വയനാടും കണ്ണൂരിലെ മലയോരവും ഒറ്റപ്പെട്ടു

Friday 15 June 2018 1:37 am IST

കോഴിക്കോട്/കണ്ണൂര്‍: കനത്ത മഴയില്‍ കണ്ണൂര്‍ ജില്ലയിലെ മലയോരമേഖലയും വയനാടും  ഒറ്റപ്പെട്ടു. കണ്ണൂര്‍  പൈതല്‍മല-പൊട്ടന്‍പ്ലാവ് റോഡില്‍ ഉരുള്‍പൊട്ടി.  രാവിലെ 11 മണിയോടെയാണ് ഉരുള്‍പൊട്ടിയത്. നിരവധി കൃഷിയിടങ്ങള്‍ ഒലിച്ചുപോയി. കഴിഞ്ഞ ദിവസം ഉരുള്‍പൊട്ടലില്‍ മാക്കൂട്ടം മുതല്‍ ചുരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നാശനഷ്ടങ്ങളുണ്ടായ പശ്ചാത്തലത്തില്‍ തലശ്ശേരി-മൈസൂര്‍ അന്തര്‍സംസ്ഥാന പാതയില്‍ കര്‍ണാടക കുടക് ജില്ലയിലെ പെരുമ്പാടിക്കും മാക്കൂട്ടത്തിനും ഇടയില്‍ ജൂലൈ 12 വരെ വാഹന ഗതാഗതവും നിരോധിച്ചതായി കുടക് ജില്ലാ ഡെപ്യൂട്ടി കമീഷണര്‍ അറിയിച്ചു.

താമരശേരിയില്‍ സഹ്യപര്‍വ്വത മലനിരകളിലെ അതീവ സാന്ദ്രതാ പ്രദേശത്താണ് ഉരുള്‍പൊട്ടിയത്.  വയനാട്ടിലേക്കുള്ള താമരശ്ശേരി കുറ്റ്യാടി ചുരത്തിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടു. ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതിനെതുടര്‍ന്ന് കക്കയം ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. അധിക ജലം പെരുവണ്ണാമൂഴി ഡാമിലൂടെ കുറ്റ്യാടിപുഴയില്‍ എത്താന്‍ സാധ്യതയുള്ളതിനാല്‍  സമീപ വാസികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. കൊയിലാണ്ടി വടകര താലൂക്കുകളിലെ കിഴക്കന്‍ ഭാഗങ്ങളില്‍ നിന്ന് നിരവധി കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. കൊയിലാണ്ടി താലൂക്കില്‍ 80 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. കക്കയം ഡാമിന് സമീപമുള്ള റോഡുകള്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് തകര്‍ന്നതിനാല്‍ 40 ഓളം കുടുംബങ്ങള്‍ ഒറ്റപ്പെട്ടു.  കക്കാട് വില്ലേജില്‍ 40 ഓളം കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി.

വയനാട്ടില്‍ ഭൂരിഭാഗം പ്രദേശങ്ങളും വെള്ളത്തിനടിയിലായി.114.8 മി.മീ മഴയാണ് വ്യാഴാഴ്ച രേഖപ്പെടുത്തിയത്. കാരാപ്പുഴ അണക്കെട്ടിന്റെ ഷട്ടറുകള്‍ ഇന്നലെ തുറന്നു.വെള്ളപ്പൊക്ക ഭീഷണി മാറാന്‍ വയനാട്ട് ജില്ലാ കളക്ടറുടെ അഭ്യര്‍ത്ഥന പ്രകാരം കര്‍ണ്ണാടകം ബീച്ചനഹള്ളി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു. 76 ദുരിതാശ്വാസ ക്യാമ്പുകളിലായി 950 പേരെ മാറ്റിപ്പാര്‍പ്പിച്ചു. ഗ്രാമീണ പാതകളിലെല്ലാം വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. വാളാരം കന്നില്‍ ചെറിയ തോതില്‍ ഉരുള്‍പൊട്ടി. ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ടു്.

നിലമ്പൂര്‍ മതില്‍മൂലയില്‍ മലവെള്ളപ്പാച്ചില്‍ മൂലം 13 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു.

മലപ്പുറത്ത് തിരൂര്‍ കൂട്ടായില്‍ മത്സ്യബന്ധനത്തിനിടെ കഴിഞ്ഞ ദിവസം കാണാതായ കുട്ട്യാമുവിന്റെ പുരയ്ക്കല്‍ ഹംസയുടെ മൃതദേഹം ചാവക്കാട് കടപ്പുറത്ത് നിന്ന് കണ്ടെത്തി. ചാലിയാര്‍ പുഴയില്‍ കാണാതായ ആളെ കണ്ടെത്താന്‍ ജില്ലാ കളക്ടര്‍ നാവികസേനയുടെ സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.