വാചാലരുടെ വികൃതികള്‍

Sunday 17 June 2018 3:31 am IST

വേണ്ടതുമാത്രം വേണ്ടതുപോലെ പറയുന്നയാളാണ് 'വാഗ്മി'. വാഗ്മിയെ ‘വാചാലനാ’ക്കിയാലെ പലര്‍ക്കും തൃപ്തിയാകു. ധാരാളം സംസാരിക്കുന്നവനാണ് ‘വാചാലന്‍’ എന്നവര്‍ അറിയുന്നില്ല. വാചാലന്റെ വാക്കുകള്‍ ചിലപ്പോള്‍ മോശമായേക്കാം. ഏറെ നിന്ദ്യമായ വാക്കുള്ളവന്‍ വാചാലന്‍ എന്ന് അമരകോശം. മിതവും സാരവുമായ വാക്കുകളായിരിക്കും വാഗ്മിയുടേത്. വാഗ്മി എന്ന അര്‍ത്ഥത്തില്‍ വാചാലന്‍ എന്ന് പ്രയോഗിച്ചാലത് അപഹാസ്യമാകും. 

സംസാരത്തിലും എഴുത്തിലും വാചാലരാകുന്നവരാണ് പലരും. വാക്കുകളും വാചകങ്ങളും വാക്യങ്ങളും ധൂര്‍ത്തടിച്ച് അവര്‍ രസിക്കുന്നു! ‘ഇന്ന്’ എന്നെഴുതിയാല്‍ മതിയാകുന്നിടത്ത് ‘ഇന്നത്തെ കാലഘട്ടത്തില്‍' എന്നെ ചിലര്‍ എഴുതു. ‘ഇന്നത്തെ ഈ പുതിയ കാലഘട്ടത്തില്‍' എന്നെഴുതുന്നവരും പറയുന്നവരും കുറവല്ല. ‘പഴയകാലത്ത്' എന്നര്‍ത്ഥം കിട്ടാന്‍ ‘പണ്ട്' മതി. ‘പണ്ടുകാലത്ത്' എന്നാണ് പലരും എഴുതാറ്. ‘പണ്ടത്തെ കാലത്ത്' എന്ന് എഴുതുന്നവരുമുണ്ട്. ‘അന്നു രാവിലെ' ചിലര്‍ക്ക് ‘അന്നേ ദിവസം' രാവിലെയാണ്. ‘അന്നത്തെ ദിവസ'ത്തോടാണ് ചിലര്‍ക്ക് പ്രിയം. 

‘സദാ'യുടെ അര്‍ത്ഥം എല്ലായ്‌പ്പോഴും (എല്ലാ സമയത്തും എന്നാണ്. ‘നേരമോ', ‘കാലമോ', ‘സമയമോ' അതിനോട് ചേര്‍ക്കേണ്ട. പലരും ‘സദാ'യെയെ ഒറ്റയ്ക്ക് വിടാറില്ല. അങ്ങനെ സദാ നേരവും സദാകാലവും സദാ സമയവുമൊക്കെ വ്യാപകമായി. 

‘സുഖമില്ല' എന്നെഴുതിയാല്‍ പലര്‍ക്കും സുഖമില്ല!. ‘ശാരീരികമായ ചില അവശതകള്‍ ബാധിച്ചു' എന്നെഴുതിയാലേ അവര്‍ക്ക് സുഖമാകു. ചിലര്‍ക്ക് പെട്രോള്‍ വില ‘കൂട്ടിയാല്‍'പ്പോരാ. വില ‘വര്‍ധിപ്പിക്കുകയോ' വിലയില്‍ ‘വര്‍ധന വരുത്തുകയോ' വേണം. എന്ത് ‘തീരുമാനിച്ചാലും' ചിലര്‍ക്ക് തൃപ്തിയില്ല!. ‘തീരുമാനം കൈക്കൊള്ളുകയോ' ‘തീര്‍പ്പുകല്പ്പിക്കുകയോ' വേണം!.  ‘നാട്ടുകാര്‍' ചിലര്‍ക്ക് ‘പ്രദേശവാസികള്‍' ആണ്. ‘പ്രദേശവാസികളും', ‘തദ്ദേശവാസികളും' പലപ്പോഴും പാവം നാട്ടുകാരെ പിന്തള്ളുന്നു. 

“ഈ സമ്മേളനത്തിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുകയാണ്, ക്ഷണിക്കുകയാണ്”. 

പലര്‍ക്കും ‘സ്വാഗതത്തേയും', ‘ക്ഷണത്തേയും' വേര്‍പെടുത്താനാവില്ല!. 

“അദ്ദേഹത്തെ വന്‍ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ് അപേക്ഷിക്കുകയാണ്”. അഭ്യര്‍ത്ഥനയും അപേക്ഷയും എന്തിന്?. ഏതെങ്കിലും ഒന്നുമതി. രണ്ടുമില്ലെങ്കില്‍ കാര്യം സാധിക്കില്ലെന്നാണ് പലരും കരുതുന്നത്. എവിടെ അഭ്യര്‍ത്ഥനയുണ്ടോ അവിടെ അപേക്ഷയുമുണ്ട്! 

(തുറന്നുപറയുകയാണെങ്കില്‍). ഞാന്‍ ആ നിര്‍ദ്ദേശത്തോട് യോജിക്കുന്നില്ല. 

വലയം ചെയ്ത ഭാഗം ഈ വാക്യത്തില്‍ ആവശ്യമില്ല. ചിലര്‍ ഇങ്ങനെ ‘ആമുഖം' ചേര്‍ത്താണ് വാക്യത്തിന് ‘ശക്തി' കൂട്ടുന്നത്. 

(ഒട്ടും വളച്ചു കെട്ടില്ലാതെ പറഞ്ഞാല്‍ )

അദ്ദേഹം ഈ സ്ഥാനത്തിന് അര്‍ഹനല്ല. വലയം ചെയ്ത ഭാഗം ഒഴിവാക്കാം 

വക്താവ് എപ്പോഴും വളച്ചു കെട്ടി പറയുന്ന ആളാണെന്ന് ഈ വാക്യത്തില്‍ നിന്നും വ്യക്തമാകും!.

‘ഉള്ളതുമാത്രം പറഞ്ഞാല്‍', ‘പരമാര്‍ത്ഥം' പറയട്ടെ, ‘ഏറ്റവും മിതമായ ഭാഷയില്‍ പറഞ്ഞാല്‍', കുറച്ചു കൂടി ലളിതമായി പറഞ്ഞാല്‍ ... വാചാലരില്‍ പലരും ഇത്തരം അനാവശ്യ പ്രയോഗങ്ങളില്‍ ഭ്രമമുള്ളവരാണ്. 

ചിലരുടെ വാക്യങ്ങള്‍ക്കൊടുവിലും ആവശ്യമില്ലാത്ത പ്രയോഗങ്ങള്‍ കാണാം.

കേരളീയര്‍ പൊതുവെ വിദ്യാഭ്യാസത്തിന് പ്രധാന്യം നല്‍കുന്നവരാണ് ( എന്നു പറഞ്ഞാല്‍ എതിരഭിപ്രായമുണ്ടാകുമെന്നും തോന്നുന്നില്ല).

വലയം ചെയ്ത ഭാഗം ഒഴിവാക്കാം.

അദ്ദേഹം ഈ സ്ഥാനത്തിന് എല്ലാ നിലയ്ക്കും അര്‍ഹനാണ് (എന്ന കാര്യം ഞാന്‍ വീണ്ടും പറയേണ്ടതില്ലല്ലോ.)

പിന്നെ എന്തിനാണ് പറഞ്ഞ് ആളുകളെ ഉപദ്രവിക്കുന്നത്?

“എന്ന കാര്യം നിങ്ങള്‍ക്കെല്ലാം അറിവുള്ളതാണല്ലോ, എന്നു പറഞ്ഞാല്‍ എല്ലാവരും അതു സമ്മതിക്കുമെന്നുറപ്പാണ്, എന്ന കാര്യത്തില്‍ സംശയമുള്ളവര്‍ ചുരുക്കമായിരിക്കും......ഇവയെല്ലാം ഏറെ പ്രചാരമുള്ള വാക്യാനുബന്ധങ്ങളാണ്!. വാക്യത്തിന്റെ വാല്‍ എന്നാണ് ഇത്തരം പ്രയോഗങ്ങളെ ഭാഷാ പണ്ഡിതനായ സി.വി.വാസുദേവ ഭട്ടതിരി വിശേഷിപ്പിച്ചിട്ടുള്ളത്. വാചാലത പലപ്പോഴും അര്‍ത്ഥശങ്കയ്ക്കിടയാക്കുന്നു. 

“ഇന്നത്തെ ഈ സവിശേഷ സാഹചര്യത്തില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയം അനഭിലക്ഷണീയമല്ലെന്നു വാദിക്കുന്നവര്‍ മനഃപൂര്‍വ്വം ചില വസ്തുതകള്‍ മറച്ചു പിടിക്കുകയല്ലെന്നു പറയാതിരിക്കാനാവില്ല...

വാചാലരുടെ വികൃതികള്‍ക്ക് അവസാനമില്ല!. വാക്കുകളുടെ കാര്യത്തില്‍ മിതവ്യയം ശീലിച്ചാല്‍ സമയവും സ്ഥലവും ലാഭിക്കാം, ഭാഷ നന്നാക്കാം.

പിന്‍കുറിപ്പ്: വേദിയില്‍ കേട്ടത്: നമുക്കെല്ലാവര്‍ക്കും ആദരണീയനും ആരാധ്യനുമായ യോഗം ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രിയെ ഞാന്‍ ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.