മര്‍ദ്ദനം: ഗണേഷ് കുമാറിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കി

Friday 15 June 2018 5:29 pm IST

തിരുവനന്തപുരം: ഗണേഷ് കുമാര്‍ എം.എല്‍.എയും ഡ്രൈവറും യുവാവിനെ മര്‍ദ്ദിക്കുകയും അമ്മയെ അസഭ്യം പറയുകയും ചെയ്ത സംഭവത്തില്‍ യുവാവും അമ്മയും മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി. കാറിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ചാണ് ഗണേഷ് കുമാര്‍ കഴിഞ്ഞ ദിവസം യുവാവിനെ അമ്മയുടെ മുന്നിലിട്ട് മര്‍ദ്ദിച്ചത്. 

മര്‍ദ്ദനമേറ്റ അഞ്ചല്‍ സ്വദേശി അനന്തകൃഷ്ണനും അമ്മ ഷീനയുമാണ് പരാതി നല്‍കിയത്. അതേസമയം ഗണേഷ്‌കുമാറിനെ സംരക്ഷിക്കാനുള്ള നെട്ടോട്ടത്തിലാണ് പോലീസ്. എംഎല്‍എയുടെയും പിഎ പ്രദീപിന്റെയും മര്‍ദ്ദനമേറ്റ് ആശുപത്രിയിലായത് പരാതിക്കാരനായ അനന്തകൃഷ്ണനാണെങ്കിലും മാരകായുധം കൊണ്ട് മുറിവേല്‍പ്പിച്ചു എന്നതടക്കമുള്ള വകുപ്പുകള്‍ ചുമത്തി ഇയാള്‍ക്കെതിരെ  കേസെടുത്തു. ഐപിസി 294, 323, 341 വകുപ്പുകളാണ് എംഎല്‍എക്കെതിരെ ചുമത്തിയതെങ്കില്‍ 324, 506(1) വകുപ്പുകള്‍ ചുമത്തിയാണ് അനന്തകൃഷ്ണനെതിരെ കേസ് എടുത്തിട്ടുള്ളത്.  

അനന്തകൃഷ്ണന്‍ ആദ്യം പരാതി നല്‍കിയിട്ടും കേസെടുത്തപ്പോള്‍ പരാതി ആദ്യം നല്‍കിയത് ഗണേഷ് കുമാറായി.  വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടോടെ അഞ്ചല്‍ അഗസ്ത്യക്കോട്  ശബരിഗിരി സ്‌കൂളിന് സമീപത്തെ മരണവീട്ടില്‍ പോയി മടങ്ങവെയാണ് സംഭവം. വീതികുറഞ്ഞ റോഡില്‍ കാറിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ചായിരുന്നു അനന്തകൃഷ്ണനെയും അമ്മ ഷീനയെയും മര്‍ദിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.