കൊളറോവ് മാജിക്കില്‍ സെര്‍ബിയ

Sunday 17 June 2018 7:34 pm IST
ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം 56-ാം മിനിറ്റിലാണ് കൊളറോവിന്റെ വിസ്മയ ഫ്രീകിക്ക് ഗോള്‍. കഴിഞ്ഞ ബ്രസീല്‍ ലോകകപ്പില്‍ ക്വാര്‍ട്ടറിലെത്തി ചരിത്രം കുറിച്ച കോസ്റ്ററിക്കയ്ക്ക് കനത്ത തിരിച്ചടിയായി പരാജയം.

സമാറ: ക്യാപ്റ്റന്‍ അലക്‌സാണ്ടര്‍ കൊളറോവിന്റെ മിന്നുന്ന ഫ്രീകിക്ക് ഗോൡ സെര്‍ബിയയ്ക്ക് ലോകകപ്പിലെ ആദ്യ മത്സരത്തില്‍ വിജയം. ഗ്രൂപ്പ് ഇയില്‍ കോസ്റ്ററിക്കയെയാണ് 1-0ന് പരാജയപ്പെടുത്തിയത്. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം 56-ാം മിനിറ്റിലാണ് കൊളറോവിന്റെ വിസ്മയ ഫ്രീകിക്ക് ഗോള്‍. കഴിഞ്ഞ ബ്രസീല്‍ ലോകകപ്പില്‍ ക്വാര്‍ട്ടറിലെത്തി ചരിത്രം കുറിച്ച കോസ്റ്ററിക്കയ്ക്ക് കനത്ത തിരിച്ചടിയായി പരാജയം.

അലക്‌സാണ്ടര്‍ മിട്രോവിക്കിനെ ഏക സ്‌ട്രൈക്കറാക്കി 4-2-3-1 രീതിയിലാണ് സെര്‍ബിയ മൈതാനത്തെത്തിയത്. കോസ്റ്ററിക്കയാവട്ടെ പ്രതിരോധത്തിന് മുന്‍തൂക്കം നല്‍കിയുള്ള 5-4-1 രീതിയിലും. തുല്യശക്തികളുടെ പോരാട്ടമായിരുന്നെങ്കിലും  കൂടുതല്‍ ഒത്തിണക്കത്തോടെ മുന്നേറ്റങ്ങള്‍ മെനഞ്ഞത് സെര്‍ബിയയായിരുന്നു. നെമഞ്ച മാറ്റിക്കായിരുന്നു സെര്‍ബിയന്‍ മുന്നേറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്.

കളിയുടെ തുടക്കത്തില്‍ തന്നെ ക്രൊയേഷ്യയുടെ മിട്രോവിക്ക് ഒരു അവസരം പാഴാക്കി. തൊട്ടുപിന്നാലെ കോസ്റ്ററിക്കന്‍ സ്‌ട്രൈക്കര്‍ മാര്‍കോ ഉറീനയുടെയും ജിയാന്‍കാര്‍ലോയുടെയും ശ്രമങ്ങള്‍ സെര്‍ബിയന്‍ ഗോളി രക്ഷപ്പെടുത്തി. ഇതോടെ മൈതാനം ഉണര്‍ന്നു, കളി ആവേശകരമായി. സെര്‍ബിയ മികച്ച മുന്നേറ്റങ്ങളുമായി കളം നിറഞ്ഞപ്പോള്‍ പ്രതിരോധ മതില്‍കെട്ടി അവയെല്ലാം കോസ്റ്ററിക്കന്‍ താരങ്ങള്‍ വിഫലമാക്കി. അതിവേഗത്തിലുള്ള കൗണ്ടര്‍ അറ്റാക്കുകള്‍ക്കാണ് കോസ്റ്ററിക്ക ശ്രമിച്ചത്. നിരവധി അവസരങ്ങള്‍ തുറന്നെടുത്തെങ്കിലും ഗോള്‍ മാത്രം വിട്ടുനിന്നതോടെ ആദ്യ പകുതി ഗോള്‍രഹിത സമനിലയില്‍.

രണ്ടാം പകുതിയിലും മികച്ച പോരാട്ടമായിരുന്നു.  മാറ്റിക്കിന്റെ കരുത്തില്‍ കുതിച്ചുകയറിയ സെര്‍ബിയ പല തവണ കോസ്റ്ററിക്കന്‍ പ്രതിരോധത്തിന് ഭീതിവിതച്ചെങ്കിലും കാര്യമുണ്ടായില്ല. പ്രതിരോധം പതറിയപ്പോള്‍ രക്ഷകനായി വിശ്വസ്ത കാവല്‍ക്കാരന്‍ കെയ്‌ലര്‍ നവാസ് നിലയുറപ്പിച്ചു. ഒടുവില്‍ 56-ാം മിനിറ്റില്‍ നവാസിനും അടിതെറ്റി. 55-ാം മിനിറ്റില്‍ അലക്‌സാണ്ടര്‍ മിട്രോവിക്കിനെ ബോക്‌സിന് പുറത്തുവെച്ച് ഡേവിഡ് ഗുസ്മാന്‍ ഫൗള്‍ ചെയ്തതിന് സെര്‍ബിയയ്ക്ക് അനുകൂലമായി ഫ്രീകിക്ക്. ഫൗളിന് ഗുസ്മാന് മഞ്ഞക്കാര്‍ഡും ലഭിച്ചു. 25 വാര അകലെ നിന്നുള്ള ഫ്രീകിക്കെടുക്കാന്‍ തയ്യാറായി എത്തിയത് നായകന്‍ കൂടിയായ കൊളറോവ്. പ്രതിരോധ മതിലിന് പിന്നില്‍, പോസ്റ്റിന് മുന്നില്‍ തികഞ്ഞ ആത്മവിശ്വാസത്തോടെ കെയ്‌ലര്‍ നവാസും നിലയുറപ്പിച്ചു. എന്നാല്‍ കൊളറോവ് ഇടംകാലുകൊണ്ട് പായിച്ച ഫ്രീകിക്ക് ഇടതുവശത്തേക്ക്   പറന്നു ചാടിയ കെയ്‌ലര്‍ നവാസിനെയും മറികടന്ന് വലയില്‍ കയറി (1-0). ലീഡ് വഴങ്ങിയ ശേഷം മികച്ച പ്രകടനവുമായി സമനില ഗോളിന് കോസ്റ്ററിക്കന്‍ താരങ്ങള്‍ കിണഞ്ഞു ശ്രമിച്ചെങ്കിലും സെര്‍ബിയന്‍ പ്രതിരോധം ചെറുത്തുനിന്നു. ഇടയ്ക്ക് സെര്‍ബിയയും ചില അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും കൂടുതല്‍ ഗോള്‍ നേടാന്‍ കഴിഞ്ഞില്ല. അവസാന നിമിഷങ്ങളില്‍ പുറത്തേയ്ക്ക് പോയ പന്ത്് കോസ്റ്ററിക്കന്‍  സഹപരിശീലകന്‍ പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് ഇരു ടീമികളിലേയും കളിക്കാര്‍ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും അത് കൈയാങ്കളിയിലേക്ക് നീങ്ങുകയും ചെയ്തു.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.