വായനശാലകള്‍ മരിക്കാതിരിക്കട്ടെ

Friday 15 June 2018 1:32 am IST
അറിവ് ആയുധമാണ്. മലയാളിയെ വായിച്ച് വളരാന്‍ ഉദ്ബോധിപ്പിച്ച പി.എന്‍. പണിക്കര്‍ സ്ഥാപിച്ചത് അറിവിന്റെ കരുത്താണ്. ആ കരുത്ത് സംരക്ഷിക്കാനുള്ള യജ്ഞത്തിനായിരിക്കണം ഇത്തവണത്തെ വായനാദിനത്തില്‍ മുന്‍ഗണന. കക്ഷി രാഷ്ട്രീയത്തിന്റെ അതിപ്രസരത്തെ അകറ്റി നിര്‍ത്താം. പണിക്കരോട് കാണിക്കാവുന്ന വലിയ കടപ്പാട് അതു തന്നെയാണ്.

ഭാരതീയ ജനസംഘമെന്ന രാഷ്ട്രീയപ്പാര്‍ട്ടി ഉണ്ടായിരുന്ന കാലത്ത് അതിന്റെ നേതാവ് ലാല്‍ കൃഷ്ണ അദ്വാനി കോഴിക്കോട്ട് റയില്‍വേ സ്റ്റേഷനില്‍ എത്തി. ആര്‍എസ്എസ് കാര്യാലയത്തിലേക്കാണ് പോകേണ്ടത്. അദ്ദേഹം ഒരു  സൈക്കിള്‍റിക്ഷയില്‍ കയറി. പോകേണ്ട സ്ഥലവും പറഞ്ഞു. എന്നാല്‍ റിക്ഷാക്കാരന്‍ ഗഹനമായ പത്രവായനയിലാണ്. കാത്തിരുന്നു സഹികെട്ടപ്പോള്‍ അദ്വാനിജി റിക്ഷാക്കാരനോട് വണ്ടി വിട്ടുപോകാന്‍ ആവശ്യപ്പെട്ടു. 'ക്ഷമിക്കൂ സഹോദരാ വായിച്ചു കഴിയട്ടെ....' എന്നായിരുന്നു  മറുപടി. മലയാളികളുടെ വായനാശീലത്തെക്കുറിച്ചു പറയാന്‍ അദ്വാനി തന്നെ ഒരു ചടങ്ങില്‍ പറഞ്ഞതാണിത്.

പത്രവായന ഇന്നും മലയാളികളുടെ ശീലമാണ്. ഇത്രയധികം വാര്‍ത്താചാനലുകളും വാര്‍ത്താധീഷ്ഠിത പരിപാടികളും വിനോദപരിപാടികളുമെല്ലാം ദൃശ്യങ്ങളായി സ്വീകരണമുറികളിലേക്ക് എത്തുന്നുണ്ടെങ്കിലും അതിരാവിലെ ഒരു പത്രം കിട്ടിയില്ലെങ്കില്‍ അസ്വസ്ഥരാകുന്നവരാണ് മലയാളികള്‍. രാവിലത്തെ ചായയ്‌ക്കൊപ്പം പത്രവും എന്നതൊരു സ്വഭാവമായി മലയാളികളില്‍ വളര്‍ന്നതിനു പിന്നില്‍ അവരുടെ വായനാശീലമാണെന്നത് തര്‍ക്കമില്ലാതെ പറയാം. അതിനു സഹായിച്ചത് ഗ്രന്ഥശാലകളാണ്. നാടെന്നും നഗരമെന്നും വ്യത്യാസമില്ലാതെ ആയിരക്കണക്കിനു ഗ്രന്ഥശാലകള്‍ ഉണ്ടായപ്പോള്‍ സമൂഹമൊന്നടങ്കം അവിടം കേന്ദ്രമാക്കുകയും നാട്ടില്‍ വലിയ സാംസ്‌കാരികവിപ്ലവത്തിന് വഴിവയ്ക്കുകയും ചെയ്തു. വായിച്ചുവളരുക എന്നതായിരുന്നു കേരളത്തിലെ ഗ്രന്ഥശാലകളുയര്‍ത്തിയ മുദ്രാവാക്യം. പിന്നീട് ഗ്രന്ഥശാലകള്‍ ഒന്നിച്ചു ചേര്‍ന്ന് കൂട്ടമാകുകയും അത് പിന്നീട് സൊസൈറ്റി പ്രസ്ഥാനമാകുകയും ചെയ്തു. രാഷ്ട്രീയക്കാര്‍ അതിന്റെ നേതൃത്വത്തിനായി തമ്മിലടി നടത്തി. തനി രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ വേദിയായി അതു മാറുകയും ചെയ്‌തെങ്കിലും നമ്മുടെ നാട്ടിലെ വായനശാലകള്‍ നിര്‍വഹിച്ച മഹത്തായ കര്‍മത്തിന്റെ ഫലം തലമുറകളോളം മലയാളികളെ മറ്റുള്ളവര്‍ക്കിടയില്‍ സംസ്‌കാര സമ്പന്നരായി നിലനിര്‍ത്തുക തന്നെ ചെയ്തു.

നാടൊട്ടുക്കും വായനശാലകളും ഗ്രന്ഥശാലകളും സ്ഥാപിക്കുകയും അക്ഷരമറിയാത്ത സാധാരണജനങ്ങളെ അറിവിന്റെ ലോകത്തേക്ക് കൈപിടിച്ചുയര്‍ത്തുകയും ചെയ്യുന്നത് ജീവിതവ്രതമാക്കിയ ഒരാള്‍ നമുക്കിടയില്‍ ഉണ്ടായിരുന്നു. പി.എന്‍. പണിക്കര്‍. കേരളത്തിന്റെ മുക്കിലും മൂലയിലും അദ്ദേഹം വായനയുടെ മഹത്വം ഉദ്‌ബോധിപ്പിച്ചു. വായനശാലകളുടെ ധര്‍മത്തെക്കുറിച്ചു പറഞ്ഞു. അതില്‍ നിന്നുണ്ടാകുന്ന പ്രയോജനം എന്താണെന്നറിയിച്ചു. പണിക്കര്‍ സഹിച്ച യാതനകള്‍കള്‍ക്ക് കണക്കില്ല. ഒന്നുമില്ലായ്മയില്‍ നിന്നായിരുന്നു അദ്ദേഹം  പ്രവര്‍ത്തനം തുടങ്ങിയത്. ആദ്യഘട്ടത്തില്‍ കുറച്ചു പുസ്തകങ്ങളുമായി വീടുകള്‍ തോറും കയറിയിറങ്ങി. ആവശ്യക്കാര്‍ക്ക് പുസ്തകങ്ങള്‍ നല്‍കി. പിന്നീടത് വായനയില്‍ താത്പര്യമുള്ളവരുടെ ചെറുതും വലുതുമായ കൂട്ടമായി. വായനശാലകളായി. ഇന്നത് വളര്‍ന്നു വളര്‍ന്ന് ഗ്രന്ഥശാലാ പ്രസ്ഥാനമായി. പി.എന്‍. പണിക്കര്‍ ചെയ്ത മഹാപുണ്യത്തിന് മലയാളികള്‍ നല്‍കുന്ന ആദരമാണ് ജൂണ്‍ പത്തൊമ്പതിന് വായനാദിനമായി ആചരിക്കുന്നത്.

1926ല്‍ പണിക്കരുടെ നേതൃത്വത്തില്‍ നീലംപേരൂരില്‍ സ്ഥാപിച്ച സനാതനധര്‍മ വായനശാലയുടെ പ്രവര്‍ത്തനമാണ് മലയാളനാട്ടില്‍ വായനശാലാ വിപ്ലവത്തിന് വിത്തുപാകിയത്. ഗാന്ധിയന്‍ ആദര്‍ശങ്ങളില്‍ തത്പരരായ ഒരുസംഘം യുവാക്കളായിരുന്നു പണിക്കര്‍ക്ക് കൂട്ട്. നീലംപേരൂര്‍ ഭഗവതിക്ഷേത്രത്തിനു സമീപമുള്ള ആല്‍ത്തറയില്‍ വൈകുന്നേരങ്ങളില്‍ ഒരുമിച്ചുകൂടി ലോകകാര്യങ്ങള്‍ ചര്‍ച്ച ചെയ്യാറുണ്ടായിരുന്നു അവര്‍. പണിക്കര്‍ അവരുമായി സൗഹൃദം സ്ഥാപിക്കുകയും അവരിലൊരാളാകുകയും ചെയ്തു. അദ്ദേഹത്തിന്റെ സ്വാധീനം അവരില്‍ വായനയില്‍ താത്പര്യം ഉണ്ടാക്കി. അന്ന് ലഭ്യമായിരുന്ന പത്രങ്ങള്‍ അവിടെ പതിവായി വായിക്കാന്‍ തുടങ്ങി. ഇത് ആല്‍ത്തറയിലെത്തുന്നവരുടെ എണ്ണം കൂട്ടി. 

ആ കൂട്ടായ്മയാണ് സനാതനധര്‍മ വായനശാലയിലേക്കുയര്‍ന്നത്. 1945ല്‍ പണിക്കര്‍ മുന്‍കയ്യെടുത്ത് അമ്പലപ്പുഴയില്‍ തിരുവതാംകൂര്‍ സ്റ്റേറ്റ് ഗ്രന്ഥശാലാസംഘം രൂപീകരണയോഗം വിളിച്ചു. 47 ഗ്രന്ഥശാലകളുടെ പ്രതിനിധികള്‍ പങ്കെടുത്തു. യോഗം ഉദ്ഘാടനം ചെയ്തത് അന്നത്തെ ദിവാനായിരുന്ന സര്‍ സി.പി. രാമസ്വാമി അയ്യരായിരുന്നതിനാല്‍, സിപിയോടുള്ള പ്രതിഷേധം കാരണം തിരുവിതാംകൂറില്‍ അന്നുണ്ടായിരുന്ന ഭൂരിപക്ഷം ഗ്രന്ഥശാലകളും പങ്കെടുത്തില്ല. ഈ സംഘത്തിന് സര്‍ക്കാര്‍ അംഗീകാരം ലഭിക്കുകയും 1946 മുതല്‍ പ്രവര്‍ത്തന ഗ്രാന്റ് അനുവദിക്കുകയും ചെയ്തു. 1977ല്‍ കേരള ഗ്രന്ഥശാലാ സംഘം നിയമം വന്നതോടെയാണ് ലൈബ്രറി കൗണ്‍സില്‍ സര്‍ക്കാരിന്റെ ഭാഗമായത്. ആയുസ്സിന്റെ വലിയോരളവും വായനശാലാ പ്രസ്ഥാനത്തിന് സമര്‍പ്പിച്ച പണിക്കര്‍ ദീര്‍ഘകാലം കേരള ഗ്രന്ഥശാലാ സംഘത്തിന്റെ ഭാരവാഹിയായിരുന്നു. 

1978 ഒക്ടോബര്‍ 2ന് മഞ്ചേശ്വരത്തുനിന്ന് പണിക്കരുടെ നേതൃത്വത്തില്‍ ആരംഭിച്ച സാക്ഷരതാ പ്രചാരണജാഥ മലയാളികള്‍ക്ക് പുതിയ അനുഭവമായിരുന്നു. നാട്ടിലെമ്പാടും വായനശാലകള്‍ സ്ഥാപിക്കാന്‍ കര്‍മപദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കി. സാക്ഷരകേരളം സുന്ദരകേരളം എന്ന ആശയം ആദ്യമായവതരിപ്പിച്ചത് അദ്ദേഹമാണ്. ഇന്ന് നമ്മുടെ നാട് സമ്പൂര്‍ണ സാക്ഷരത നേടിയെന്നും വായനയിലും സംസ്‌കാരത്തിലും നമ്മളെല്ലാം മുന്നിലാണെന്നും പറയുമ്പോഴും അതെത്രത്തോളം ശരിയാണെന്ന ആത്മപരിശോധന നടത്തേണ്ടിയിരിക്കുന്നു. തുടര്‍ സാക്ഷരതായജ്ഞം വിജയമായിരുന്നില്ല. നൂറുശതമാനം സാക്ഷരതയെന്ന ലക്ഷ്യത്തില്‍ നിന്ന് നമ്മള്‍ പിന്നാക്കം പോയി. നമ്മുടെ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ കേന്ദ്രീകൃതമായപ്പോള്‍ ആത്മാര്‍ഥത നഷ്ടമായി. കേരളത്തിലെ ഗ്രന്ഥശാലകള്‍ക്കും അതു തന്നെയാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്. പി.എന്‍. പണിക്കര്‍ നിസ്വാര്‍ഥമായാണ് പ്രവര്‍ത്തിച്ചത്. അദ്ദേഹം പുസ്തകങ്ങളുടെയും അക്ഷരങ്ങളുടെയും പ്രചാരകനായിരുന്നു. 

അദ്ദേഹം സ്ഥാപിച്ച ഗ്രന്ഥശാലാ സംഘമെന്ന പ്രസ്ഥാനവും കേരളത്തിലുടനീളമുള്ള വായനശാലകളും ഇന്ന് രാഷ്ട്രീയാതിപ്രസരത്തിന്റെ പിടിയിലാണ്. ഗ്രന്ഥശാലാ സംഘത്തിന് സര്‍ക്കാര്‍ ഗ്രാന്റും ആസ്ഥാനവും സൗകര്യങ്ങളുമെല്ലാമുണ്ടായപ്പോള്‍ ഭരിക്കാന്‍ ആഗ്രഹിച്ചെത്തുന്നവരുടെ എണ്ണം കൂടി. രാഷ്ട്രീയാദര്‍ശങ്ങള്‍ പ്രകടിപ്പിക്കാനുള്ള വേദിയായും ചിലര്‍ ഗ്രന്ഥശാലാ പ്രസ്ഥാനത്തെ കണ്ടു. ഇന്ന് കേരളത്തിലെ പ്രധാനപ്പെട്ട വായനശാലകളിലെല്ലാം തെരഞ്ഞെടുപ്പിലൂടെയാണ് ഭരിക്കാനുള്ളവരെ നിശ്ചയിക്കുന്നത്. ഓരോ തെരഞ്ഞെടുപ്പും വലിയ സംഘര്‍ഷത്തിലാണ് അവസാനിക്കുന്നത്. അല്ലെങ്കില്‍ മിക്ക വായനശാലകളും കയ്യൂക്കിന്റെ ബലത്തില്‍ പിടിച്ചടക്കപ്പെടുന്നു. 

സംസ്ഥാന ലൈബ്രറി കൗണ്‍സിലിലേക്കുള്ള തെരഞ്ഞെടുപ്പും രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിലായി. ഇഷ്ടമില്ലാത്ത വായനശാലകള്‍ക്ക് ഗ്രാന്റ് നല്‍കാതെയും സഹായിക്കാതെയും തകര്‍ക്കാന്‍ ശ്രമിക്കുന്നു. ഇത്തവണത്തെ വായനാദിനത്തിന്റെ സന്ദേശം ഗ്രന്ഥശാലകള്‍ മരിക്കാതിരിക്കാന്‍ ലക്ഷ്യം വച്ചുള്ളതാകണം. കക്ഷി രാഷ്ട്രീയത്തിന്റെ അതിപ്രസരം അവിടെനിന്നെങ്കിലും അകറ്റി നിര്‍ത്താം. അറിവ് ആയുധമാണ്. മലയാളിയെ വായിച്ച് വളരുകയെന്ന് ഉദ്‌ബോധിപ്പിച്ചതിലൂടെ പണിക്കര്‍ സ്ഥാപിച്ചത് അറിവിന്റെ കരുത്താണ്. ആ കരുത്ത് സംരക്ഷിക്കാനുള്ള യജ്ഞത്തിനായിരിക്കണം ഇത്തവണത്തെ വായനാദിനത്തില്‍ മുന്‍ഗണന. പി.എന്‍.പണിക്കരോട് കാണിക്കാവുന്ന വലിയ കടപ്പാടും അതു തന്നെയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.