സുദേഷ് കുമാറിനെ എസ്‌എപി ബറ്റാലിയന്‍ സ്ഥാനത്ത് നിന്നും മാറ്റി

Saturday 16 June 2018 10:20 am IST

തിരുവനന്തപുരം: പോലീസുകാരെക്കൊണ്ട് ദാസ്യപ്പണി എടുപ്പിച്ച എഡിജിപി സുദേഷ് കുമാറിനെ എസ്‌എപി ബറ്റാലിയന്‍ മേധാവി സ്ഥാനത്ത് നിന്നും മാറ്റി. പുതിയ നിയമനം നല്‍കിയിട്ടില്ല. ആനന്ദ കൃഷ്ണനാണ് പുതിയ ബറ്റാലിയന്‍ മേധാവി. സുദേഷ് കുമാറിന്  പോലീസിന് പുറത്ത് നിയമനം നല്‍കാനാണ് ആലോചന. പൊതുമേഖലാ സ്ഥാപനത്തിലോ  മറ്റ് വകുപ്പിലോ ഡെപ്യൂട്ടേഷന്‍ നല്‍കിയേക്കും. 

സുദേഷ് കുമാറിന്‍റെ മകള്‍, പോലീസ് ഡ്രൈവര്‍ ഗവാസ്‌കറെ മര്‍ദിച്ച സംഭവം വലിയ വിവാദമായതിനെ തുടര്‍ന്ന് മുഖ്യമന്ത്രി സംഭവത്തില്‍ ഇടപെട്ടിരുന്നു. മര്‍ദ്ദനവുമായി ബന്ധപ്പെട്ട് ഗവാസ്‌കറിന്റെ ഭാര്യ രേഷ്മ മുഖ്യമന്ത്രിയെ കണ്ട് പരാതി നല്‍കി. പോലീസ് അസോസിയേഷനും ഗവാസ്ക്കറിന് അനുകൂലമായ നടപടിയാണ് സ്വീകരിച്ചത്. ഇതോടെ ഉന്നത ഉദ്യോഗസ്ഥരുടെ വീട്ടില്‍ ജോലി ചെയ്യുന്ന പോലീസുകാരുടെ പട്ടിക നല്‍കണമെന്ന് മുഖ്യമന്ത്രി ഡിജിപിയോട് ആവശ്യപ്പെടുകയായിരുന്നു. ഇവരുടെ വാഹനങ്ങളുടെ കണക്കും നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം സുദേഷ് കുമാറിന്റെ കുടുംബത്തിനെതിരെ കൂടുതല്‍ ആരോപണങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. എഡിജിപിയുടെ ഭാര്യയും മകളും പീഡിപ്പിച്ചെന്ന് കാട്ടി വനിത ക്യാമ്പ് ഫോളോവര്‍ രംഗത്ത് വന്നിട്ടുണ്ട്. വീട്ടുജോലിക്കെത്താന്‍ വൈകിയതിന് മര്‍ദ്ദിക്കാന്‍ ശ്രമിച്ചു. പട്ടിയെക്കൊണ്ട് കടിപ്പിക്കണമെന്ന് എഡിജിപി ആവശ്യപ്പെട്ടുവെന്നും ഇവര്‍ പറയുന്നു. കുടുംബത്തെയടക്കം അപമാനിച്ചെന്നും വെളിപ്പെടുത്തലുണ്ട്. 

ഇതിനിടെ മകള്‍ പോലീസ് ഡ്രൈവറെ മര്‍ദ്ദിച്ച സംഭവത്തില്‍ എഡിജിപി സുദേഷ് കുമാറിന് വീഴ്ച സംഭവിച്ചതായി സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. സുദേഷ് കുമാര്‍ ഔദ്യോഗിക വാഹനവും പദവിയും ദുരുപയോഗം ചെയ്തു. കുടുംബ പോലീസുകാരോട് നേരത്തെയും മോശമായി പെരുമാറിയിട്ടുണ്ട്. പോലീസുകാരെ സുദേഷ് കുമാര്‍ നിരന്തരം അസഭ്യം പറഞ്ഞിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറും. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.