ജില്ലാ പഞ്ചായത്ത് ഭരണം: ലീഗിനെതിരെ കോണ്‍ഗ്രസ്സില്‍ പ്രതിഷേധം

Monday 18 June 2018 1:22 am IST

കാസര്‍കോട്: കാസര്‍കോട് ജില്ലാ പഞ്ചായത്ത് ഭരണം രണ്ടര വര്‍ഷം പിന്നിട്ടിട്ടും വിട്ട് നല്‍കാത്ത മുസ്ലിംലീഗ് നേതൃത്വത്തിനെതിരെ കോണ്‍ഗ്രസ്സില്‍ പ്രതിഷേധം ശക്തമാകുന്നു. നാലു വീതം സീറ്റ് നേടിയ കോണ്‍ഗ്രസ്സും ലീഗും ജില്ലാ പഞ്ചായത്ത് ഭരണം പങ്കിട്ടെടുക്കാമെന്ന വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയായി വിജയിച്ച എജിസി ബഷീറിനെ പ്രസിഡന്റായി തെരഞ്ഞെടുത്തത്. 

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് വിജയത്തോടെ കാസര്‍കോട് ജില്ലാ കോണ്‍ഗ്രസ്സ് നേതൃത്വം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് അവകാശവാദവുമായി മുന്നോട്ട് വന്നിരുന്നു. മുസ്ലിം ലീഗ് നേതൃത്വമാകട്ടെ ഭരണത്തില്‍ കണ്ണും നട്ട് ചെര്‍ക്കളം അബ്ദുള്ളയുടെ ആശീര്‍വാദത്തോടെ ലീഗിന്റെ സുരക്ഷിത സീറ്റായ കുമ്പളയില്‍ നിന്ന് എജിസി ബഷീറിനെ മത്സരിപ്പിച്ച് വിജയിപ്പിക്കുകയുമായിരുന്നു.

പ്രസിഡന്റ് സ്ഥാനം വിട്ട് നല്‍കുമെന്ന ഉറപ്പ് ലീഗ് പാലിക്കാത്തതില്‍ ഡിസിസി യോഗങ്ങളില്‍ മുതിര്‍ന്ന നേതാക്കള്‍ പ്രതിഷേധമറിയിച്ചതായി സൂചനയുണ്ട്. ഡിസിസി പ്രസിഡന്റ് ഹക്കിംകുന്നില്‍ ചില ലീഗ് നേതാക്കളെ പ്രീണിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഭരണ മാറ്റത്തിന് ശക്തമായ വാദം ഉന്നയിക്കാത്തതെന്നും ആരോപണമുണ്ട്. യുഡിഎഫില്‍ പ്രശ്‌നങ്ങളുണ്ടായ പലഘട്ടങ്ങളിലും ഹക്കിംകുന്നില്‍ ലീഗിനോടുള്ള കൂറ് പരസ്യമായി തന്നെ പ്രകടിപ്പിക്കാറുണ്ടെന്ന് കോണ്‍ഗ്രസ്സ് നേതാക്കള്‍ തന്നെ പറയുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.