നിയന്ത്രണം വേണ്ടുന്ന സോഷ്യല്‍ മീഡിയ

Monday 18 June 2018 1:09 am IST

സോഷ്യല്‍ മീഡിയകളിലെ വ്യാജവാര്‍ത്താ പ്രചാരണത്തിനെതിരെ ശക്തമായ താക്കീതുയരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും കുറച്ച് നിമിഷത്തേക്കെങ്കിലും ആശങ്കയുടെ മുള്‍മുനയിലാഴ്ത്തുകയും ചെയ്യുന്ന സോഷ്യല്‍ മീഡിയകളിലെ ഇത്തരം ദുഷിച്ച പ്രവണതകള്‍ സത്യസന്ധമായ വാര്‍ത്തകള്‍ അറിയാനുള്ള പൗരന്റെ അവകാശത്തെ ഒരര്‍ത്ഥത്തില്‍ ലംഘിക്കുകയാണ്. 

പലപ്പോഴും സോഷ്യല്‍ മീഡിയകളിലുടെ ആര്‍ക്കും ആരെയും കൊല്ലാമെന്നും മാനഹാനി വരുത്താമെന്നുമുളള സ്ഥിതിവിശേഷമാണിന്ന് നിലവിലുള്ളത്. ഇത് അനുവദിച്ചുകൂടാ. ഇത്തരം വ്യാജ വാര്‍ത്തകള്‍ വ്യാപകമായി മൊബൈലിലൂടെ ഷെയര്‍ ചെയ്യപ്പെട്ട് സമൂഹത്തില്‍ ഞൊടിയിടയില്‍ പ്രചരിക്കുമ്പോള്‍ അത് മൂലമുണ്ടാകുന്ന സങ്കീര്‍ണമായ പ്രശ്നങ്ങളും കുടുംബങ്ങളുടെ ആകുലതകളും വ്യാജവാര്‍ത്തക്കിരയാകുന്ന വ്യക്തിക്കുണ്ടാകുന്ന മാനസികാഘാതവും വിഷമതകളും പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്. ഇത്തരം ക്രൂരമായ നീക്കങ്ങളെ ശക്തമായ രീതിയില്‍ തന്നെ ചെറുത്തുതോല്‍പ്പിക്കേണ്ടതുണ്ട്.

ഒരു ദിവസത്തിലെ 24 മണിക്കൂറും സോഷ്യല്‍ മീഡിയകളില്‍ രമിക്കുന്ന ആധുനിക സമൂഹം തെറ്റിദ്ധാരണാപരമായ അസത്യപ്രചാരണങ്ങളെ എളുപ്പം വിശ്വസിക്കുകയും ചെയ്യുന്നു. നമുക്ക് മുന്നിലെത്തുന്ന പത്രമാധ്യമങ്ങളും ദൃശ്യമാധ്യമങ്ങളും സത്യമായ വാര്‍ത്തയുമായി എത്തുമ്പോഴേക്കും സോഷ്യല്‍ മീഡിയകളിലെ വ്യാജവാര്‍ത്തകളുടെ ഭീകരമായ പരിണിത ഫലങ്ങള്‍ ആരംഭിച്ചുകഴിഞ്ഞിരിക്കും. വ്യാജ മരണവാര്‍ത്തകള്‍ പലപ്പോഴും നാട്ടിലുള്ളവരെയും ഗള്‍ഫ് നാടുകളില്‍ കഴിയുന്നവരെയും തെല്ലൊന്നുമല്ല ആശങ്കയിലാഴ്ത്താറുള്ളത്. ഇത്തരം ഫെയ്ക്ക് ന്യൂസുകള്‍ അപ്ലോഡ് ചെയ്യുന്നവരെ തേടിപ്പിടിച്ച് നിയമത്തിന്റെ മുന്നിലെത്തിക്കുകയും അവര്‍ക്ക് തക്കതായ ശിക്ഷ വാങ്ങിക്കൊടുക്കുകയുമാണ് വേണ്ടത്.

                                       രജിത്ത്.എം, 

                                           കുന്നത്തൂര്‍

സര്‍ക്കാരാഫീസുകള്‍ ആളെ വിരട്ടുന്നു 

മലപ്പുറം ജില്ലയില്‍ വിവരാവകാശത്തിന് മറുപടി കിട്ടിയില്ലെന്ന് പറഞ്ഞ് പരാതിക്കാരന്‍ എന്‍ജിനിയറെ തല്ലി. തല്ല് കൊണ്ട എന്‍ജിനിയര്‍ മതില്‍ ചാടി ഓടി. ദിനംപ്രതി സര്‍ക്കാരാഫീസുകളില്‍ കയറിയിറങ്ങി കാര്യങ്ങള്‍ ശരിയാവാതെ ആളെ വിഡ്ഢികളാക്കുന്ന യജമാനന്മാര്‍ പൗരാവാകാശത്തിന് മുമ്പില്‍ ഫണം വിടര്‍ത്തിയാടുന്നു. പണത്തിന് മുമ്പില്‍ പിണവും വാ പിളര്‍ക്കുന്ന സംഭവങ്ങളാണ് ചില സര്‍ക്കാരാഫീസുകളില്‍ നടക്കുന്നത്. ആവശ്യക്കാരെ  ഇല്ലാത്ത കാരണം പറഞ്ഞ് വിരട്ടി മാറ്റുന്ന പ്രവണത വേറെയും. പൊതുജനത്തിന്റെ നികുതിപ്പണമാണ് ഇവര്‍ക്ക് ലഭിക്കുന്നതെന്ന സത്യം ഇവര്‍ മനസ്സിലാക്കണം. 

                                   വി.വിനോദ് കുമാര്‍

                                    നറുകര

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.