ശബരിമലയില്‍ ആചാരലോപം; ഭഗവാന് അനിഷ്ടം

Sunday 17 June 2018 6:53 am IST
ശബരിമലയിലെ ആചാരങ്ങളിലുണ്ടായിട്ടുള്ള മാറ്റങ്ങളില്‍ അയ്യപ്പസ്വാമിക്ക് അനിഷ്ടമുണ്ടെന്ന് ദേവപ്രശ്‌നത്തില്‍ തെളിഞ്ഞു. ഇരിങ്ങാലക്കുട പത്മനാഭ ശര്‍മ്മയുടെ നേതൃത്വത്തിലാണ് സന്നിധാനത്ത് രണ്ടു ദിവസമായി ദേവപ്രശ്‌നം നടക്കുന്നത്.

ശബരിമല: ശബരിമലയിലെ ആചാരങ്ങളിലുണ്ടായിട്ടുള്ള മാറ്റങ്ങളില്‍ അയ്യപ്പസ്വാമിക്ക് അനിഷ്ടമുണ്ടെന്ന് ദേവപ്രശ്‌നത്തില്‍ തെളിഞ്ഞു. ഇരിങ്ങാലക്കുട പത്മനാഭ ശര്‍മ്മയുടെ നേതൃത്വത്തിലാണ് സന്നിധാനത്ത് രണ്ടു ദിവസമായി  ദേവപ്രശ്‌നം നടക്കുന്നത്. 

മകരവിളക്കിനു ശേഷം മാളികപ്പുറത്തു നടക്കുന്ന അഞ്ചു ദിവസത്തെ എഴുന്നെള്ളത്ത് ആചാരങ്ങളില്‍ നിന്നും ഏറെ വ്യതിചലിച്ചു. പുരാതന കാലം മുതല്‍ മകരമാസത്തിലെ എഴുന്നെള്ളത്തിന് ആനയെ ഉപയോഗിച്ചിരുന്നത് മാറ്റിയതും ഭഗവാന് അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്. ആന മൂലം അനിഷ്ട സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ ആനയെ നിരോധിക്കുകയല്ല, കാരണം കണ്ടെത്തി പരിഹരിക്കുകയാണ് വേണ്ടത്.

  മീനത്തിലെ ഉത്സവത്തിന് ആന നിര്‍ബ്ബന്ധമില്ല. തിടമ്പുകളിലുണ്ടായിട്ടുള്ള വൈകല്യം പരിഹരിക്കണം. എഴുന്നെള്ളിപ്പിന് അകമ്പടിയായി ഉണ്ടായിരുന്ന വാള്‍ ഒഴിവാക്കിയതും ദേവന് ഇഷ്ടമായിട്ടില്ല. ഭഗവാന്റെ ദൃഷ്ടി പഥത്തില്‍ ദോഷമായി പതിനെട്ടാം പടിയുടെ മേല്‍ക്കൂരയുടെ അശാസ്ത്രീയത പരിഹരിക്കണം. പൊന്നമ്പലമേടിന്റെ അവകാശത്തര്‍ക്കവും ദേവന് അഹിതമാണ്. അവിടം ഇന്നത്തെ നിലയില്‍ത്തന്നെ കാത്തു സൂക്ഷിക്കണം. 

നിവേദ്യത്തിലും ഉപേക്ഷയാണു കാണുന്നത്. ദേവന് അരവണ പോലെ പാല്‍ പായസവും പൂജ നടക്കുന്ന എല്ലാ ദിവസവും പ്രധാനമാണ്. അത്താഴപ്പൂജയ്ക്ക് പാലും  താംബൂല നിവേദ്യവും നിര്‍ബ്ബന്ധമായും വേണം. ഇപ്പോള്‍ ശനിയാഴ്ച മാത്രം നിവേദിക്കുന്ന തിലപായസവും എന്നും ഒരുക്കണം. ഉപദേവതകള്‍ക്കുള്ള നിവേദ്യത്തിലും കുറവുണ്ട്. നിവേദ്യസ്ഥാനത്ത് അശുദ്ധിയുണ്ട്. കളഭം ഉള്‍പ്പടെ ഉപയോഗിക്കുന്നതെല്ലാം ശുദ്ധമാണെന്ന് ഉറപ്പാക്കണം. ശബരിമലയില്‍ ഭസ്മക്കുളവും തീര്‍ത്ഥക്കുളവും പുനഃസ്ഥാപിക്കണം. ഇപ്പോഴത്തെ ഭസ്മക്കുളം പിന്നീട് നിര്‍മ്മിച്ചതും സ്വാഭാവിക നീരൊഴുക്ക് ഇല്ലാത്തതുമാണ്. ശരംകുത്തിയുടെ യഥാര്‍ത്ഥ സ്ഥാനം മാറുകയും അശുദ്ധമാകുകയും ചെയ്തിട്ടുണ്ട്. ശബരിമലയുമായി  ബന്ധമുള്ള വണ്ടിപ്പെരിയാര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തെ  അവഗണിക്കുന്നതിന് പരിഹാരം കാണണം. ശബരിമലയുമായി ഏറെ ബന്ധമുള്ള ഒരു വൈഷണവ ക്ഷേത്രവും നശിച്ചു പോയിട്ടുണ്ട്. ആ ക്ഷേത്രം വീണ്ടെടുത്ത് പുനഃപ്രതിഷ്ഠ നടത്തണം. കൊച്ചു കടുത്ത സ്വാമിയുടെ സ്ഥാനമാറ്റവും ഭഗവാനു ഹിതകരമല്ല. സര്‍പ്പത്തിന് ഏറെ പ്രാധാന്യമുള്ള ശബരിമലയില്‍ സര്‍പ്പനാശം ഉണ്ടായിട്ടുണ്ട്. അതുപോലെ ഗോക്കള്‍ക്കും ദുര്‍മരണം ഉണ്ടായിട്ടുണ്ട്. ഗോശാല കെട്ടി ഗോക്കളെ  സംരക്ഷിക്കണം. 

പമ്പാ ത്രിവേണിയിലെ ശ്രീരാമപാദം ശ്രീരാമ സ്മരണയോടെ സംരക്ഷിക്കണം. പമ്പയില്‍ ഭദ്രകാളി സാന്നിദ്ധ്യമുണ്ട്.  അവിടെ ഗുരുതി നടന്നിരുന്ന സ്ഥാനത്തിന് വന്നിട്ടുള്ള മാറ്റം  ദോഷത്തിന് കാരണമാകുന്നു. ശബരിമലയ്ക്കു തുല്യമായ പ്രാധാന്യം മാളികപ്പുറത്തിനും നല്കണം. അവിടെ നടക്കുന്ന കളമെഴുത്തുംപാട്ടും അപൂര്‍ണ്ണമാണ്. വ്യവഹാരങ്ങളുടെ പേരില്‍  തന്ത്രി കണ്ഠരര് മോഹനരെ മാറ്റി നിര്‍ത്തിയതിലും ഭഗവാന്  അതൃപ്തിയുള്ളതായി ദൈവജ്ഞന്‍ പറഞ്ഞു. വലിയതന്ത്രി കണ്ഠര് മഹേശ്വരരുടെ മരണം മൂലം മുമ്പു നിശ്ചയിരുന്ന ദേവപ്രശ്‌നം മാറ്റി വയ്‌ക്കേണ്ടി വന്നതിനേക്കുറിച്ചുള്ള വിചിന്തനത്തിലാണ് ഇതു തെളിഞ്ഞത്. തന്ത്രികുടുംബത്തില്‍ പഴയ കാലത്തു നടന്നിരുന്ന പോലെ ശാസ്താവിനുള്ള പൂജകള്‍ പുനഃസ്ഥാപിക്കണം. ദേവപ്രശ്‌ന വിചാരം ഇന്ന് പൂര്‍ത്തിയാകും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.