ഉമ്മന്‍ചാണ്ടിക്ക് വലുത് ഗ്രൂപ്പ് മാത്രം: പി.ജെ കുര്യന്‍

Friday 15 June 2018 1:39 am IST

ന്യൂദല്‍ഹി: ഉമ്മന്‍ചാണ്ടിക്കെതിരെ വിമര്‍ശനം തുടര്‍ന്ന് പി.ജെ കുര്യന്‍. ഉമ്മന്‍ചാണ്ടിക്ക് എല്ലാക്കാലവും പാര്‍ട്ടിയേക്കാള്‍ വലുത് ഗ്രൂപ്പ് മാത്രമാണെന്നും തന്നെയും പി.സി ചാക്കോയെയും വെട്ടിനിരത്തിയത് ഉമ്മന്‍ചാണ്ടിയാണെന്നും പി.ജെ കുര്യന്‍ പറഞ്ഞു. രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് വിട്ടു നല്‍കിയതിനെതിരായ എ.കെ ആന്റണിയുടെ അതൃപ്തി മുതലെടുത്ത് ഉമ്മന്‍ചാണ്ടിക്കെതിരായ ആക്രമണങ്ങള്‍ കുര്യന്‍ ശക്തമാക്കിയിട്ടുണ്ട്. 

രാഷ്ട്രീയപരമായി ഇല്ലാതാക്കാനാണ് ഉമ്മന്‍ചാണ്ടിയുടെ ശ്രമമെന്ന് പി.ജെ കുര്യന്‍ ദല്‍ഹിയിലെ വസതിയില്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. തന്നെയും പി.സി ചാക്കോയെയും ലക്ഷ്യമിട്ടുള്ള പകപോക്കല്‍ നടപടിയുടെ ഭാഗമായാണ് രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കാന്‍ ഉമ്മന്‍ചാണ്ടി തീരുമാനിച്ചത്. ഇഷ്ടമില്ലാത്തവരെ വെട്ടിവീഴ്ത്തുന്നതാണ് ഉമ്മന്‍ചാണ്ടിയുടെ ശൈലി. പാര്‍ട്ടിയില്‍ ആരോടും ചര്‍ച്ച ചെയ്യാതെ രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് വിട്ടുനല്‍കിയ ഉമ്മന്‍ചാണ്ടിയും മാണിയും കുഞ്ഞാലിക്കുട്ടിയും അടങ്ങിയ മൂവര്‍സംഘത്തിന്റെ നടപടി കോണ്‍ഗ്രസ് വിരുദ്ധമാണ്. മനസ്സില്ലാ മനസ്സോടെ ഹസ്സനും ചെന്നിത്തലയ്ക്കും ഉമ്മന്‍ചാണ്ടിയെ പിന്തുണയ്‌ക്കേണ്ടിവന്നിരിക്കുകയാണെന്നും കുര്യന്‍ ആരോപിച്ചു.

രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് വിട്ടുനല്‍കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ എ.കെ ആന്റണിയെ ഒഴിവാക്കിയതിനെതിരായ ആന്റണിയുടെ അതൃപ്തിയാണ് കുര്യനെയും പി.സി ചാക്കോയെയും ഉമ്മന്‍ചാണ്ടിക്കെതിരെ തിരിയാന്‍ പ്രേരിപ്പിക്കുന്നത്. സീറ്റ് വിട്ടു നല്‍കിയതിനെതിരെ ആന്റണിക്ക് കടുത്ത രോഷമാണുള്ളത്. സാധാരണ കേരള വിഷയങ്ങളില്‍ ആന്റണിയുടെ അഭിപ്രായം തേടാറുള്ള രാഹുല്‍ഗാന്ധി ഇക്കാര്യത്തില്‍ ആന്റണിയെ മാറ്റിനിര്‍ത്തിയിരുന്നു. രാഹുല്‍ഗാന്ധിയുടെ ഓഫീസില്‍ എ.കെ ആന്റണിയുടെ സ്വാധീനം കുറയുന്നുവെന്ന് തിരിച്ചറിഞ്ഞ ഉമ്മന്‍ചാണ്ടിയും കൂട്ടരും മുകുള്‍ വാസ്‌നിക്കിനെ ഉപയോഗിച്ച് കെ.എം മാണിക്ക് വേണ്ടി കരുക്കള്‍ നീക്കുകയായിരുന്നു എന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ സ്വകാര്യമായി സമ്മതിക്കുന്നത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.