ഇന്ന് അച്ഛന്‍ വിളി കൂടുതല്‍ മധുരോദാരം

Sunday 17 June 2018 4:44 pm IST
ഇന്നു ലോകം മുഴുവന്‍ പൂത്തുലഞ്ഞു നില്‍ക്കുന്നതാവും അച്ഛാ എന്ന മക്കള്‍വിളി. ലോകം ആകമാനമുള്ള മക്കള്‍ അവരുടെ ഭാഷയില്‍ അച്ഛാ എന്നു വിളിക്കുമ്പോള്‍ അതിന് ഇന്ന് എന്നത്തേക്കാളും മധുരമുണ്ടാകും. കാരണം ഇന്ന് അച്ഛന്‍ ദിവസമാണ്. തിരക്കിനിടയില്‍ മക്കള്‍ ഒരു പക്ഷേ കൂടുതല്‍ വിളി മറന്ന ഈ വാക്കിന് ,സന്തോഷത്തേക്കാള്‍ കരച്ചില്‍ ഒതുക്കുന്ന നെഞ്ചകത്തിന് കൂടുതല്‍ തണുപ്പനുഭവപ്പെട്ടേക്കാം ഇന്ന്.

ഇന്നു ലോകം മുഴുവന്‍ പൂത്തുലഞ്ഞു നില്‍ക്കുന്നതാവും അച്ഛാ എന്ന മക്കള്‍വിളി. ലോകം ആകമാനമുള്ള മക്കള്‍ അവരുടെ ഭാഷയില്‍ അച്ഛാ എന്നു വിളിക്കുമ്പോള്‍ അതിന് ഇന്ന് എന്നത്തേക്കാളും മധുരമുണ്ടാകും. കാരണം ഇന്ന് അച്ഛന്‍ ദിവസമാണ്. തിരക്കിനിടയില്‍ മക്കള്‍ ഒരു പക്ഷേ കൂടുതല്‍ വിളി മറന്ന ഈ വാക്കിന് ,സന്തോഷത്തേക്കാള്‍ കരച്ചില്‍ ഒതുക്കുന്ന നെഞ്ചകത്തിന് കൂടുതല്‍ തണുപ്പനുഭവപ്പെട്ടേക്കാം ഇന്ന്. അമ്മയ്ക്ക് വാവിട്ടു കരയാനും ആനന്ദബാഷ്പം ഒഴുക്കാനും കഴിയുമ്പോള്‍ അതെല്ലാം എന്തു ചെയ്യണമെന്നറിയാതെ, അതെന്തു വികാരമാണെന്നുകൂടി ഒരു നിമിഷം അറിയാതെ മുഴുവന്‍ വാടുന്ന അച്ഛന്റെ മഹത്വത്തിനായി  ആ മക്കള്‍ വിളി വലിയൊരാശ്വാസത്തിന്റെ തൂവല്‍ വിശറിയായി മാറും.

അമ്മയാണ് എല്ലാം. പക്ഷേ അച്ഛനും എല്ലാമാണ്. പകുത്തു നല്‍കുന്ന രീതികള്‍ പലതാകാമെങ്കിലും സ്‌നേഹവാത്സല്യങ്ങളുടെ കാവലാളാണ് രണ്ടുപേരും. അതു രണ്ടുവിധത്തിലുമാകാം രണ്ടുപേരും പ്രകടിപ്പിക്കുക. അമ്മ തുറന്നും അച്ഛന്‍  അമര്‍ത്തിയും. അമ്മയ്ക്കു മാത്രം മക്കള്‍ക്ക് നല്‍കാവുന്നതുണ്ട്.അച്ഛനുമുണ്ടാകും.പ്രത്യക്ഷത്തില്‍ പ്രകടിപ്പിക്കാന്‍ അതൊന്നും ചിലപ്പോള്‍ കഴിയാത്ത അച്ഛന്‍മാരുണ്ടാകാം. പക്ഷേ അത്തരം ജാഗ്രതയും കരുതലും പല രീതിയില്‍ കണ്ടെന്നുവരാം. തല്ലുന്നത് അമ്മയാവും. തടുക്കുന്നത് അച്ഛനും. പക്ഷേ അച്ഛനു പറ്റാത്തത് അമ്മയ്ക്കാവുന്നുണ്ടെന്ന് അച്ഛന്‍ കരുതുന്നുണ്ടാകും. കാരണം ശിക്ഷിച്ചും വളര്‍ത്തണം മക്കളെയെന്നതാണ് അച്ഛന്റെ തത്വവും.

അഞ്ചാളുള്ള വീട്ടില്‍ ഇന്ന് ആറാള് പണിയെടുത്താല്‍പ്പോലും തികയാത്ത സാധാരണ കുടുംബത്തില്‍ അച്ഛനുമാത്രമാകും ഒരുപക്ഷേ ഉദ്യോഗം.അപ്പോള്‍ അമ്മയുടെ കരുതലിലായിരിക്കും മക്കള്‍. അന്തിയാവോളം വെയിലും മഴയും തണുപ്പുമേറ്റെത്തുന്ന അച്ഛന് നേരം കൂടുതലുണ്ടാവില്ല മക്കളെ ലാളിക്കാന്‍. അങ്ങനെ സാന്നിധ്യം കുറഞ്ഞുപോകുന്നവരുണ്ട്. ആ കുറവ് മക്കള്‍ കുറ്റമായി കാണരുത്.

ദൂരേയും വിദേശത്തും ജോലിചെയ്യുന്ന അച്ഛനില്‍ ഉണ്ടാകും മക്കളുംകൂടെയുള്ള കുടുംബം.അതു മനസില്‍ കണ്ടും കേട്ടുമായിരിക്കും അച്ഛനുണരുക. ഉറങ്ങുക. അതുകൊണ്ട് ദൂരെയുള്ള അച്ഛനോടുള്ള സ്്‌നേഹം അകലെയായിപ്പോകരുത് മക്കള്‍ക്ക്. അമ്മ ഉറങ്ങാത്ത വീടുണ്ടാകും. അമ്മയെ ഉറക്കി അച്ഛനുറങ്ങാത്ത വീടുകളുമുണ്ടാകും അനേകം.

         കരുതലിന്റെ ഇടവും വലവുമായി മക്കള്‍ക്കെപ്പോഴും അച്ഛനുമമ്മയും ഉണ്ടാകും. അല്ലാത്തവരുണ്ടാകാം. അത് അപൂര്‍വം. പ്രപഞ്ചത്തിലുള്ള എല്ലാത്തിനും അപൂര്‍വം എന്നു പറയുന്ന ഒന്നുണ്ട്. അതുപോലൊരു അപൂര്‍വം. അമ്മയ്ക്കു പകരം മറ്റൊന്നില്ലെന്നു നാം പറയും. അതുപോലെ തന്നെയാണ് അച്ഛനും. അമ്മയോടുള്ള സ്‌നേഹം അച്ഛനോടു കുറഞ്ഞുപോയോ എന്ന് ചില മക്കള്‍ നിഷ്‌ക്കളങ്കമായി വ്യസനിക്കുമ്പോഴാണ് അവര്‍ക്ക് മനസിലൊരു ഉറപ്പുകിട്ടാന്‍ അച്ഛനെയാണെനിക്കിഷ്ടം എന്നു അവര്‍ പറഞ്ഞുപോകുന്നത്. അച്ഛന്റെ സ്‌നേഹക്കുറവുകൊണ്ട് ഒരു മക്കളും നശിച്ചുപോയിട്ടില്ല. ഉണ്ടെന്നു തോന്നുന്നുവെങ്കില്‍ അത് അച്ഛനെ മനസിലാക്കാത്തതുകൊണ്ടാണ്. അതിനാല്‍ അച്ഛനെ കൂടുതല്‍ അറിയാനായി ഈ ദിനം അച്ഛാ...എന്ന് നമുക്ക് കൂടുതല്‍ വിളിക്കാം, ഉച്ചത്തില്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.