അടുക്കളയല്ല സ്ത്രീകളുടെ ലോകം

Friday 15 June 2018 1:30 am IST
സര്‍ക്കാര്‍ വിചാരിച്ചാല്‍ മാത്രം ലിംഗസമത്വം സാധ്യമാവില്ല. സമൂഹംകൂടി കൈകോര്‍ക്കണം. അടുക്കളവിട്ടിറങ്ങി, പ്രതിഫലം ലഭിക്കുന്ന തൊഴിലുകളിലേക്ക് മാറാന്‍ സ്ത്രീകളെ പ്രോത്സാഹിപ്പിക്കേണ്ട ഉത്തരവാദിത്ത്വം പുരുഷന്‍മാരുടേതാണ്. അതിനായി അവരെ അടുക്കളയില്‍ സഹായിക്കാന്‍ പുരുഷന്‍മാര്‍ തയ്യാറാകട്ടെ. സ്ത്രീകള്‍ക്ക് മറ്റു തൊഴിലുകള്‍ക്കുള്ള സമയംകൂടി അങ്ങനെ ലഭ്യമാകും.

ന്ത്യയുടെ ജിഡിപി വളര്‍ച്ചയില്‍ വനിതകള്‍ വഹിക്കുന്ന പങ്കിനെ വാഴ്ത്തിപ്പാടാനൊരുങ്ങുകയാണു നമ്മള്‍. സ്വദേശി ജാഗരണ്‍ മഞ്ച് ഈ സാമ്പത്തിക വര്‍ഷം(2018-19) മഹിളാ വര്‍ഷമായി ആഘോഷിക്കും.   2030 ആകുമ്പോഴേയ്ക്കും ഇന്ത്യന്‍ ജിഡിപി, വളര്‍ച്ചാ നിരക്കില്‍ മാന്ത്രിക സംഖ്യയില്‍ എത്തുമെന്നാണു കണക്കുകൂട്ടല്‍. അതില്‍ വനിതകളുടെ സംഭാവനയേക്കുറിച്ചു ചിന്തിക്കുമ്പോള്‍, നമ്മള്‍ പലപ്പോഴും മറന്നു പോകുന്ന ചിലതുണ്ട്.  കുടുംബ ഭരണത്തില്‍ സ്ത്രീകള്‍ വഹിക്കുന്ന പങ്ക് കണക്കുകളിലെങ്ങും വരാറില്ലല്ലോ. കുടുംബ ഭദ്രത സ്ത്രീകളുടെ കയ്യിലാണ്. കുട്ടികളുടെ പരിചരണവും സ്വഭാവ രൂപീകരണവും വഴി ഭാവി തലമുറയെ വാര്‍ത്തെടുക്കല്‍, പാചകം, ശുചീകരണം എല്ലാം അവരുടെ ചുമതലയില്‍വരും. ആഗോളതലത്തില്‍ ഉയര്‍ത്തിക്കാട്ടുന്ന ജിഡിപിയുടെ ഏതു കണക്കിലാണ് ഇതൊക്കെ ഉള്‍പ്പെടുത്താറുള്ളത്? 

ലോക ഇക്കോണമിക് ഫോറത്തിന്റെ അടുത്തകാലത്തെ പഠന റിപ്പോര്‍ട്ട് അനുസരിച്ച്  ലിംഗ സമത്വത്തില്‍ ഏറ്റവും  മുന്നില്‍ നില്‍ക്കുന്നത് ഐസ്‌ലാന്‍ഡ് എന്ന കൊച്ചു രാജ്യമാണ്. കഴിഞ്ഞ വര്‍ഷം ഈ പട്ടികയില്‍ 108 ാം സ്ഥാനത്ത് നിന്ന ഇന്ത്യ, ഈ വര്‍ഷം 21 സ്ഥാനങ്ങള്‍ പിന്നിലെക്ക് പോയി.  പട്ടിക തയ്യാറാക്കിയതിന്റെ മാനദണ്ഡം എന്തായിരുന്നാലും ശരി, ഭാരതത്തില്‍ സ്ത്രീകളുടെ ഉന്നമനത്തിനായി എന്തെങ്കിലും ചെയ്‌തേ പറ്റൂ എന്ന് അത് ഓര്‍മ്മിപ്പിക്കുന്നു. അപ്പോഴും ചോദ്യം അവശേഷിക്കുന്നു: ആരു ചെയ്യും ?  

1975ല്‍ വീട്ടമ്മമാര്‍ മുതല്‍ ഉദ്യാഗസ്ഥവരെയുള്ള 25000 സ്ത്രീകള്‍ ഐസ്‌ലാന്‍ഡില്‍ നടത്തിയ പ്രക്ഷോഭത്തിന്റെ ഫലമാണ് അവിടുത്തെ സ്ത്രീ പുരുഷ സമ്മത്വത്തിലെ മൂന്‍ക്കം. ഭാരതത്തിലെ സ്ത്രീകളും സമത്വത്തിനായി നാളെ നിരത്തിലിറങ്ങേണ്ടി വരുമോ?  

ഇക്കണോമിക് ഫോറം പട്ടിക തയ്യാറാക്കിയത്  ആരോഗ്യം, വിദ്യാഭ്യാസം, സാമ്പത്തികം, രാഷ്ട്രീയം എന്നീ ഘടകങ്ങള്‍ പരിഗണിച്ചാണ്. അതില്‍ ഭാരതം പിന്തള്ളപ്പെട്ടു പോയതിന്റെ പ്രധാനകാരണം ഇവിടെ സ്ത്രീകള്‍ ആരോഗ്യം, അതിജീവനം എന്നീ ഘടകങ്ങളില്‍ പിന്നിലായതാണ്.

സ്ത്രീകളുടെ സാമ്പത്തികമുന്നേറ്റം, ജോലി, അവസരങ്ങള്‍ എന്നീ മേഖലകളിലും ഇന്ത്യ പിന്നില്‍ത്തന്നെ.   ഇതിന് കാരണം ഭാരതത്തിലെ സ്ത്രീകളില്‍ 28% മാത്രമാണ് പ്രതിഭലം ലഭിക്കുന്ന ജോലികള്‍ ചെയ്യുന്നതാണ്. 66% സ്ത്രീകളും വീട്ടുജോലികള്‍ ചെയ്തു ജീവിക്കുന്നു. സ്ത്രീകളുടെ വിദ്യാഭ്യാസ കാര്യത്തില്‍ ഭാരതം 112-ാം സ്ഥാനത്താണെങ്കിലും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തില്‍ ഒന്നാമതാണ്. രാഷ്ട്രീയ ശാക്തീകരണത്തില്‍ 15ാം സ്ഥാനം. പക്ഷേ, രാഷ്ട്രീയത്തിലെ സ്ത്രീ സാനിധ്യം 20%ല്‍ താഴെയാണ്.

ലിംഗ സമത്വം സാമൂഹികം മാത്രമല്ല സാമ്പത്തിക വളര്‍ച്ചയെകൂടി സ്വാധിനിക്കുന്നുണ്ട്. സ്ത്രീകള്‍ അടുക്കളയില്‍ ഒതുങ്ങുന്നത് ആഗോള സാമ്പത്തികത്തെവരെ ബാധിക്കും. 

സര്‍ക്കാര്‍ മാത്രം വിചാരിച്ചാല്‍ ലിംഗസമത്വം സാധ്യമാവില്ല. സമൂഹംകൂടി കൈകോര്‍ക്കണം. അടുക്കളവിട്ടിറങ്ങി,  പ്രതിഫലം ലഭിക്കുന്ന തൊഴിലുകളിലേക്ക് മാറാന്‍ സ്ത്രീകളെ പ്രോത്സാഹിപ്പിക്കേണ്ട ഉത്തരവാദിത്തം പുരുഷന്‍മാരുടേതാണ്. അതിനായി അവരെ അടുക്കളയില്‍ സഹായിക്കാന്‍ പുരുഷന്‍മാര്‍ തയ്യാറാകട്ടെ. സ്ത്രീകള്‍ക്കു മറ്റു തൊഴിലുകള്‍ക്കുള്ള സമയംകൂടി അങ്ങനെ ലഭ്യമാകും.

ഇതു മുന്നില്‍ കണ്ടാണു കേന്ദ്ര സര്‍ക്കാര്‍ ബേട്ടി ബച്ചാവോ ബേട്ടി പഠാവോ തുടങ്ങിയ പദ്ധതികള്‍ നടപ്പിലാക്കിയത്. 2015ല്‍ സ്ത്രീകള്‍ക്ക് ഗ്യാസ് അടുപ്പുകള്‍ കൊടുക്കുന്നതിനുള്ള പദ്ധതി സര്‍ക്കാര്‍ മൂന്ന് സംസ്ഥാനങ്ങളില്‍ നടത്തിയിരുന്നു. ഇതുവഴി, ആ സംസ്ഥാനങ്ങളിലെ സ്ത്രീകള്‍  അടുക്കളയില്‍ ചിലവിടുന്ന സമയം പകുതിയായി കുറഞ്ഞു.

സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കിയാലും അതിന്റെ യഥാര്‍ഥ പ്രയോജനം കിട്ടണമെങ്കില്‍ നിലവിലെ സാമൂഹിക വ്യവസ്ഥിതിമാറണം. തങ്ങള്‍ അടുക്കളയില്‍ ഒതുങ്ങണ്ടവരല്ല എന്ന ബോധം സ്ത്രീകള്‍ക്ക് ഉണ്ടാകണം. സര്‍ക്കാരിനോപ്പം എല്ലാവരും കൈകോര്‍ത്താലേ ആ മാറ്റം വരുത്താനാകൂ. അതു വന്നാല്‍ സ്ത്രീകളെ പൊതു രംഗങ്ങളില്‍ സാഹായിക്കാന്‍ പുരുഷന്‍മാരും മുന്നോട്ടുവരും. പെണ്‍ക്കുട്ടികള്‍ക്ക് മികച്ച ജീവിതലക്ഷ്യമുണ്ടാക്കിയെടുക്കാനുള്ള പ്രത്യേക പരിശീലന പദ്ധതി സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നുണ്ട്. അതു പ്രയോജനപ്പെടുത്തി സ്വന്തമായി സംരംഭങ്ങള്‍ തുടങ്ങാനുള്ള ആത്മവിശ്വാസം സ്ത്രീകള്‍ ആര്‍ജിക്കണം. 

മക്കിന്‍സി ഗ്ലോബല്‍ ഇന്‍സ്റ്റിറ്റൂട്ട് ഭാരതത്തിലെ സ്ത്രീ സമത്വത്തേയും ശാക്തീകരണത്തേയും കുറിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടനുസരിച്ച് 68 ദശലക്ഷം സ്ത്രീകളേക്കൂടി കാര്‍ഷികേതര തൊഴില്‍, സംരംഭക മേഖലയിലേയ്ക്കു കൊണ്ടുവരാന്‍ ശ്രദ്ധിക്കേണ്ട എട്ടു കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 

റിപ്പോര്‍ട്ടുകളും പദ്ധതികളും വരുമ്പോഴും മനസ്സില്‍ കുറിക്കേണ്ട ഒന്നുണ്ട്. സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണം എന്നതു സ്ത്രീകളുടെ മാത്രം പ്രശ്‌നമല്ല. അതു സമൂഹം ഒന്നായി ഏറ്റെടുക്കണം. മാറ്റം അനിവാര്യവുമാണ്. സ്ത്രീ ശാക്തീകരണം എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്, പെണ്‍കുട്ടികള്‍ക്ക് അവരുടെ ജീവിതത്തേക്കുറിച്ചു തീരുമാനമെടുക്കാനും അതനുസരിച്ചു പ്രവര്‍ത്തിക്കാനുമുള്ള കഴിവു വളര്‍ത്തുക എന്നതാണ്. ആ കഴിവു പ്രാവര്‍ത്തികമാക്കാന്‍ ചുറ്റുപാടുകള്‍ അവളെ അനുവദിക്കണം. അതു സാധ്യമായാല്‍ വിദ്യാഭാസവും ആരോഗ്യവും സാമ്പത്തിക ശേഷിയുമുള്ള സുരക്ഷിതരായ വനിതാ തലമുറ വളര്‍ന്നു വരും. 

സ്ത്രീശാക്തീകരണം: ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

1. വിദ്യാഭ്യാസ മേഖലയില്‍ സ്ത്രീപുരുഷ അന്തരം കുറയ്്്ക്കുക

2. തൊഴിലവസര സൃഷ്ടി ലളിതവല്‍ക്കരിക്കുക 

3. പ്രധാന മേഖലകളില്‍ സ്ത്രീകള്‍ക്കു നൈപുണ്യ പരിശീലന സാധ്യത വര്‍ധിപ്പിക്കുക 

4. സാമ്പത്തിക, സാങ്കേതിക സേവനങ്ങള്‍ കൂടുതല്‍ സ്ത്രീ സംരംഭകരിലേയ്ക്ക് എത്തിക്കുക

5 സ്വകാര്യ മേഖലയില്‍ ലിംഗ വൈവിധ്യ നയം നടപ്പാക്കുക 

6 സ്ത്രീകള്‍ക്കുള്ള നിയമ പരിരക്ഷ കൂടുതല്‍ ശക്തമാക്കുക 

7. ഗാര്‍ഹിക ജോലിഭാരം കുറയ്ക്കാന്‍ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക

8 സമൂഹത്തിലും തൊഴിലിലും സ്ത്രീ പങ്കാളിത്തത്തേക്കുറിച്ചുള്ള കാഴ്ചപ്പാടില്‍ മാറ്റം വരുത്തുക  

 

(സ്വദേശി ജാഗരണ്‍ മഞ്ച് സംസ്ഥാന കണ്‍വീനറാണു ലേഖകന്‍)

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.