പെണ്‍വീട്ടുകാരുടെ ഭീഷണി കമിതാക്കള്‍ക്ക് ഒരുമിച്ച് ജീവിക്കാന്‍ കോടതി അനുമതി

Sunday 17 June 2018 6:57 am IST
പെണ്‍വീട്ടുകാരുടെ ഭീഷണിയെ തുടര്‍ന്ന് നാടുവിട്ട കമിതാക്കള്‍ക്ക് ഒരുമിച്ച് ജീവിക്കാന്‍ അനുമതി. വീട്ടുകാരുടെ ഭീഷണിയെ തുടര്‍ന്ന് നാടുവിട്ട ഇതരമതസ്ഥരായ യുവാവിനും യുവതിക്കും ഒന്നിച്ച് ജീവിക്കാന്‍ ഇടുക്കി മജിസ്ട്രേറ്റ് കോടതിയാണ് അനുമതി നല്‍കിയത്.

തൊടുപുഴ: പെണ്‍വീട്ടുകാരുടെ ഭീഷണിയെ തുടര്‍ന്ന് നാടുവിട്ട കമിതാക്കള്‍ക്ക് ഒരുമിച്ച് ജീവിക്കാന്‍ അനുമതി. വീട്ടുകാരുടെ ഭീഷണിയെ തുടര്‍ന്ന് നാടുവിട്ട ഇതരമതസ്ഥരായ യുവാവിനും യുവതിക്കും ഒന്നിച്ച് ജീവിക്കാന്‍ ഇടുക്കി മജിസ്ട്രേറ്റ് കോടതിയാണ് അനുമതി നല്‍കിയത്.

കോട്ടയത്ത് ദുരഭിമാനക്കൊലയ്ക്ക് ഇരയായ കെവിന്റെ ഗതി തനിക്കുമുണ്ടാകുമെന്ന് പാലക്കാട് ചെര്‍പ്പുളശേരിയില്‍ നിന്ന് തൊടുപുഴ കുന്നം സ്വദേശി യുവാവിന്റെ ഫേസ്ബുക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. 

ഇസ്ലാം മതവിശ്വാസിയായ യുവതിയെ ബുധനാഴ്ച മുതല്‍ കാണാതായെന്ന് കാട്ടി ബന്ധുക്കള്‍ കരിമണ്ണൂര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. പോലീസ് കേസും റജിസ്റ്റര്‍ ചെയ്തു. ഇതിനിടെ രണ്ടു പേരും ചെര്‍പ്പുളശേരിയിലെ ബന്ധുവീട്ടിലെത്തി. യുവാവിന്റെ ബന്ധു ഇക്കാര്യം അവിടുത്തെ പോലീസില്‍ അറിയിച്ചതോടെ യുവാവിനെയും യുവതിയെയും സ്റ്റേഷനിലെത്തിച്ചു. 

പോലീസ് സ്റ്റേഷനില്‍ വച്ചാണു യുവാവ് ഫെയ്സ്ബുക് പോസ്റ്റിട്ടത്. യുവതിയുമായി ഒരു വര്‍ഷത്തോളമായി പ്രണയത്തിലാണ്. പ്രണയത്തെ വീട്ടുകാര്‍ എതിര്‍ത്തു. മറ്റൊരു വിവാഹം കഴിക്കാന്‍ യുവതിയെ വീട്ടുകാര്‍ നിര്‍ബന്ധിച്ചതിനാലാണ് യുവതിയുമൊത്ത് രക്ഷപ്പെട്ടത്. വീടും സുഹൃത്തുക്കളും യുവതിയുടെ വീട്ടുകാര്‍ നിയോഗിച്ച ഗുണ്ടകളുടെ നിയന്ത്രണത്തിലാണ്. തന്നെയും യുവതിയെയും അവര്‍ വധിക്കുമെന്നുറപ്പാണ്. 

മരണമൊഴി നല്‍കാന്‍ സാധിക്കില്ല. കുറിപ്പ് മരണമൊഴിയായി കണക്കാക്കണം. ആര്‍ക്കെങ്കിലും രക്ഷിക്കാന്‍ കഴിയുമെങ്കില്‍ സഹായിക്കണമെന്നും ആണ് പോസ്റ്റില്‍ പറഞ്ഞത്. 

ഇവിടെ നിന്ന് ഇരുവരെയും വെള്ളിയാഴ്ച രാവിലെ കരിമണ്ണൂരിലെ സ്‌റ്റേഷനിലെത്തിച്ചതോടെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ഭീഷണിയുമായി തടിച്ച് കൂടി. 

പിന്നീട് ജഡ്ജിയുടെ വീട്ടില്‍ പോലീസ് ഇരുവരെയും ഹാജരാക്കുകയും അനുകൂല വിധി വരുകയുമായിരുന്നു. ഹൈന്ദവ വിശ്വാസിയായ യുവാവിനെ കാണാനില്ലെന്ന് ബന്ധുക്കളും കാളിയാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.