പി.വി അന്‍വറിന്റെ പാര്‍ക്കിന് സമീപം മണ്ണിടിച്ചില്‍

Saturday 16 June 2018 11:37 am IST

കോഴിക്കോട്: പി.വി.അന്‍വര്‍ എംഎല്‍എയുടെ കക്കാടംപൊയിലുള്ള വാട്ടര്‍ തീം പാര്‍ക്കിന് സമീപം മണ്ണിടിച്ചില്‍. ഇന്ന് രാവിലെയാണ് പാര്‍ക്കിലേക്ക് ആവശ്യമായ വെള്ളമെടുക്കുന്ന കുളത്തിന് സമീപം മണ്ണിടിച്ചിലുണ്ടായത്. ഇതേത്തുടര്‍ന്ന് കൂടരഞ്ഞി വില്ലേജ് ഓഫീസര്‍ സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി  ദുരന്തനിവാരണ അതോറിറ്റിക്ക് റിപ്പോര്‍ട്ട് നല്‍കി. 

ഇനിയും മണ്ണിടിച്ചിലുണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്.  നേരത്തെ, വാട്ടര്‍ തീം പാര്‍ക്ക് പരിസ്ഥിതി ദുര്‍ബലപ്രദേശത്താണെന്നു കോഴിക്കോട് കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മണ്ണിടിച്ചിലിനു സാധ്യതയില്ലെന്ന് ഉറപ്പുവരുത്തിയശേഷം മാത്രമേ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കാവൂ എന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നതാണ്.

ദുരന്തനിവാരണ അതോറിറ്റി തയാറാക്കിയ പട്ടികയില്‍ അപകടസാധ്യത ഏറെയുള്ള സോണ്‍ ഒന്നില്‍ ഉള്‍പ്പെടുന്ന പ്രദേശമാണ് കക്കാടംപൊയില്‍. ഈ പ്രദേശത്താണ് ലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളം സംഭരിച്ചിരിക്കുന്നത്. ഇത് വന്‍ അപകടസാധ്യതയാണ് ഉയര്‍ത്തുന്നതെന്ന് മുന്‍പ് വാര്‍ത്തകള്‍ വന്നിരുന്നു. 

കഴിഞ്ഞ ദിവസം താമരശേരി കരിഞ്ചോലയില്‍ ഉണ്ടായ ഉരുള്‍പ്പൊട്ടലിന്‍റെ ആഘാതം വര്‍ധിപ്പിക്കുന്നതിന് കാരണം പ്രദേശത്ത് സ്വകാര്യ വ്യക്തി അനധികൃതമായി നിര്‍മിച്ച തടയണ തകര്‍ന്നതാണെന്ന വാര്‍ത്തകള്‍ വന്ന് അതേക്കുറിച്ച്‌ അന്വേഷിക്കാന്‍ കളക്ടര്‍ ഉത്തരവിട്ടതിനു പിന്നാലെയാണ് എംഎല്‍എയുടെ ഉടമസ്ഥതതയിലുള്ള പാര്‍ക്കിന് സമീപവും മണ്ണിടിച്ചില്‍ ഉണ്ടായത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.