ദക്ഷിണേന്ത്യയിലെ ആദ്യ യുദ്ധവിമാന പൈലറ്റായി മേഘന

Sunday 17 June 2018 6:12 am IST
ചിക്കമംഗളൂരുകാരിയായ മേഘന (23) അച്ഛനെയും അമ്മയെയും സഹോദരനെയും സാക്ഷി നിര്‍ത്തി ചരിത്രം കുറിച്ചു. ഇന്ത്യന്‍ എയര്‍ഫോഴ്‌സില്‍ ആറാമത്തെയും ദക്ഷിണേന്ത്യയിലെ ആദ്യത്തെയും വനിതാ പൈലറ്റായി പഠനം പൂര്‍ത്തിയാക്കി. ദിന്‍ഡികല്‍ ഇന്ത്യന്‍ എയര്‍ഫോഴ്‌സ് അക്കാദമിയില്‍ നടന്ന ബിരുദദാന ചടങ്ങില്‍ സാക്ഷിയാകാന്‍ മേഘനയുടെ കുടുംബം ഒന്നടങ്കം എത്തിയിരുന്നു.

ബെംഗളൂരു: ചിക്കമംഗളൂരുകാരിയായ മേഘന (23) അച്ഛനെയും അമ്മയെയും സഹോദരനെയും സാക്ഷി നിര്‍ത്തി ചരിത്രം കുറിച്ചു. ഇന്ത്യന്‍ എയര്‍ഫോഴ്‌സില്‍ ആറാമത്തെയും ദക്ഷിണേന്ത്യയിലെ ആദ്യത്തെയും വനിതാ പൈലറ്റായി പഠനം പൂര്‍ത്തിയാക്കി. ദിന്‍ഡികല്‍ ഇന്ത്യന്‍ എയര്‍ഫോഴ്‌സ് അക്കാദമിയില്‍ നടന്ന ബിരുദദാന ചടങ്ങില്‍ സാക്ഷിയാകാന്‍ മേഘനയുടെ കുടുംബം ഒന്നടങ്കം എത്തിയിരുന്നു. 

ചെറുപ്പം മുതല്‍ വ്യത്യസ്തത തേടിയുള്ള മേഘനയുടെ യാത്രയാണ് ചരിത്രത്തിലേക്ക് നയിച്ചത്. ചിക്കമംഗളൂരു മഹര്‍ഷി വിദ്യാമന്ദിറിലായിരുന്നു നാലാം ക്ലാസ് വരെ പഠനം, അഞ്ചുമുതല്‍ 12വരെ ഉഡുപ്പി ലിറ്റില്‍ റോക് ഇന്ത്യന്‍ സ്‌കൂളില്‍. പിന്നീട് മൈസൂരു ജയചാമരാജേന്ദ്ര കോളേജ് ഓഫ് എന്‍ജിനീയറിങില്‍ ഇന്‍ഫര്‍മേഷന്‍ സയന്‍സ് കോഴ്‌സിന് ചേര്‍ന്നു. 

ഇവിടെ മേഘന ഒരു സാഹസിക ക്ലബ്ബിന് രൂപം നല്‍കി. പഠനത്തിന്റെ ഇടവേളകളില്‍ മലയകറ്റം, വനയാത്ര തുടങ്ങിയവ സംഘടിപ്പിച്ചു. ഇതിനിടയില്‍ പാരാ  ഗ്ലൈഡര്‍ പരിശീലിച്ചു. ഇതാണ് പൈലറ്റിലേക്കുള്ള പാതയിലെ ആദ്യ ചവിട്ടു പടി. എന്‍ജിനീയറിങ് രണ്ടാം വര്‍ഷം പാരാ ഗ്ലൈഡറില്‍ ഗോവ ബീച്ചില്‍ ആദ്യ പറക്കല്‍ നടത്തി. 

2016ല്‍ ഇന്ത്യന്‍ എയര്‍ഫോഴ്‌സിലേക്ക് വനിതാ പൈലറ്റുമാരെ ക്ഷണിച്ചുള്ള അറിയിപ്പ് കണ്ടു. ഇതോടൊപ്പം എയര്‍ഫോഴ്‌സിലെ ആദ്യ വനിതാ പൈലറ്റുമാരായ മോഹാനാ സിങ്, ഭാവന കന്ദ്, അവാനി ചതുര്‍വേദി എന്നിവരെ കുറിച്ചുള്ള വാര്‍ത്തകളും വായിച്ചു. 

ഇതോടെ എയര്‍ഫോഴ്‌സില്‍ ചേരാന്‍ തീരുമാനിച്ചു. എയര്‍ഫോഴ്‌സ് കോമണ്‍ അഡ്മിഷന്‍ ടെസ്റ്റ് (എഎഫ്‌സിഎറ്റി) സര്‍വീസ് സെലക്ഷന്‍ ബോര്‍ഡ് (എസ്എസ്ബി) ആദ്യ അവസരത്തില്‍ പാസായി. 

2017 ജനുവരിയില്‍ എയര്‍ഫോഴ്‌സ് ആക്കാഡമിയില്‍ ഫ്‌ളൈറ്റ് കേഡറ്റായി ചേര്‍ന്നു. 2017 ആഗസ്റ്റില്‍ ആദ്യമായി മേഘന തനിച്ച് വിമാനം പറത്തി. 20 മിനിട്ടായിരുന്നു ആദ്യ പറക്കല്‍. അത് തന്റെ ജീവിതത്തിലെ മറക്കാനാകാത്ത ദിവസമാണെന്ന് മേഘന പറഞ്ഞു. ഒരു മാസത്തെ അവധിക്ക് ശേഷം ബിദാറിലെ എയര്‍ഫോഴ്‌സ് സ്റ്റേഷനില്‍ അടുത്ത ഘട്ട പരിശീലനത്തിനായി മേഘന എത്തിച്ചേരും. 

അച്ഛന്‍ അഡ്വ. എം.കെ. രമേശ്, അമ്മ ഉഡുപ്പി ജില്ലാ കണ്‍സ്യൂമര്‍ ഫോറം ജഡ്ജ് സി.വി. ശോഭ. ഏക സഹോദരന്‍ നിര്‍ണയ്. ആത്മവിശ്വാസം കൊണ്ട് ജീവിത വിജയം നേടിയ മേഘന ചിക്കമംഗളൂരു ഗ്രാമത്തിന്റെ അഭിമാനമാവുകയാണ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.