മുന്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ ആത്മഹത്യ; സിപിഎം പ്രതിക്കൂട്ടില്‍

Sunday 17 June 2018 6:20 am IST
സിപിഎം നേതാവും എളങ്കുന്നപ്പുഴ മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ വി.കെ. കൃഷ്ണന്‍ കായലില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സിപിഎം പ്രതിക്കൂട്ടില്‍. സിപിഎം നേതൃത്വത്തിന്റെ പീഡനത്തിലും അവഹേളനത്തിലും മനംമടുത്തായിരുന്നു ആത്മഹത്യ.

വൈപ്പിന്‍ (കൊച്ചി): സിപിഎം നേതാവും എളങ്കുന്നപ്പുഴ മുന്‍ ഗ്രാമപഞ്ചായത്ത്  പ്രസിഡന്റുമായ വി.കെ. കൃഷ്ണന്‍ കായലില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സിപിഎം പ്രതിക്കൂട്ടില്‍. സിപിഎം നേതൃത്വത്തിന്റെ  പീഡനത്തിലും അവഹേളനത്തിലും മനംമടുത്തായിരുന്നു ആത്മഹത്യ. ആത്മഹത്യയ്ക്ക് മുമ്പ് കൃഷ്ണന്‍ സിപിഎം പ്രാദേശിക നേതൃത്വത്തിനെതിരെ എഴുതിയ കത്തില്‍ ഇത് വ്യക്തമായുണ്ട്. വെള്ളിയാഴ്ച രാവിലെ കണ്ണമാലി തീരത്തു നിന്ന് കണ്ടെടുത്ത കൃഷ്ണന്റെ മൃതദേഹം സംസ്‌കരിച്ചു. 

കൃഷ്ണന്റെ ആത്മഹത്യയെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് സിപിഐ ആവശ്യപ്പെട്ടിട്ടുണ്ട്. സിപിഎമ്മില്‍ കൃഷ്ണന് കടുത്ത മാനസിക പീഡനമുണ്ടായിട്ടുണ്ടെന്നും സിപിഐയിലേക്ക് വരാന്‍ കൃഷ്ണന്‍ ആലോചിച്ചിരുന്നെന്നും സിപിഐ ജില്ലാ സെക്രട്ടറി പി. രാജു പറയുന്നു. സിപിഎമ്മിനുള്ളിലെ ഒരു വിഭാഗവും സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന ആവശ്യമുന്നയിച്ചതായാണ് സൂചന. 

ആത്മഹത്യ ചെയ്യാന്‍ കാരണക്കാരായവരെ  നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന്  വീട് സന്ദര്‍ശിച്ച ശേഷം    പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടിരുന്നു. സിപിഎമ്മിലെ സമ്മര്‍ദ്ദമാണ് കൃഷ്ണനെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍ പറഞ്ഞു. കൃഷ്ണന്റെ വീട് സന്ദര്‍ശിച്ച ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കൃഷ്ണന് പാര്‍ട്ടിക്കുള്ളില്‍ കടുത്ത പീഡനമാണ് അനുഭവിക്കേണ്ടി വന്നതെന്ന് കൃഷ്ണന്റെ ബന്ധുക്കളും ആരോപിച്ചിട്ടുണ്ട്. വൈപ്പിന്‍-ഫോര്‍ട്ട്‌കൊച്ചി ഫെറിയില്‍ ചൊവ്വാഴ്ച രാത്രിയാണ് കൃഷ്ണന്‍ ആത്മഹത്യചെയ്യാനായി ബോട്ടില്‍ നിന്നും കായലിലേക്ക് ചാടിയത്. 

തന്നെ പുകച്ച് പുറത്തുചാടിക്കാന്‍ സിപിഎം എളങ്കുന്നപ്പുഴ ലോക്കല്‍ കമ്മിറ്റി ശ്രമിക്കുന്നെന്ന് കുറ്റപ്പെടുത്തി എഴുതിവെച്ച ആത്മഹത്യാക്കുറിപ്പ് ബോട്ടിലെ യാത്രക്കാരന് കൈമാറിയശേഷമാണ് കായലില്‍ ചാടിയത്. ഏതാനും മാസങ്ങള്‍ക്ക്്  മുമ്പ് അവിശ്വാസപ്രമേയത്തിലൂടെയാണ് കൃഷ്ണന് പ്രസിഡന്റ് സ്ഥാനം നഷ്ടമായത്. എളങ്കുന്നപ്പുഴ ലോക്കല്‍ കമ്മിറ്റിയംഗമായിരുന്നു കൃഷ്ണന്‍. സ്ഥാനനഷ്ടമല്ല, ആത്മഹത്യക്കു കാരണമെന്നും തന്നെ പുകച്ചുപുറത്താക്കുന്നത് പാര്‍ട്ടി  ലോക്കല്‍ കമ്മറ്റിയാണെന്നും കത്തില്‍ വ്യക്തമാക്കിയിരുന്നു. അതേസമയം, സംഭവത്തെക്കുറിച്ച് പാര്‍ട്ടി അന്വേഷിക്കുമെന്നാണ് എസ്. ശര്‍മ്മ എംഎല്‍എയുടെ നിലപാട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.