ആദ്യ ക്ലാസിക്കില്‍ ചെമ്പടയും പറങ്കികളും നേര്‍ക്കുനേര്‍

Friday 15 June 2018 1:50 am IST

സോചി: 21-ാമത് ഫിഫ ലോകകപ്പ് ഫുട്‌ബോളിലെ ആദ്യ ക്ലാസിക്ക് പോരാട്ടം ഇന്ന്. ഗ്രൂപ്പ് ബിയിയില്‍ നിലവിലെ യൂറോ ചാമ്പ്യന്മാരായ പോര്‍ച്ചുഗലും മുന്‍ ലോകചാമ്പ്യന്മാരായ സ്‌പെയിനുമാണ് മുഖാമുഖം എത്തുന്നത്. സോചിയിലെ ഫിഷ്ട് സ്‌റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി 11.30നാണ് ഈ സൂപ്പര്‍ കളി.

ഫിഫ റാങ്കിങ്ങില്‍ പോര്‍ച്ചുഗല്‍ നാലാമതും സ്‌പെയിന്‍ 10-ാം സ്ഥാനത്തുമാണ്. ലോകകപ്പില്‍ ഏഴാം തവണയാണ് പോര്‍ച്ചുഗല്‍. 1966ലെ തങ്ങളുടെ ആദ്യ ലോകകപ്പില്‍ നേടിയ മൂന്നാം സ്ഥാനമാണ് പറങ്കികളുടെ മികച്ചനേട്ടം.

ലോക ഫുട്‌ബോളിലെ എക്കാലത്തെയും മികച്ച സ്‌ട്രൈക്കര്‍മാരിലൊരാളായ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ സാന്നിധ്യമാണ് പോര്‍ച്ചുഗലിനെ സ്‌പെയിനില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. യോഗ്യതാ റൗണ്ടില്‍ മാത്രം 15 ഗോളുകള്‍ അടിച്ചുകൂട്ടിയ ക്രിസ്റ്റിയാനോ മിന്നുന്ന ഫോമിലാണ്. പോര്‍ച്ചുഗലിന്റെ എക്കാലത്തെയും മികച്ച ഗോള്‍ സ്‌കോറര്‍ കൂടിയാണ് സിആര്‍ 7. 2003 മുതല്‍ ടീമിലുള്ള  ഈ ഏഴാം നമ്പറുകാരന്‍ 150 മത്സരങ്ങളില്‍ നിന്നായി 81 ഗോളുകളാണ് അടിച്ചുകൂട്ടിയിട്ടുള്ളത്. ലോക ഫുട്‌ബോളിലെ ഏറ്റവും വിലകൂടിയ താരങ്ങളിലൊരാളായ ക്രിസ്റ്റിയാനോ മിന്നിയാല്‍ ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ തന്നെ ജയിച്ച് മറ്റുള്ളവരേക്കാള്‍ ആധിപത്യം സ്ഥാപിക്കാന്‍ അവര്‍ക്ക് കഴിയും. ക്രിസ്റ്റിയാനോ മാത്രമല്ല അവരുടെ പ്രമുഖന്‍. മുന്നേറ്റത്തില്‍ ക്രിസ്റ്റിയാനോക്ക് കൂട്ടായി ആന്ദ്രെ സില്‍വയോ ഗൊണ്‍സാലോ ഗ്യുഡസോ ആയിരിക്കും ഇറങ്ങുക. മധ്യനിരയില്‍ കളി മെനയാന്‍ ജാവോ മരിയോ, ജാവോ മൗടീഞ്ഞോ, വില്യം, ബെര്‍ണാഡ് സില്‍വ എന്നിവരാകാനാണ് സാധ്യത.

മാനുവല്‍ ഫെര്‍ണാണ്ടസ്, അഡ്രിയന്‍ സില്‍വ, വില്യം കാര്‍വാലോ എന്നിവരായിരിക്കും. മധ്യനിരയ്ക്കും സ്‌ട്രൈക്കര്‍മാര്‍ക്കും ഇടയിലായി ബര്‍ണാഡോ സില്‍വയും എത്താനാണ് സാധ്യത. സ്പാനിഷ് മുന്നേറ്റങ്ങളെ തകര്‍ക്കാന്‍ പ്രതിരോധത്തില്‍ പരിചയസമ്പന്നനായ പെപ്പെ, റാഫേല്‍ ഗ്വിരേയ്ഗരാ, ഹോസെ ഫോണ്‍ടെ, സെഡ്രിക് എന്നിവരായിരിക്കും. ഗോള്‍വലയ്ക്ക് മുന്നില്‍ പരിചയസമ്പന്നനായ റൂയി പാട്രീഷ്യയും എത്തും. 

പോര്‍ച്ചുഗലിനെ അപേക്ഷിച്ച് താരപ്രഭ കൂടുതല്‍ സ്‌പെയിനിനാണ്. എന്നാല്‍ ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിന് മുന്‍പ് കോച്ച് ജുലെന്‍ ലോപ്‌ടെജ്യൂയിയെ പുറത്താക്കി ഫെര്‍ണാണ്ടോ ഹിയറോയെ നിയമിച്ചത് ടീമിനെ എങ്ങനെ ബാധിക്കുമെന്ന് കണ്ടറിയണം. 

പ്ലേ മേക്കര്‍ ആന്ദ്രെ ഇനിയേസ്റ്റയുടെ സാന്നിധ്യമാണ് സ്പാനിഷ് കരുത്ത്. ഇന്ന് ലോകത്തിലെ ഏറ്റവും മികച്ച പ്ലേ മേക്കര്‍മാരിലൊരാളാണ് ഇനിയേസ്റ്റ. സെര്‍ജിയോ ബുസ്‌കറ്റ്‌സ്, തിയാഗോ അല്‍കാന്‍ട്ര, ഇസ്‌കോ എന്നിവര്‍ ഇനിയേസ്റ്റക്കൊപ്പം കളിമെനയാന്‍ ഇറങ്ങിയേക്കും. ഡീഗോ കോസ്റ്റയ്‌ക്കൊപ്പം ഡേവിഡ് സില്‍വയായിരിക്കും സ്‌ട്രൈക്കറുടെ റോളിലെത്തുക. പോര്‍ച്ചുഗല്‍ നായകന്‍ ക്രിസ്റ്റിയാനോയെ തടയുക എന്നതാണ് സ്പാനിഷ് പ്രതിരോധത്തിന്റെ ഏറ്റവും വലിയ വെല്ലുവിൡ ഇതിന് നേതൃത്വം നല്‍കുക ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസായിരിക്കും. ഒപ്പം ജോര്‍ഡി ആല്‍ബ, ജെറാര്‍ഡ് പിക്വെ, നാച്ചോയും കളത്തിലെത്തുെമന്നാണ് സൂചന. ഗോള്‍വലയ്ക്ക് മുന്നില്‍ ഡേവിഡ് ഡി ഗിയയും ഉറപ്പ്. ലോകകപ്പ് യോഗ്യത നേടിയശേഷം കളിച്ച ആറ് കളികളിലും തോല്‍ക്കാതെയാണ് സ്‌പെയിനിന്റെ വരവ്. പോര്‍ച്ചുഗലാകട്ടെ അവസാന 7 കളികളില്‍ മൂന്ന് വീതം ജയിക്കുകയും സമനില പാലിക്കുകയും ചെയ്തു. ഒന്നില്‍ തോറ്റു. ഇരു ടീമുകളും തമ്മില്‍ 35 മത്സരങ്ങളിലാണ് മുന്‍പ് ഏറ്റുമുട്ടിയത്. അതില്‍ 16-ല്‍ സ്‌പെയിന്‍ ജയിച്ചപ്പോള്‍ പോര്‍ച്ചുഗല്‍ ജയിച്ചത് ആറില്‍ മാത്രം. 13 എണ്ണം സമനിലയിലായി.

 ക്രിസ്റ്റിയാനോയെ പിടിച്ചു കെട്ടിയാല്‍ സ്‌പെയിനിന് പ്രതീക്ഷവയ്ക്കാം. അല്ലെങ്കില്‍ തിരിച്ചടിയാകും. അര്‍ദ്ധാവസരങ്ങള്‍പോലും ഗോളാക്കാന്‍ കഴിവുള്ള താരമാണ് ക്രിസ്റ്റിയാനോ. എന്തായാലും ലോക ഫുട്‌ബോളിലെ രണ്ട് സൂപ്പര്‍ ടീമുകള്‍ കളത്തിലിറങ്ങുമ്പോള്‍ പോരാട്ടം ആവേശകരമായിരിക്കുമെന്നതില്‍ സംശയമില്ല.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.