വിദേശനാണയങ്ങള്‍ അതേപോലെത്തന്നെ തിരിച്ചങ്ങോട്ടു പോകുന്നത് മലയാളി അറിയുന്നില്ല. മൂന്ന് വഴിയിലൂടെയാണ് അതങ്ങോട്ടുതന്നെ തിരിച്ചെഴുന്നള്ളുന്നത്. അതിലൊന്നാണ് ആരോഗ്യമേഖല. മലയാളിയുടെ സമ്പാദ്യത്തിന്റെ മൂന്നിലൊന്ന് ചോര്‍ന്ന് പോകുന്നത് ഈ വഴിയിലൂടെയാണ്. രസകരമായ ഒരു വസ്തുത, നിപ റിപ്പോര്‍ട്ട് ചെയ്തതിനു ശേഷം മലബാറുകാര്‍ക്ക് രോഗമില്ല എന്നതാണ്. ദിവസേന 2200നു 2400നും ഇടക്ക് രോഗികളാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നത്. നിപ ഭീതി പിടിപെട്ടതോടുകൂടി അത് 300നും 350നും ഇടയിലായി. എന്തേ, മലയാളിക്ക് രോഗമില്ലാഞ്ഞിട്ടാണോ? ഒരുതരം മാനസിക ഭീതിക്കടിമയാണ് മലയാളി. ഫലമോ?  വിദേശരാജ്യങ്ങളില്‍ പോയി അദ്ധ്വാനിച്ചുണ്ടാക്കുന്ന പണം ഔഷധവ്യാപാരത്തിലൂടെ തിരിച്ച് മള്‍ട്ടി നാഷണല്‍ കമ്പനികളിലേക്ക് ഒഴുകുന്നു.

ഹോമിയോ മരുന്ന് നിപ പനിക്ക് കൊള്ളില്ലെന്ന് പറഞ്ഞ് അത് കൊടുത്ത ഡിസ്‌പെന്‍സറി സ്റ്റാഫിനെവരെ സസ്‌പെന്റ് ചെയ്തതിന്റെ ഉദ്ദേശം സംശയിക്കേണ്ടിയിരിക്കുന്നു. മറ്റ് വൈദ്യശാസ്ത്രങ്ങളെപ്പറ്റി ഒരറിവും ഇല്ലാത്ത അലോപ്പതിക്കാരെങ്ങനെയാണ് നിപക്ക് മറ്റ് വൈദ്യശാസ്ത്രങ്ങളില്‍ ചികിത്സയില്ലെന്ന് പറയുക? ഇന്നത്തെപ്പോലെ വിശദമായ ക്ലിനിക്കല്‍ പരിശോധനകള്‍ക്ക് സാധ്യതയില്ലാതിരുന്ന പ്രാചീനകാലത്ത് വികാസം പ്രാപിച്ച ആയുര്‍വ്വേദത്തിലെ അഷ്ടാംഗഹൃദയം ചികിത്സിതം ഒന്നാം ഭാഗത്തുതന്നെ 176 ഓളം ശ്ലോകങ്ങളിലായി പനികള്‍ക്കുള്ള ചികിത്സമാത്രമാണ് വിവരിച്ചിട്ടുള്ളത്. പുറമെ മറ്റു പല ഗ്രന്ഥങ്ങളിലും വൈദ്യകുടുംബങ്ങളുടെ സ്വകാര്യ സ്വത്തായുള്ള ഗ്രന്ഥങ്ങളിലുമായി ജ്വരചികിത്സകള്‍ ഒളിഞ്ഞുകിടപ്പുണ്ട്. ഇവയുടെയെല്ലാം ഫലശ്രുതി പരിശോധിച്ചുറപ്പിക്കണമെങ്കില്‍ അലോപ്പതി തമ്പുരാന്റെ അനുമതി അനിവാര്യമല്ലെ? ഇതിന്റെയെല്ലാം പിറകിലുള്ള ഉദ്ദേശശുദ്ധി സംശയിക്കേണ്ടിയിരിക്കുന്നു. 

ഭാരതം സാമ്പത്തികമായും ശാസ്ത്രീയമായും സൈനികമായും ആരോഗ്യരംഗത്തും മോദിയുടെ നേതൃത്വത്തില്‍ അജയ്യശക്തിയായി കഴിഞ്ഞിരിക്കുന്നൂ എന്ന് ലോകരാഷ്ട്രങ്ങള്‍ക്കറിയാം. ഭാരതത്തെ തളര്‍ത്താനുള്ള മറ്റ് മാര്‍ഗങ്ങളെ ക്കുറിച്ച് ചിന്തിക്കുന്ന പാശ്ചാത്യര്‍ക്ക് മുമ്പില്‍ അവതരിച്ച ഒരു പിടിവള്ളിയല്ലേ നിപ എന്ന് ആര്‍ക്കറിയാം.

ക്യാപ്റ്റന്‍.കെ. വേലായുധന്‍, കണ്ണഞ്ചേരി, കോഴിക്കോട്

ഇന്‍ഷുറന്‍സ് പദ്ധതികള്‍ അട്ടിമറിക്കപ്പെടുമ്പോള്‍

ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കൈക്കൊണ്ട പുരോഗമന പദ്ധതികളിലൊന്നാണല്ലോ പ്രധാനമന്ത്രി വയേവന്ദന യോജന. അറുപത് പിന്നിട്ടവര്‍ക്ക് ആശ്വാസമരുളുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം. നിക്ഷേപിക്കുന്ന തുകയ്ക്ക് എട്ടുശതമാനത്തിലേറെ പലിശ അനുവദിച്ചുകൊണ്ട് പത്തുവര്‍ഷത്തിന് ശേഷം തുക തിരികെ സ്വീകരിക്കാവുന്ന പദ്ധതിയാണിത്. 

അറുപത് പിന്നിട്ടവര്‍ക്ക് അത്യന്തം പ്രയോജനപ്രദമായ ഈ പോളിസി വിതരണം ചെയ്യാന്‍ ഏല്‍പ്പിച്ചത് രാജ്യത്തെ ഇന്‍ഷുറന്‍സ് മേഖലയിലെ രാജാക്കന്‍മാരായി അറിയപ്പെടുന്ന ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയെ തന്നെ. 

സാധാരണഗതിയില്‍ പോളിസിയുടെ നിലവിലുള്ള ഗുണമേന്മ പരിഗണിച്ചാല്‍ ആയിരക്കണക്കിന് കോടികളുടെ നിക്ഷേപം പ്രതീക്ഷിക്കേണ്ട പദ്ധതിയിലെ നിക്ഷേപം ഇഴഞ്ഞുനീങ്ങുന്നതിന്റെ കാരണം ചിലരുടെ പ്രധാമന്ത്രി വിരുദ്ധനയം തന്നെ. സംശയമില്ല.

പ്രധാനമന്ത്രിയുടെ പ്രസ്തുത പോളിസി വില്‍പനയ്ക്ക് യാതൊരുവിധ പ്രോത്സാഹനവും ലഭിക്കുന്നില്ല. ഈ ചിറ്റമ്മനയം, പ്രയോജനം ലഭിക്കേണ്ട അറുപത്പിന്നിട്ട മുതിര്‍ന്ന പൗരന്മാരെയും പ്രധാമന്ത്രിയെതന്നെയും അവഹേളിക്കുന്ന, അപമാനിക്കുന്നതാണെന്ന വസ്തുത രാജ്യവും ജനങ്ങളും സര്‍ക്കാരും ഓര്‍ക്കേണ്ടതാണ്.

സി.പി.ഭാസ്‌കരന്‍, നിര്‍മ്മലഗിരി

ഫ്‌ളക്‌സ് പ്രളയം

പൊതുസ്ഥലങ്ങളും ദേശീയപാതയുള്‍പ്പെടെയുള്ള പാതയോരങ്ങളും ഫ്‌ളക്‌സ് ബോര്‍ഡുകള്‍ കൊണ്ട് നിറഞ്ഞു.  നിയന്ത്രണങ്ങള്‍ കടലാസിലൊതുങ്ങിയതോടെയാണ് അനധികൃതമായി ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചുകൊണ്ടിരിക്കുന്നത്. പൊതുസ്ഥലങ്ങളിലും ദേശീയപാതയോരത്തും ബോര്‍ഡുകള്‍ സ്ഥാപിക്കുമ്പോള്‍ ബന്ധപ്പെട്ടവരുടെ അനുമതി വാങ്ങണമെന്നാണ് നിയമം. എന്നാല്‍ ഇവയെല്ലാം കാറ്റില്‍ പറത്തിയാണ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത്. അനുമതി വാങ്ങാതെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനെതിരെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, പൊലീസ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരാണ് നിയമ നടപടി സ്വീകരിക്കേണ്ടത്. എന്നാല്‍ എതിര്‍പ്പ് വരട്ടെ, പരാതി ലഭിക്കട്ടെ എന്ന നിലപാടിലാണ് അധികൃതര്‍. 

സുഖകരമായ ഗതാഗത തടസ്സം മാത്രമല്ല, ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളെ മൂടിക്കൊണ്ടാണ് പലയിടത്തും ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത്. ഇതുമൂലം ബസ്‌സ്റ്റോപ്പില്‍ കാത്തിരിക്കുന്നവര്‍ക്ക് ബസ് വരുന്നത് കാണാന്‍ കഴിയുന്നില്ല. ചില ഫ്‌ളക്‌സ് ബോര്‍ഡുകള്‍ കാല്‍ നടയാത്രക്കാര്‍ക്കും ബുദ്ധിമുട്ടാകുന്നുണ്ട്.

നിയമം പാലിക്കാന്‍ ആര്‍ക്കും മനസ്സില്ല എന്നതിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ഇത്തരത്തില്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന് രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെ പിന്തുണയുമുണ്ട്. തങ്ങളുടെ ഫോട്ടോകള്‍ ഫ്‌ളക്‌സില്‍ നിരന്നുകഴിഞ്ഞാല്‍ എല്ലാമായി എന്ന് വിശ്വസിക്കുന്നവരാണല്ലോ നേതാക്കളും... പിന്നെ എന്ത് നിയമം...? ആര് ചോദിക്കാന്‍...?. പരിസ്ഥിതിക്ക് ഹാനിയുണ്ടാക്കുന്ന ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നിരോധിക്കണമെന്ന വിവിധ കോണുകളില്‍ നിന്നുള്ള ആവശ്യം സര്‍ക്കാര്‍ അട്ടിമറിച്ചു. സര്‍ക്കാറിന്റെ ചടങ്ങുകള്‍ക്കും പരിപാടികള്‍ക്കും ഫ്‌ളക്‌സ് ഉപയോഗിക്കാന്‍ പാടില്ലെന്ന്  കര്‍ശന നിയന്ത്രണമുണ്ടെങ്കിലും വേലി തന്നെ വിളവ് തിന്നുന്ന അവസ്ഥയാണുള്ളത്. സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ പരിപാടികളിലൊക്കെ ഇപ്പോഴും ഫ്‌ളക്‌സ് ബോര്‍ഡുകള്‍ തന്നെയാണ് സ്ഥാപിക്കുന്നതും ഉപയോഗിക്കുന്നതും.

വൈദ്യുതി പോസ്റ്റുകളില്‍ അനധികൃതമായി സഥാപിച്ചിരിക്കുന്ന ഫ്‌ളക്‌സ് ബോര്‍ഡുകള്‍ എടുത്തുമാറ്റണം. ഇതൊന്നും മുഖവിലക്കെടുക്കാതെയാണ് പാരിസ്ഥിതിക പൊതുജനാരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന ഫ്‌ളക്‌സ് ബോര്‍ഡുകള്‍ അനധികൃതമായി സ്ഥാപിക്കുന്നത്. 

വിദ്യ.എസ്, കോഴഞ്ചേരി

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.