അബുദാബിയില്‍ രാജ്യവിരുദ്ധ പരാമര്‍ശവുമായി ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തക

Saturday 16 June 2018 11:16 am IST
ഭാഷാ സിംഗിന്‍റെ നടപടി അതിഥികളെ അമ്പരപ്പിച്ചു. പരാമർശത്തിൽ പ്രതിഷേധിച്ച് ഇന്ത്യൻ കോൺസുൽ ജനറൽ വിപുൽ ചടങ്ങിൽ നിന്നും ഇറങ്ങിപ്പോയി.

ദുബായ്: അബുദാബിയില്‍ നടന്ന ചടങ്ങിൽ രാജ്യവിരുദ്ധ പരാമര്‍ശങ്ങളുമായി ഇന്ത്യയിൽ നിന്നുള്ള മാധ്യമ പ്രവർത്തക ഭാഷാ സിംഗ്. മതേതരത്വത്തിനും ജനാധിപത്യത്തിനും ഭീഷണി നേരിടുന്ന രാജ്യത്ത് നിന്നാണ് താൻ വരുന്നത് എന്നായിരുന്നു പരാമർശം.  ഭാഷാ സിംഗിന്‍റെ നടപടി അതിഥികളെ അമ്പരപ്പിച്ചു. പരാമർശത്തിൽ പ്രതിഷേധിച്ച് ഇന്ത്യൻ കോൺസുൽ ജനറൽ വിപുൽ ചടങ്ങിൽ നിന്നും ഇറങ്ങിപ്പോയി.

പ്രമുഖ പ്രവാസി മലയാളി പുത്തൂർ റഹ്മാൻ രചിച്ച ഇസ്മുഹു അഹമ്മദ് എന്ന അന്തരിച്ച മുൻ കേന്ദ്രമന്ത്രി ഇ അഹമ്മദിനെ കുറിച്ചുള്ള പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലാണ് ഭാഷാ സിംഗിന്റെ രാജ്യവിരുദ്ധ പരാമര്‍ശം. തുടർന്ന് സംസാരിച്ച, ഇന്ത്യൻ കോൺസുൽ ജനറൽ വിപുൽ, അന്യ രാജ്യത്തു വെച്ച് ഭാരതത്തേയും, സർക്കാരിനെയും വിമർശിക്കുന്നതിനോടുള്ള എതിർപ്പ് അറിയിച്ചു. തെറ്റുകൾ തിരുത്താനും, ശരിയായി മുന്നേറാനും തക്ക വണ്ണം ശക്തിയും, ആർജ്ജവവും ഉള്ളതാണ് ഭാരതത്തിന്റെ ജനാധിപത്യ സംവിധാനം എന്നദ്ദേഹം ഓർമിപ്പിച്ചു. പിന്നീട്, മുസ്ലിം ലീഗ് എം പി അബ്ദുൽ വഹാബും ഭാരത സർക്കാരിനെതിരെ കടുത്ത ആക്ഷേപകങ്ങൾ ഉന്നയിച്ചതോടെ മുഖ്യാതിഥിയായി പങ്കെടുത്ത ഇന്ത്യൻ കോൺസുൽ ജനറൽ വിപുൽ ചടങ്ങിൽ നിന്നും ഇറങ്ങിപ്പോയി.

ഇന്ത്യയുടെ നയതന്ത്ര പ്രതിനിധി പങ്കെടുത്ത ചടങ്ങിൽ ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത കാര്യങ്ങളാണ് ഉണ്ടായതെന്ന് ഇന്ത്യൻ പീപ്പിൾ ഫോറം ഭാരവാഹികൾ പറഞ്ഞു. ചില ജനപ്രതിനിധികളും, ഇന്ത്യയിൽ നിന്നെത്തുന്ന മാധ്യമ – മനുഷ്യാവകാശ പ്രവർത്തകർ എന്നവകാശപ്പെടുന്ന ചിലരും വിദേശ രാജ്യമാണെന്ന ചിന്ത പോലുമില്ലാതെ രാഷ്ട്രീയ പരിപാടികളിലേതു പോലെ കിട്ടുന്ന എല്ലാ അവസരങ്ങളിലും, വേദികളിലും ഇന്ത്യയെയും, ഇന്ത്യൻ സര്‍ക്കാരിനെയും ആക്ഷേപിക്കുന്ന പ്രവണത അവസാനിപ്പിക്കേണ്ടത് തന്നെയാണ് എന്ന അഭിപ്രായം പ്രവാസികൾക്കിടയിൽ ശക്തമാണ്.

ഗൾഫ് രാജ്യങ്ങളിൽ നടക്കുന്ന പൊതു ചടങ്ങുകളിൽ പങ്കെടുക്കുന്ന ചില ജന പ്രതിനിധികളും, ഇന്ത്യയിൽ നിന്നും ക്ഷണിക്കപ്പെട്ട് എത്തുന്ന ചില സാമൂഹ്യ സാഹിത്യ പ്രവർത്തകരും ഇന്ത്യയെയും, തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെയും ബോധപൂർവം ആക്ഷേപിക്കാൻ ശ്രമിക്കുന്നതായി പരാതി ഉയരുന്നുണ്ട്. രാഷ്ട്രീയ, മത ഭേദമില്ലാതെ സൗഹൃദത്തോടെ കഴിയുന്ന പ്രവാസികൾക്കിടയിൽ ഇത്തരം പ്രവണതകൾ വലിയ പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.