ലോകകപ്പ്: നവമാധ്യമങ്ങളിലും പോരാട്ടം മുറുകുന്നു

Thursday 14 June 2018 8:47 pm IST

കോഴിക്കോട്: കണ്ണും കാതും തുറന്ന് ലോകം മുഴുവന്‍ ഒരു പന്തിന് പിന്നാലെ സഞ്ചരിക്കാനുള്ള ഒരുക്കത്തിലാണ്. കിക്കോഫിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ കേരളത്തിലെ ഫുട്‌ബോള്‍ ആരാധകരും ആവേശക്കൊടുമുടിയിലാണ്. ആരാധകസംഘങ്ങള്‍ തമ്മിലുള്ള പോരാട്ടം നവമാധ്യമങ്ങളിലും സജീവം.  ഫെയ്‌സ്ബുക്ക് പേജുകളിലും ഗ്രൂപ്പുകളിലും വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലുമായി കിക്കോഫിന് മുന്നെ യുദ്ധം മുറുകി കഴിഞ്ഞു. 

വിവിധ ടീമുകളുടെ ആരാധകരാണ് ടീമിന്റെ പേരില്‍ കേരളത്തിലും ഫെയ്‌സ്ബുക്ക് പേജുകള്‍ ആരംഭിച്ചിരിക്കുന്നത്. താരങ്ങളുടെ ചിത്രങ്ങള്‍, അവരെക്കുറിച്ചുള്ള വിവരങ്ങള്‍, മത്സരങ്ങള്‍, പഴയകാല ചിത്രങ്ങള്‍, സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ ഫാന്‍സുകാര്‍ നടത്തുന്ന പരിപാടികള്‍ എന്നിവയെല്ലാം അപ്പപ്പോള്‍ തന്നെ ഫെയ്‌സ്ബുക്ക്‌പേജില്‍ പോസ്റ്റ് ചെയ്യുന്നുണ്ട്. ബ്രസീല്‍, അര്‍ജന്റീന, ജര്‍മ്മനി, ഫ്രാന്‍സ്, പോര്‍ച്ചുഗല്‍, ഇംഗ്ലണ്ട്, ഇറ്റലി തുടങ്ങി വിവിധ രാജ്യങ്ങളുടെ ആരാധകരുണ്ടെങ്കിലും ബ്രസീല്‍, അര്‍ജന്റീന ടീം  ആരാധകര്‍ തമ്മിലാണ് ഫെയ്‌സ്ബുക്ക് പേജില്‍ പോരാട്ടം കടുക്കുന്നത്. 

ഫെയ്‌സ്ബുക്കില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ലൈക്ക് ചെയ്തിരിക്കുന്നതും പിന്തുടരുന്നതും ബ്രസീല്‍, അര്‍ജന്റീന ഫാന്‍സുകളുടെ ഫെയ്‌സ്ബുക്ക് പേജുകളാണ്. ബ്രസീല്‍ ഫാന്‍സ് കേരള, അര്‍ജന്റീന ഫാന്‍സ് കേരള  എന്നീ പേരുകളിലാണ് പേജുകള്‍. മൂന്നുലക്ഷത്തിലധികം പേരാണ് ബ്രസീല്‍ ഫാന്‍സ് കേരള പേജിനെ പിന്തുടരുന്നത്. അര്‍ജന്റീന ഫാന്‍സ് കേരള ഫെയ്‌സ് ബുക്ക് പേജിനെ രണ്ടരലക്ഷത്തിലധികം പേരാണ് പിന്തുടരുന്നത്. 

ലോകകപ്പ് ഗാനവും കേരളത്തിലെ ആരാധകര്‍ ഫെയ്‌സ്ബുക്കിലൂടെ പുറത്തിറക്കി കഴിഞ്ഞു. ജൂണ്‍ ഒന്നിനാണ് ബ്രസീല്‍ ഫാന്‍സ് ലോകകപ്പ് ഗാനം ഫെയ്‌സ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തത്. ജിംഗ ബീറ്റ്‌സ് എന്നാണ് ഗാനത്തിന് പേരു നല്‍കിയിരിക്കുന്നത്. ആളിപ്പടരും അഗ്നിച്ചിറകില്‍ മണ്ണിലിറങ്ങി മഞ്ഞപ്പട... എന്നു തുടങ്ങുന്ന ഗാനം സിയാ ഉള്‍ ഹഖ് ആണ് പാടിയിരിക്കുന്നത്. നാസര്‍ പട്ടിത്തടം, ശംഭുകുമാര്‍ എന്നിവരുടെ വരികള്‍ക്ക് ഷഫീഖ് റിയാസ് ആണ് സംഗീതം നല്‍കിയിരിക്കുന്നത്. 

ഹീറോ അര്‍ജന്റീന എന്ന പേരിലാണ് അര്‍ജന്റീന ഫാന്‍സ് കേരളഗാനം ജൂണ്‍ രണ്ടിനാണ് പുറത്തിറക്കിയിരിക്കുന്നത്. വിണ്ണിന്‍ നിറമായി... നീലപ്പട.... എന്നു തുടങ്ങുന്ന ഗാനം പാടിയതും ഈണം നല്‍കിയിരിക്കുന്നതും സാദിഖ് പന്തല്ലൂരാണ്. മന്‍സൂര്‍ കിളിനക്കോടിന്റേതാണ് രചന.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.