ഞാന്‍ പഴയ രാജശേഖരന്‍; മാറാട് എത്തണമെന്നത് ഏറെ നാളത്തെ ആഗ്രഹം

Friday 15 June 2018 7:39 pm IST
"കോഴിക്കോട് മാറാട് വിവേകാനന്ദ വിദ്യാലയത്തിന്റെ സിൽവർ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യാൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ എത്തിയപ്പോൾ"

കോഴിക്കോട്: വളരെ നാളുകളായുള്ള ആഗ്രഹമാണ് മാറാട് എത്തിയപ്പോള്‍ ഇന്ന് സാക്ഷാ‍ത്കരിച്ചതെന്ന് മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍. ദേവദര്‍ശനം പോലെയുള്ള കൂടിക്കാഴ്ചയായാണ് മാറാട്ടെ ജനങ്ങളെ കണ്ടപ്പോള്‍ എനിക്ക് അനുഭവപ്പെട്ടത്. മാറാട് വിവേകാനന്ദ വിദ്യാലയത്തിന്റെ സില്‍വര്‍ ജൂബിലി ആഘോഷ പരിപാടികളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കാനെത്തിയതായിരുന്നു അദ്ദേഹം. 

മാറാട്ടെ മറക്കാനാവാത്ത ഓര്‍മകള്‍ മനസിലേക്ക് ഇരമ്പിയെത്തുന്നു. അന്നവും വെള്ളവും തന്ന് ദിവസങ്ങളോളം ഒപ്പം പ്രവര്‍ത്തിച്ചവര്‍ മനസിലേക്ക് വരുന്നു. ഭരണഘടനാ നിലയില്‍ വലിയ സ്ഥാനത്തെത്തിയെങ്കിലും ഞാന്‍ പഴയ രാജശേഖരനാണ്. ഒപ്പം നിന്നവര്‍ക്ക് നന്ദി - മിസോറാം ഗവര്‍ണര്‍ പറഞ്ഞു.

മൂല്യാധിഷ്ഠിത വിദ്യാഭ്യാസം നല്‍കുന്നതാവണം വിദ്യാലയങ്ങള്‍. കുട്ടികള്‍ക്ക് കരുണയും സ്നേഹവും പകര്‍ന്ന് നല്‍കണം. ലക്ഷ്യബോധവും ഇച്ഛാശക്തിയുമാണ് വിദ്യാഭ്യാസത്തിലൂടെ കുട്ടികള്‍ നേടേണ്ടത്. മഹാന്മാരായവരെല്ലാം സീറോയില്‍ നിന്നും ഹീറോ ആയവരാണ്. പട്ടിണിയെയും ദാരിദ്ര്യത്തെയും എതിര്‍ത്ത് തോല്‍പ്പിച്ചാണ് അവര്‍ ഉന്നതങ്ങളിലെത്തിയത്. അതിന് അവരെ പ്രാപ്തരാക്കിയത് ഇച്ഛാശക്തിയാണ്. പഠിക്കുന്ന ഓരോ അക്ഷരങ്ങളും മനസിലാക്കുന്ന ഓരോ കാര്യങ്ങളും നാടിനും ജനങ്ങള്‍ക്കും വേണ്ടിയാണെന്ന ചിന്ത വേണം. 

ദേശഭക്തിയും ദേശാഭിമാനവും ദേശത്തോടുള്ള കൂറും വിധേയത്വവും വളര്‍ത്തിക്കൊണ്ടുവരുന്നതാവണം വിദ്യാഭ്യാസം. സ്വന്തം ആവശ്യത്തിന് വേണ്ടിയാണ് വിദ്യാഭ്യാസമെന്ന ചിന്ത കുട്ടികളില്‍ നിന്നും ഇല്ലാതാക്കാന്‍ വിദ്യാലയങ്ങള്‍ക്ക് കഴിയണമെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു. 

 

 

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.