അമ്മയുടെ മൃതദേഹം സംസ്‌കരിച്ചതും പൊതുവഴിയില്‍

Sunday 17 June 2018 7:40 am IST
പട്ടടയൊരുക്കാന്‍ ആകെയുള്ള അരസെന്റ് ഭൂമിയില്‍ ഇടമില്ലാത്തതിനാല്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വീട്ടമ്മയുടെ മൃതദേഹം പൊതുവഴിയില്‍ സംസ്‌കരിച്ചു. മൂന്ന് വര്‍ഷം മുമ്പ് മകന്റെ മൃതദേഹം സംസ്‌കരിച്ചതും പൊതുവഴിയിലായിരുന്നു. ചെങ്ങന്നൂര്‍ നഗരസഭയില്‍ പതിമൂന്നാം വാര്‍ഡില്‍ കീഴ്ച്ചേരിമേല്‍ കുറവന്‍ പറമ്പില്‍ പരേതനായ അയ്യപ്പന്റെ ഭാര്യ കുട്ടിയമ്മ(82)ക്കാണ് നഗരസഭാറോഡില്‍ ചിതയൊരുക്കിയത്. ചെങ്ങന്നൂര്‍ നഗരസഭ നിലവില്‍ വന്നിട്ട് നാല്‍പ്പത് വര്‍ഷം കഴിഞ്ഞിട്ടും ഒരു പൊതുശ്മശാനം ഇല്ലാത്തതിന്റെ ദുരന്തമാണിത്.

ചെങ്ങന്നൂര്‍: പട്ടടയൊരുക്കാന്‍ ആകെയുള്ള അരസെന്റ് ഭൂമിയില്‍ ഇടമില്ലാത്തതിനാല്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വീട്ടമ്മയുടെ മൃതദേഹം പൊതുവഴിയില്‍ സംസ്‌കരിച്ചു. മൂന്ന് വര്‍ഷം മുമ്പ് മകന്റെ മൃതദേഹം സംസ്‌കരിച്ചതും പൊതുവഴിയിലായിരുന്നു. ചെങ്ങന്നൂര്‍ നഗരസഭയില്‍ പതിമൂന്നാം വാര്‍ഡില്‍ കീഴ്ച്ചേരിമേല്‍ കുറവന്‍ പറമ്പില്‍ പരേതനായ അയ്യപ്പന്റെ ഭാര്യ കുട്ടിയമ്മ(82)ക്കാണ്  നഗരസഭാറോഡില്‍ ചിതയൊരുക്കിയത്. ചെങ്ങന്നൂര്‍ നഗരസഭ നിലവില്‍ വന്നിട്ട് നാല്‍പ്പത് വര്‍ഷം കഴിഞ്ഞിട്ടും ഒരു പൊതുശ്മശാനം ഇല്ലാത്തതിന്റെ ദുരന്തമാണിത്. 

 പട്ടികജാതി വിഭാഗക്കാരായ കുട്ടിയമ്മയും മരുമകള്‍ രാജമ്മയും ചെറുമകളും താമസിക്കുന്നത് വീടും കിണറും കക്കൂസുമടങ്ങുന്ന അരസെന്റ് ഭൂമിയിലാണ്. മൂന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ് കുട്ടിയമ്മയുടെ മൂത്തമകന്‍ ശശി കാന്‍സര്‍ രോഗത്തെ തുടര്‍ന്ന് മരിച്ചപ്പോള്‍  വീടിനു മുന്നിലുള്ള നഗരസഭാ റോഡായ ശാസ്താംപുറം റോഡില്‍ ഇരുമ്പുപെട്ടിയില്‍ ഉള്ള ചിതയില്‍ ദഹിപ്പിക്കുകയായിരുന്നു.

 ഇതേ റോഡിലായിരുന്നു കുട്ടിയമ്മയുടെ മരണാനന്തര ചടങ്ങുകളും. റോഡില്‍ ചിതകൂട്ടാന്‍ കഴിയാത്തതിനാല്‍ കുമരകത്തുനിന്നും എത്തിച്ച ഇരുമ്പു പെട്ടി റോഡരുകില്‍ സ്ഥാപിച്ചാണ് മൃതദേഹം ദഹിപ്പിച്ചത്. സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളില്‍ മരണമുണ്ടായാല്‍ മൃതദേഹം അന്ത്യകര്‍മ്മങ്ങള്‍ നടത്തി സംസ്‌കരിക്കുന്നതിന് ശ്മശാനം വേണമെന്നത് ദീര്‍ഘനാളായ ആവശ്യമാണ്. സംസ്‌കരിക്കാന്‍ സ്ഥലമില്ലാത്തതിനാല്‍ മൃതദേഹം വീടിന്റെ അടുക്കള പൊളിച്ച് അടക്കേണ്ട സ്ഥിതി നഗരസഭയില്‍ ഉണ്ടായിട്ടുണ്ട്. കൂടാതെ മൃതദേഹം മെഡിക്കല്‍ കോളേജിനു നല്‍കിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. മൂന്ന് വര്‍ഷം മുമ്പ് ശശിയുടെ സംസ്‌കാരം റോഡില്‍ നടത്തിയ വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വന്നതിനെ തുടര്‍ന്ന് അക്കാലയളവില്‍ പൊതുശമ്ശാനം സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചവരും ഇപ്പോള്‍ മൗനത്തിലാണ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.