അഫ്ഗാനില്‍ ഐഎസ് ചാവേറാക്രമണം: മരണം 36 ആയി

Sunday 17 June 2018 9:20 pm IST
വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിനു പിന്നാലെ പലയിടങ്ങളിലും താലിബാനും അഫ്ഗാന്‍ സൈനികരും പ്രദേശവാസികളും ഈദ് ആശംസകള്‍ നേരുകയും മധുരവും ഭക്ഷണവും പങ്കുവയ്ക്കുകയും ചെയ്തിരുന്നു. കൂടാതെ ഇവര്‍ക്കൊപ്പം സെല്‍ഫികള്‍ എടുക്കുകയും ചെയ്തു. ഇവയെല്ലാം സാമൂഹിക മാധ്യമങ്ങളിലുമെത്തിയിരുന്നു.

കാബൂള്‍: കിഴക്കന്‍ അഫ്ഗാനിസ്ഥാനില്‍ റംസാന്‍ ആഘോഷത്തിനിടെ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ നടത്തിയ ചാവേറാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 36 ആയി. 65ലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരിച്ചവരിലേറെയും താലിബാന്‍ തീവ്രവാദികളായ ഹഖാനി ഗ്രൂപ്പില്‍പ്പെട്ടവരാണ്. പെരുന്നാളിനോടനുബന്ധിച്ച് മൂന്നു ദിവസത്തേക്ക് താലിബാന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നു. ഇതേ തുടര്‍ന്ന് സര്‍ക്കാരും വെടിനിര്‍ത്തല്‍ തീരുമാനമെടുത്തു. ഇതിനിടെയാണ് ഐഎസിന് സ്വാധീനമുള്ള നംഗഹാര്‍ പ്രവിശ്യയിലുള്‍പ്പെടുന്ന തോര്‍ക്കാം-ജലാലാബാദ് റോഡില്‍ കാര്‍ ബോംബാക്രമണം നടന്നത്. 

വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിനു പിന്നാലെ പലയിടങ്ങളിലും താലിബാനും അഫ്ഗാന്‍ സൈനികരും പ്രദേശവാസികളും ഈദ് ആശംസകള്‍ നേരുകയും മധുരവും ഭക്ഷണവും പങ്കുവയ്ക്കുകയും ചെയ്തിരുന്നു. കൂടാതെ ഇവര്‍ക്കൊപ്പം സെല്‍ഫികള്‍ എടുക്കുകയും ചെയ്തു. ഇവയെല്ലാം സാമൂഹിക മാധ്യമങ്ങളിലുമെത്തിയിരുന്നു. 

താലിബാനെ അനുനയിപ്പാക്കാന്‍ ഒന്‍പതു ദിവസത്തേക്കു കൂടി വെടിനിര്‍ത്തല്‍ നീട്ടാന്‍ അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഘാനി തീരുമാനിച്ചതിനു പിന്നാലെയാണ് ഇസ്ലാമിക് സ്റ്റേറ്റിന്റെ ആക്രമണം. വെടിനിര്‍ത്തല്‍ ദീര്‍ഘിപ്പിക്കണമെന്ന് താലിബാനോടും ആവശ്യപ്പെട്ടെങ്കിലും പ്രതികരണമുണ്ടായിട്ടില്ല. 

ആഘോഷങ്ങളുടെ ഭാഗമായി 46 താലിബാന്‍ തടവുകാരുടെ മോചനവും ഘാനി പ്രഖ്യാപിച്ചിട്ടുണ്ട്. 2001ല്‍ താലിബാനെതിരായ പോരാട്ടത്തിന്റെ നേതൃത്വം യുഎസ് ഏറ്റെടുത്ത ശേഷം ഇതാദ്യമായാണ് അഫ്ഗാന്‍ സര്‍ക്കാര്‍ അവരുമായി വെടിനിര്‍ത്തല്‍ കരാര്‍ പ്രഖ്യാപിക്കുന്നത്. വെള്ളിയാഴ്ച തുടങ്ങി മൂന്നു ദിവസത്തേക്ക് വെടിനിര്‍ത്താനായിരുന്നു ധാരണ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.