ഓസീസ് പൊരുതി വീണു

Saturday 16 June 2018 10:06 pm IST
ലോകകപ്പ് ഗ്രൂപ്പ് സിയിലെ ആദ്യ മത്സരത്തില്‍ ഫ്രാന്‍സിന് ജയം. പെനാല്‍റ്റികളും വീഡിയോ അസിസ്റ്റന്റ് റഫറി സംവിധാനവും ഉപയോഗപ്പെടുത്തിയ പോരാട്ടത്തില്‍ ഫ്രാന്‍സ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തി. തുല്യശക്തികളുടെ പോരാട്ടത്തില്‍ 81-ാം മിനിറ്റില്‍ പോള്‍ പോഗ്ബയാണ് സുന്ദരമായ ഗോളിലൂടെ ഫ്രാന്‍സിനെ ജയത്തിലേക്ക് നയിച്ചത്. ഫ്രാന്‍സിനായി അന്റോണിയോ ഗ്രിസ്മാനും ഓസ്‌ട്രേലിയക്കായി ജെഡിനാക്കും ഗോള്‍ നേടി.

കസാന്‍: ലോകകപ്പ് ഗ്രൂപ്പ് സിയിലെ ആദ്യ മത്സരത്തില്‍ ഫ്രാന്‍സിന് ജയം. പെനാല്‍റ്റികളും വീഡിയോ അസിസ്റ്റന്റ് റഫറി സംവിധാനവും ഉപയോഗപ്പെടുത്തിയ പോരാട്ടത്തില്‍ ഫ്രാന്‍സ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തി. തുല്യശക്തികളുടെ പോരാട്ടത്തില്‍  81-ാം മിനിറ്റില്‍ പോള്‍ പോഗ്ബയാണ് സുന്ദരമായ ഗോളിലൂടെ ഫ്രാന്‍സിനെ ജയത്തിലേക്ക് നയിച്ചത്. ഫ്രാന്‍സിനായി അന്റോണിയോ ഗ്രിസ്മാനും ഓസ്‌ട്രേലിയക്കായി ജെഡിനാക്കും ഗോള്‍ നേടി. മൂന്ന് ഗോളുകളും പിറന്നത് രണ്ടാം പകുതിയിലാണ്. ശക്തരായ ഫ്രാന്‍സിനോട് മുഴുവന്‍ സമയവും ഒപ്പത്തിനൊപ്പം പൊരുതിയാണ് ഓസ്‌ട്രേലിയ കീഴടങ്ങിയത്. ജയത്തോടെ മൂന്ന് പോയന്റുമായി ഫ്രാന്‍സ് ഗ്രൂപ്പില്‍ ഒന്നാമതെത്തി.

പന്തടക്കത്തിലും ഷോട്ടുകള്‍ പായിക്കുന്നതിലും മുന്‍തൂക്കം ഫ്രാന്‍സിനായിരുന്നെങ്കിലും വീറോടെ പൊരുതിയശേഷമാണ് ഓസ്‌ട്രേലിയ തോല്‍വി സമ്മതിച്ചത്. ഫ്രഞ്ച് സൂപ്പര്‍താരങ്ങളായ ഒളിവര്‍ ഗിറൗഡ്, ബ്ലെയ്‌സ് മാറ്റിയുഡി എന്നിവരെ പകരക്കാരുടെ ബെഞ്ചിലിരുത്തിയാണ് കോച്ച് ടീമിനെ ആദ്യകളിക്ക് അണിനിരത്തിയത്. 4-3-3 ശൈലിയിലായിരുന്നു ദെഷാംപ്‌സ് ഫ്രാന്‍സിനെ വിന്യസിച്ചത്.

ഓസ്‌ട്രേലിയ 4-2-3-1 ശൈലിയിലും.കളിയുടെ തുടക്കം മുതല്‍ ഫ്രാന്‍സിന് നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും ഓസ്‌ട്രേലിയന്‍ ഗോളിയുടെ മിന്നുന്ന പ്രകടനത്തിന് മുന്നില്‍ അവയെല്ലാം വിഫലമായി. തുടക്കത്തില്‍ എംബെപ്പെയുടെയും പിന്നീട് ഗ്രിസ്മാന്റെയും ശ്രമങ്ങളാണ് ഓസ്‌ട്രേലിയന്‍ ഗോളി രക്ഷപ്പെടുത്തിയത്. ആദ്യപകുതിയില്‍ ഓസ്‌ട്രേലിയക്ക് കാര്യമായ അവസരങ്ങളൊന്നും കിട്ടിയില്ല. ഇതോടെ ആദ്യപകുതി ഗോള്‍രഹിതമായി. 

 58-ാം മിനിറ്റിലാണ് ആദ്യ ഗോള്‍ പിറന്നത്. പോസ്റ്റിനുള്ളില്‍ ഗ്രിസ്മാനെ ജോഷ് റിഡ്‌സണ്‍ ഫൗള്‍ ചെയ്തതിന്  റഫറി ആദ്യം പെനാല്‍റ്റി അനുവദിച്ചില്ല. എന്നാല്‍ ഫ്രാന്‍സ് റിവ്യൂ ചെയ്തതോടെ വീഡിയോ അസിസ്റ്റന്റ് റഫറി ഫൗള്‍ വിധിക്കുകയും ഫ്രാന്‍സിന് അനുകൂലമായി പെനാല്‍റ്റി വിധിക്കുകയുമായിരുന്നു. വീഡിയോ അസിസ്റ്റന്റ് റഫറി സംവിധാനത്തിലൂടെ ലോകകപ്പിലെ ആദ്യ പെനാല്‍റ്റിയായി ഇത്. കിക്കെടുത്ത ഗ്രിസ്മാന്‍ പന്ത് വലയിലെത്തിച്ച് ടീമിന് ലീഡ് സമ്മാനിച്ചു. എന്നാല്‍ നാലു മിനിറ്റിനുള്ളില്‍ ഓസീസിന് അനുകൂലമായും ലഭിച്ചു പെനല്‍റ്റി.

ബോക്‌സിനുള്ളില്‍ ഫ്രഞ്ച് താരം ഉംറ്റിറ്റി പന്തു കൈകൊണ്ട് തൊട്ടതിനായിരുന്നു പെനാല്‍റ്റി. കിക്കെടുത്ത ജെഡിനാകിന് പിഴച്ചില്ല. സ്‌കോര്‍ 1-1. തുടര്‍ന്നും മികച്ച പോരാട്ടം നടന്നെങ്കിലും ഗോള്‍ വിട്ടുനിന്നു. ഇതോടെ കളി സമനിലയിലേക്കെന്ന് കരുതിയിരിക്കെയാണ് പോള്‍പോഗ്ബ ഫ്രാന്‍സിന്റെ രക്ഷകനായി അവതരിച്ചത്. 70-ാം മിനിറ്റില്‍ ഗ്രിസ്മാന് പകരക്കാരനായി കളത്തിലെത്തിയ ഒലിവര്‍ ജിറൗഡാണ് ഗോളിന് വഴിയൊരുക്കിയത്. ജിറൗഡിന്റെ പാസ് സ്വീകരിച്ച് പോഗ്ബ പായിച്ച ഹാഫി വോളിഓസ്‌ട്രേലിയന്‍ വലയില്‍ പതിച്ചു. ഗോള്‍മടക്കാനുള്ള ഓസ്‌ട്രേലിയന്‍ ശ്രമങ്ങള്‍ ഫ്രഞ്ച് മതിലില്‍ തട്ടി അവസാനിച്ചതോടെ വിജയം ദ ബ്ലൂസിന് സ്വന്തമായി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.