പി.ശശിയെ മുന്‍നിര്‍ത്തി ജയരാജന്മാരെ ഒതുക്കാന്‍ പിണറായി

Monday 18 June 2018 1:24 am IST
പിണറായിയുടെ പ്രത്യേക താല്‍പര്യമാണ് ഇതിനു പിന്നില്‍. നിലവില്‍ പ്രൈവറ്റ് സെക്രട്ടറിയായ എം.വി.ജയരാജന്റെ ആഭ്യന്തര വകുപ്പിലെ ഇടപെടലുകളില്‍ പിണറായിക്ക് അതൃപ്തിയുണ്ട്. എം.വി.ജയരാജനെ കണ്ണൂരില്‍ സജീവമാക്കി പി.ജയരാജന്റെ ഏകാധിപത്യത്തിന് തടയിടുകയെന്ന ലക്ഷ്യവും പിണറായിക്കുണ്ടെന്നാണ് സൂചന.

കണ്ണൂര്‍: ഏഴുവര്‍ഷം മുമ്പ് സിപിഎമ്മില്‍ നിന്നും പുറത്താക്കിയ മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ശശിയെ തിരിച്ചെടുക്കാന്‍ സംസ്ഥാന സമിതിയുടെ തീരുമാനം. പീഡനക്കേസില്‍ ഉള്‍പ്പെട്ടതിനെത്തുടര്‍ന്ന് പുറത്താക്കിയ ശശിയെ തിരിച്ചെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറിയാക്കാനാണ് നീക്കം. 

പിണറായിയുടെ പ്രത്യേക താല്‍പര്യമാണ് ഇതിനു പിന്നില്‍. നിലവില്‍ പ്രൈവറ്റ് സെക്രട്ടറിയായ എം.വി.ജയരാജന്റെ ആഭ്യന്തര വകുപ്പിലെ ഇടപെടലുകളില്‍ പിണറായിക്ക് അതൃപ്തിയുണ്ട്. എം.വി.ജയരാജനെ കണ്ണൂരില്‍ സജീവമാക്കി പി.ജയരാജന്റെ ഏകാധിപത്യത്തിന് തടയിടുകയെന്ന ലക്ഷ്യവും പിണറായിക്കുണ്ടെന്നാണ് സൂചന. സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്‍ പാര്‍ട്ടിക്ക് അതീതനായി വളരുന്നുവെന്നു സംസ്ഥാന നേതൃത്വം വിലയിരുത്തിയിരുന്നു. 

മുന്‍ മുഖ്യമന്ത്രി ഇ.കെ. നായനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്നതിന്റെ ഭരണ പരിചയം ശശിക്ക് അനുകൂലഘടകമാണ്. തിരിച്ചെടുക്കാനുളള സംസ്ഥാന സമിതിയുടെ തീരുമാനം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയില്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തു. തലശ്ശേരി ഏരിയാ കമ്മിറ്റിയില്‍ കൂടി റിപ്പോര്‍ട്ട് ചെയ്ത ശേഷം അംഗത്വം നല്‍കും. സിപിഎം സംസ്ഥാന സമിതി അംഗം കൂടിയായിരുന്ന ശശിയെ  2011 ജൂലൈയിലാണ് സിപിഎമ്മില്‍ നിന്നു പുറത്താക്കിയത്.  ലൈംഗിക പീഡനക്കേസില്‍ ഹൊസ്ദുര്‍ഗ് മജിസ്‌ട്രേട്ട് കോടതി ശശിയെ കഴിഞ്ഞ വര്‍ഷം കുറ്റവിമുക്തനാക്കിയിരുന്നു. തുടര്‍ന്നാണു പാര്‍ട്ടിയിലേക്കു മടങ്ങിവരാനുള്ള താത്പര്യം സിപിഎം സംസ്ഥാന നേതാക്കളെ അറിയിച്ചത്. 

അതേ സമയം ജില്ലാ സെക്രട്ടറി സ്ഥാനത്തിരുന്ന് പാര്‍ട്ടിക്ക്  അപമാനമുണ്ടാക്കിയ വ്യക്തിയെ തിരിച്ചെടുക്കേണ്ടതില്ലെന്ന വാദവുമായി ഒരു വിഭാഗം രംഗത്തെത്തി. സംസ്ഥാന സമിതി തീരുമാനം അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് ഈ വിഭാഗം. പ്രതിഷേധം ഉന്നത നേതാക്കളെ അറിയിച്ചതായും സൂചനയുണ്ട്. 

ശശിക്കെതിരെ ചില നേതാക്കള്‍ ആദ്യ ഘട്ടം തൊട്ട് സജീവമായി രംഗത്തുണ്ടായിരുന്നു. ഇവര്‍ പാര്‍ട്ടിയില്‍ ഒതുക്കപ്പെട്ടതോടെയാണ് പിണറായി അനുകൂലിയായ ശശിയുടെ  തിരിച്ചു വരവ്.

 ശശിക്കെതിരെ പരാതി കൊടുത്തതിന്റെ പേരില്‍ കര്‍ഷക സംഘത്തിന്റെ നേതാവായിരുന്ന സി.കെ.പി.പത്മനാഭന്‍ പാര്‍ട്ടിക്കുളളില്‍ ഒതുക്കപ്പെടുകയായിരുന്നു. സാമ്പത്തിക തിരിമറി ആരോപിച്ച് പാര്‍ട്ടി സംസ്ഥാന സമിതിയില്‍ നിന്നു ബ്രാഞ്ചിലേക്കു തരംതാഴ്ത്തിയ പത്മനാഭനെ പിന്നീട് ഏരിയാ കമ്മിറ്റിയിലെടുക്കുകയായിരുന്നു. പരാതി നല്‍കിയ ഡിവൈഎഫ്‌ഐ ജില്ലാ നേതാവാകട്ടെ ഇപ്പോള്‍ പാര്‍ട്ടിക്കു പുറത്താണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.