രാജ്യം നടുങ്ങിയ ഗൂഢാലോചന

Sunday 17 June 2018 3:37 am IST
പ്രധാനമന്ത്രി നരേന്ദ്രമോദിയെ ലക്ഷ്യമിട്ട് രാജീവ്ഗാന്ധി വധത്തിന്റെ മാതൃകയില്‍ ഗൂഢാലോചനകള്‍ ഒരുങ്ങുന്നുണ്ടെന്നാണ് ഭീമ-കൊറെഗാവ് കലാപവുമായി ബന്ധപ്പെട്ട് പിടിയിലായ മാവോയിസ്റ്റ് നേതാക്കളുടെ പക്കല്‍നിന്ന് കണ്ടെടുത്ത തെളിവുകള്‍ വിരല്‍ചൂണ്ടുന്നത്. രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികളും മോദി വിരോധം തലയ്ക്കു പിടിച്ച മാധ്യമങ്ങളും മൂടിവയ്ക്കാന്‍ ശ്രമിക്കുന്ന ഭീമ-കൊറെഗാവ് ഗൂഢാലോചന അതിഭീകരമാണ്. സ്വന്തം പ്രധാനമന്ത്രിയെ വധിക്കാനുള്ള ശ്രമത്തെപ്പോലും വിലകുറഞ്ഞ രാഷ്ട്രീയത്തിന്റെ പേരില്‍ കണ്ടില്ലെന്ന് നടിക്കുന്ന പ്രതിപക്ഷ-മാധ്യമ കൂട്ടുകെട്ട് രാജ്യത്തിന് ആപത്താണ്.

മുന്‍ പ്രധാനമന്ത്രി രാജീവ്ഗാന്ധിക്കുനേരെ വധശ്രമത്തിന് സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളും സുരക്ഷാ വിഭാഗം മുന്നറിയിപ്പുകളും അവഗണിച്ചതിന്റെ ഫലമായിരുന്നു 1991-ല്‍ തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂരില്‍ നടന്നത്. വീണ്ടുമാരൊക്കെയോ 'രാജീവ് ഗാന്ധി വധം' മാതൃകയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിക്കായി കൊലക്കളം ഒരുക്കുന്നു. 

 പ്രധാനമന്ത്രി നരേന്ദ്രമോദിയെ ലക്ഷ്യമിട്ട് രാജീവ്ഗാന്ധി വധത്തിന്റെ മാതൃകയില്‍ ഗൂഢാലോചനകള്‍ ഒരുങ്ങുന്നുണ്ടെന്നാണ് ഭീമ-കൊറെഗാവ് കലാപവുമായി ബന്ധപ്പെട്ട് പിടിയിലായ മാവോയിസ്റ്റ് നേതാക്കളുടെ പക്കല്‍നിന്ന് കണ്ടെടുത്ത തെളിവുകള്‍ വിരല്‍ചൂണ്ടുന്നത്. രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികളും മോദി വിരോധം തലയ്ക്കു പിടിച്ച മാധ്യമങ്ങളും മൂടിവയ്ക്കാന്‍ ശ്രമിക്കുന്ന ഭീമ-കൊറെഗാവ് ഗൂഢാലോചന അതിഭീകരമാണ്. സ്വന്തം പ്രധാനമന്ത്രിയെ വധിക്കാനുള്ള ശ്രമത്തെപ്പോലും വിലകുറഞ്ഞ രാഷ്ട്രീയത്തിന്റെ പേരില്‍ കണ്ടില്ലെന്ന് നടിക്കുന്ന പ്രതിപക്ഷ-മാധ്യമ കൂട്ടുകെട്ട് രാജ്യത്തിന് ആപത്താണ്. 

എട്ടുകോടിയും എം- 4 റൈഫിളും

മലയാളിയും കൊല്ലം സ്വദേശിയുമായ റോണ വില്‍സണ്‍ ജേക്കബ്, നാഗ്പൂരിലെ സുരേന്ദ്ര ഗാഡ്‌ലിങ്, മുംബൈയിലെ സുധീര്‍ ധവാലെ, പ്രൊഫ. ഷോമ സെന്‍,  മഹേഷ് റൗത്ത് എന്നിവരെ പൂനെ പോലീസ് പിടികൂടിയതോടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാന്‍ ലക്ഷ്യമിട്ടുള്ള മാവോയിസ്റ്റ് ഗൂഢാലോചന പുറംലോകമറിഞ്ഞത്. പുതുവത്സര ദിനങ്ങളില്‍ പൂനയില്‍ അരങ്ങേറിയ ഭീമ-കൊറെഗാവ് ജാതി കലാപവുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് അഞ്ച് പ്രധാന മാവോയിസ്റ്റുകള്‍ അറസ്്റ്റിലായത്. ഇവരില്‍ നിന്ന് കണ്ടെടുത്ത രേഖകളിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാനുള്ള ഗൂഢാലോചന അടക്കമുള്ള ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. 

 ദല്‍ഹി കേന്ദ്രീകരിച്ച് രാഷ്ട്രീയ തടവുകാരുടെ സംഘടന എന്ന പേരില്‍ മാവോയിസ്റ്റുകളെ സംഘടിപ്പിക്കുന്ന ചുമതല നിര്‍വഹിച്ചിരുന്ന റോണ വില്‍സണ്‍ ദല്‍ഹിയിലെ ചില മലയാളി മാധ്യമ പ്രവര്‍ത്തകരുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. ഇയാള്‍ 'സഖാവ് പ്രകാശ്' എന്ന് അഭിസംബോധന ചെയ്ത് എഴുതിയ കത്തിലാണ് പ്രധാനമന്ത്രിയെ വധിക്കാനുള്ള ഗൂഢാലോചന സംബന്ധിച്ച വിവരങ്ങളുള്ളത്. രാജീവ് ഗാന്ധിയെ വധിച്ചതിന് സമാനമായ രീതിയില്‍ മോദിയെയും കൊലപ്പെടുത്താമെന്നാണ് കത്തില്‍ പറയുന്നത്. മോദി ഭരണം അവസാനിപ്പിക്കാനായി സഖാവ് കിസാനും മറ്റുള്ളവരും ചില ശക്തമായ പദ്ധതികള്‍ തയ്യാറാക്കിക്കഴിഞ്ഞതായും കത്തിലുണ്ട്. മോദിയുടെ റോഡ് ഷോകള്‍ ലക്ഷ്യംവയ്ക്കുകയാണ് ഏറ്റവും നല്ല തന്ത്രം. പരാജയപ്പെടാന്‍ സാധ്യത കൂടുതലാണെങ്കിലും പാര്‍ട്ടിയുടെ പൊളിറ്റ് ബ്യൂറോയും കേന്ദ്രകമ്മിറ്റിയും ഞങ്ങളുടെ ഈ പദ്ധതി പരിഗണിക്കണമെന്നും കത്തില്‍ പറയുന്നു. എട്ടു കോടി രൂപ സമാഹരിച്ച് എം-4 റൈഫിളുകളും നാലു ലക്ഷം വെടിയുണ്ടകളും വാങ്ങണമെന്ന മാവോയിസ്റ്റ് സംഘടനയുടെ തീരുമാനവും കത്തിലുണ്ട്. മോദി ഭരണത്തിന് അന്ത്യംകുറിക്കാന്‍ സമാന ചിന്താഗതിക്കാരായ സംഘടനകളെയും രാഷ്ട്രീയ പാര്‍ട്ടികളെയും ന്യൂനപക്ഷ സമുദായങ്ങളില്‍ നിന്നുള്ളവരെയും കൂടെക്കൂട്ടാനാണ് ശ്രമമെന്നും റോണ വില്‍സന്റെ കത്തിലുണ്ട്. 

ഗഡ്ചിരോളിയിലെ വെടിയൊച്ചകള്‍

2018 ഏപ്രില്‍ 23-24. മഹാരാഷ്ട്രയിലെ ഗഡ്ചിരോൡയില്‍ മഹാരാഷ്ട്ര പോലീസിലെ സി-60 കമാണ്ടോ സ്‌ക്വാഡും സിആര്‍പിഎഫും ചേര്‍ന്ന് നടത്തിയ തെരച്ചിലില്‍ 37 മാവോയിസ്റ്റുകളെ കൊലപ്പെടുത്തി. നാലു പതിറ്റാണ്ടിനിടെ നടന്ന മഹാരാഷ്ട്രയിലെ ഏറ്റവും വലിയ ഈ മാവോയിസ്റ്റ് വേട്ടയെ തുടര്‍ന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നവിസിന് രണ്ട് വധഭീഷണി കത്തുകള്‍ വന്നു. ഭീമ-കൊറെഗാവ് കലാപത്തിനു പിന്നാലെ മഹാരാഷ്ട്ര കേന്ദ്രീകരിച്ച് പ്രവര്‍ത്തനം വ്യാപിപ്പിക്കാനുള്ള മാവോയിസ്റ്റ് ഗ്രൂപ്പുകളുടെ നീക്കമാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ തകര്‍ത്തത്. ഗഡ്ചിരോൡസംഭവത്തിന് പകരം ചോദിക്കുമെന്നാണ് മാവോയിസ്റ്റ് സംഘടനകളുടെ ഭീഷണി. 

ഭീമ-കൊറെഗാവ് കലാപക്കേസില്‍ അറസ്റ്റിലായ അഞ്ച് മാവോയിസ്റ്റ് തീവ്രവാദികളും നഗരങ്ങള്‍ കേന്ദ്രീകരിച്ച് മാവോയിസ്റ്റ് ആശയങ്ങള്‍ പ്രചരിപ്പിക്കുന്നവരാണ്. ഇവര്‍ അഞ്ചുപേരും ഫേസ് ബുക്ക് അടക്കമുള്ള സമൂഹമാധ്യമങ്ങളില്‍ പരസ്പരം സുഹൃത്തുക്കളുമാണ്. ഭീമ കൊറെഗാവ് കലാപത്തിന് രണ്ട് ദിവസം മുന്‍പ് പൂനെയിലെ ശനിവാര്‍വാഡയില്‍ നടന്ന നക്‌സല്‍ സംഘടനകളുടെ യോഗത്തില്‍ പങ്കെടുത്തവരാണ് ഇവരെല്ലാമെന്ന് പോലീസ് വ്യക്തമാക്കുന്നു. ഇരുനൂറ് വര്‍ഷം മുന്‍പ് നടന്ന ഭീമ-കൊറെഗാവ് സംഭവത്തിന്റെ വാര്‍ഷികാചരണത്തില്‍ നുഴഞ്ഞുകയറി കലാപം ആസൂത്രണം ചെയ്യപ്പെട്ടത് ഈ യോഗത്തിലായിരുന്നു. ഡിസംബര്‍ അവസാനം ശനിവാര്‍വാഡയില്‍ നടന്ന എള്‍ഗാര്‍ പരിഷത്ത് യോഗത്തില്‍ നവ പേഷ്വാ യുഗത്തിന് (മോദി ഭരണത്തിന്റെ മാവോയിസ്റ്റ് വിശേഷണം) അന്ത്യം കുറിക്കണമെന്ന ആഹ്വാനമുണ്ടായി എന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയത്. 

കലാപത്തിന് പിന്നിലെ കറുത്ത'കൈ'

പേഷ്വാ ഭരണ സിരാകേന്ദ്രമായതിനാലാണ് ശനിവാര്‍വാഡയെ യോഗത്തിനായി മാവോയിസ്റ്റുകള്‍ തെരഞ്ഞെടുത്തത്. പേഷ്വാ സൈന്യത്തിനെതിരെ ബ്രിട്ടീഷുകാരുടെ മഹര്‍ സൈന്യം വിജയം വരിച്ചതിന്റെ വാര്‍ഷികാഘോഷമായ ഭീമ-കൊറെഗാവ് യുദ്ധവിജയ വാര്‍ഷികത്തെ കേന്ദ്രസര്‍ക്കാരിനെതിരായ കലാപമാക്കി വളര്‍ത്താനായിരുന്നു നീക്കം. ജനുവരി ഒന്നിന് ആരംഭിച്ച ഭീമ-കൊറെഗാവ് വിജയാഘോഷം വളരെ വേഗത്തില്‍ കലാപമായി മാറുകയും, പൊതുമുതല്‍ നശീകരണത്തിലേക്ക് എത്തിപ്പെടുകയുമായിരുന്നു. ഒരാള്‍ കൊല്ലപ്പെടുകയും നൂറുകണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഗജറാത്തിലെ എംഎല്‍എയും ദളിത് ആക്ടിവിസ്റ്റുമായ ജിഗ്നേഷ് മേവാനിയുടെ പ്രകോപനപരമായ പ്രസംഗമായിരുന്നു കലാപത്തിന് തുടക്കമിട്ടത്. പാവപ്പെട്ടവരും നിരക്ഷരരുമായ ആദിവാസികളെയും ദളിതരെയും മുന്നില്‍ നിര്‍ത്തിയായിരുന്നു മാവോയിസ്റ്റ് ഗ്രൂപ്പുകളുടെ കലാപ നീക്കം. ജനുവരി മൂന്നിന് ദളിത് സംഘടനകള്‍ മഹാരാഷ്ട്ര ബന്ദും സംഘടിപ്പിച്ചിരുന്നു. 

പ്രൊഫ. ഷോമ സെന്‍ നഗരങ്ങള്‍ കേന്ദ്രീകരിച്ച് മാവോയിസ്റ്റ് സംഘങ്ങളെ വളര്‍ത്തുന്നതിന്റെ ചുമതലക്കാരിയാണെന്ന് പൂനെ പോലീസ് കണ്ടെത്തിയിരിക്കുന്നു. എട്ടു കോടി രൂപ സമാഹരിക്കുന്നതിനുള്ള ചുമതലയും ഷോമയ്ക്കാണ്. ശനിവാര്‍വാഡയില്‍ നടന്ന എള്‍ഗാര്‍ പരിഷത്ത് യോഗത്തില്‍ ഇവരുമുണ്ടായിരുന്നു. മാവോയിസ്റ്റ് ഗ്രൂപ്പുകളുമായുള്ള ഷോമ സെന്നിന്റെ ശക്തമായ ബന്ധങ്ങള്‍ നാഗ്പൂരിലെ സീതാബുള്‍ഡി പോലീസ് സ്‌പെഷ്യല്‍ ബ്രാഞ്ച് മാസങ്ങള്‍ക്ക് മുന്നേ റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കിലും നടപടികള്‍ എടുത്തിരുന്നില്ല. 

 പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കള്‍ക്കും ഭീമ-കൊറെഗാവ് കലാപത്തില്‍ പങ്കുണ്ടെന്നാണ് പോലീസ് കണ്ടെത്തല്‍. മോദി സര്‍ക്കാരിനെതിരെ രാജ്യമാസകലം കലാപങ്ങള്‍ സംഘടിപ്പിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് ഭീമ-കൊറെഗാവ് കലാപവും. കലാപത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച മാവോയിസ്റ്റ് നേതാക്കളുടെ അടുത്ത ലക്ഷ്യം രാജീവ് ഗാന്ധി വധത്തിന്റെ മാതൃകയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കൊലപ്പെടുത്തുകയാണെന്ന കണ്ടെത്തലുകളുടെ ഗൗരവം വര്‍ദ്ധിക്കുന്നതും ഇതിനാലാണ്. 

5 വധഭീഷണികള്‍

2013 ഒക്‌ടോബര്‍ 27

പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായിരുന്ന നരേന്ദ്ര മോദി പങ്കെടുത്ത പാട്‌നയിലെ ഹുങ്കാര്‍ റാലിക്കടുത്ത് ബോംബ് സ്‌ഫോടനങ്ങള്‍. ബോംബുകള്‍ സ്ഥാപിച്ച പത്ത് സിമി ഭീകരര്‍ പിന്നീട് പിടിയിലായി.

2015 മെയ്

ബിജെപി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികദിനത്തിന്റെ ഭാഗമായി യുപിയില്‍ ദീനദയാല്‍ ഉപാധ്യായയുടെ ജന്മഗ്രാമത്തില്‍ നടന്ന പരിപാടിയില്‍ മോദി പ്രസംഗിക്കുന്ന വേദി തകര്‍ക്കുമെന്ന് വാട്‌സ് ആപ് വഴി ഭീഷണി. പോലീസ് നടത്തിയ അന്വേഷണത്തില്‍ ഒരാളെ കസ്റ്റഡിയിലെടുത്തു.

2017 ഫെബ്രുവരി

യുപി നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനിടെ മൗ ജില്ലയില്‍വച്ച് മോദിയെ വധിക്കുമെന്ന് പോലീസിന് അജ്ഞാത സന്ദേശം. ഹരേണ്‍ പാണ്ഡ്യ വധക്കേസിലെ പ്രതി റസൂല്‍ പാടിയും സംഘവും ചേര്‍ന്ന് മോദിയുടെ വാഹനവ്യൂഹത്തെ റോക്കറ്റ് ലോഞ്ചറുപയോഗിച്ച് ആക്രമിക്കുമെന്നായിരുന്നു ഭീഷണി.

2017 ജൂണ്‍

കേരളത്തില്‍ മെട്രോ റെയില്‍ ഉദ്ഘാടനത്തിനെത്തുന്ന മോദിയെ അപായപ്പെടുത്താന്‍ ഭീകരവാദികള്‍ ശ്രമിക്കുന്നതായി ഡിജിപി: ടി.പി. സെന്‍കുമാര്‍ വെളിപ്പെടുത്തി. പരിപാടി തീര്‍ന്നതിനുശേഷമാണ് ഇക്കാര്യം അദ്ദേഹം വെളിപ്പെടുത്തിയത്. ഭീഷണിയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടില്ല.

2018 ജൂണ്‍

 മോദിയെ വധിക്കാന്‍ മാവോയിസ്റ്റുകള്‍ പദ്ധതിയിടുന്നതായി പൂനെ പോലീസിന്റെ വെളിപ്പെടുത്തല്‍. ഭീമ-കൊറെഗാവ് അക്രമവുമായി ബന്ധപ്പെട്ട് പിടിയിലായ റോണ വില്‍സണ്‍ എന്ന മാവോയിസ്റ്റിന്റെ പക്കല്‍നിന്ന് പിടിച്ചെടുത്ത കത്തിലാണ് രാജീവ്ഗാന്ധിയെ വധിച്ച രീതിയില്‍ മോദിയെയും വധിക്കാന്‍ പദ്ധതിയുള്ളതായി വിവരിക്കുന്നത്.

                                                               അവര്‍ അഞ്ചുപേര്‍

റോണാ വില്‍സണ്‍

കൊല്ലം നീണ്ടകര സ്വദേശി. ദല്‍ഹിയില്‍ നിന്ന് മാഹാരാഷ്ട്ര പോലീസിന്റെ പിടിയിലായി. മാവോയിസ്റ്റ് ബന്ധത്തിന്റെ പേരില്‍ അറസ്റ്റിലായ ദല്‍ഹി യൂണിവേഴ്‌സിറ്റി പ്രൊഫ. ജി.എന്‍. സായിബാബയുടെ അനുചരന്‍. രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കാനാവശ്യപ്പെടുന്ന സംഘടനയുടെ ജനറല്‍ സെക്രട്ടറി.

 

 

സുധീര്‍ ധവാലെ

മഹാരാഷ്ട്രയില്‍ പ്രവര്‍ത്തിക്കുന്ന ദല്‍ഹിക്കാരന്‍. 'വിദ്രോഹി' മാസികയുടെ എഡിറ്റര്‍. ഭീമ-കൊറേഗാവ് അക്രമത്തിന്റെ അണിയറ ശില്‍പി. മാവോയിസ്റ്റ് ഭീകരരും അര്‍ബന്‍ നക്‌സലുകളുമായുള്ള ബന്ധത്തിലെ പ്രധാന കണ്ണി.

ഷോമാ സെന്‍

നാഗ്പൂര്‍ സര്‍വ്വകലാശാലയിലെ ഇംഗ്ലീഷ് വിഭാഗം മേധാവി. ഭര്‍ത്താവ് തുഷാര്‍ ഭട്ടാചാര്യയെ മാവോയിസ്റ്റ് ബന്ധത്തിന്റെ പേരില്‍ 2017-ല്‍ ഗുജറാത്ത് പോലീസ് അറസ്റ്റ് ചെയ്തു. ഭീമാ-കൊറേഗാവ് കേസില്‍ നാഗ്പൂരില്‍ നിന്ന് അറസ്റ്റിലായി. 

സുരേന്ദ്ര ഗാഡ്‌ലിങ്

അഭിഭാഷകന്‍. ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ലോയേഴ്‌സ് ജനറല്‍ സെക്രട്ടറി. മാവോയിസ്റ്റുകളുടെ നഗര പ്രവര്‍ത്തന ശൃംഖലയില്‍പ്പെടുന്ന പ്രധാന വ്യക്തി. 

മഹേഷ് റൗത്ത്

ചത്തീസ്ഗഢില്‍ ആദിവാസി ക്ഷേമത്തിന്റെ മറവില്‍ മാവോയിസ്റ്റുകള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നയാള്‍. മഹാരാഷ്ട്രയിലെ ഗഡ്ചിരോളിയില്‍ നിന്ന് 2012- ല്‍ അറസ്റ്റിലായി.  അന്നത്തെ കേന്ദ്ര നഗരവികസന മന്ത്രി ജയ്‌റാംരമേശിന്റെ സ്വാധീനഫലമായി വിട്ടയയ്ക്കപ്പെട്ടു. ഭീമ-കൊറേഗാവ് കേസില്‍ അറസ്റ്റിലായി.

ആ കത്തിലുള്ളത്

''ഹിന്ദു ഫാസിസത്തെ പരാജയപ്പെടുത്തുകയാണ് ഞങ്ങളുടെ മുഖ്യ അജണ്ട''എന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പുറത്തുവിട്ട കത്തില്‍ പറയുന്നു. ''രാജ്യത്തെ സമാന ചിന്താഗതിയുള്ള സംഘടനകള്‍, രാഷ്ട്രീയപാര്‍ട്ടികള്‍, മതന്യൂനപക്ഷ പ്രതിനിധികള്‍ എന്നിവരുമായി ഞങ്ങള്‍ ബന്ധം ശക്തിപ്പെടുത്തിവരികയാണ്'' എന്നും കത്തില്‍ പറയുന്നുണ്ട്.

''ബീഹാറിലും പശ്ചിമബംഗാളിലും പരാജയപ്പെട്ടെങ്കിലും 15-ലേറെ സംസ്ഥാനങ്ങളില്‍ പ്രധാനമന്ത്രി മോദിക്ക് വിജയകരമായി സര്‍ക്കാരുകള്‍  രൂപീകരിക്കാനായി. ഇത് മറ്റുള്ള പാര്‍ട്ടികള്‍ക്കും പ്രശ്‌നമാണ്'' എന്ന് കത്തിലുണ്ട്. 'മോദിയുഗം അവസാനിപ്പിക്കാനുള്ള ശക്തമായ നടപടികള്‍' മുതിര്‍ന്ന സഖാക്കള്‍ ആലോചിക്കുന്നതായി കത്തിലുണ്ട്. ഇതിനായി അമേരിക്കന്‍ നിര്‍മിത എം-4 റൈഫിള്‍ വാങ്ങാന്‍ എട്ട് കോടി രൂപ സമാഹരിക്കുന്നതിനെക്കുറിച്ച് കത്തില്‍ പരാമര്‍ശം.

''രാജീവ്ഗാന്ധിയെ വധിച്ച രീതിയിലുള്ള സംഭവത്തെക്കുറിച്ചാണ് ഞങ്ങള്‍ ആലോചിക്കുന്നത്. ഇത് ആത്മഹത്യാപരമായിരിക്കാം. നമ്മള്‍ പരാജയപ്പെടാനും സാധ്യതയുണ്ട്. പക്ഷേ പദ്ധതിയെക്കുറിച്ച് പാര്‍ട്ടി ആലോചിക്കണം'' എന്ന് കത്തിലുള്ളതായി പബ്ലിക് പ്രോസിക്യൂട്ടര്‍ ഉജ്ജ്വല പവാര്‍ കോടതിയെ ബോധിപ്പിച്ചു.

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.