കട്ടിപ്പാറയിലേക്ക് തിരിഞ്ഞു നോക്കാത്ത മുഖ്യമന്ത്രിയുടെ നടപടി മനുഷ്യത്വരഹിതം : കെ. സുരേന്ദ്രന്‍

Monday 18 June 2018 1:26 am IST

കോഴിക്കോട്: ഉരുള്‍പൊട്ടലുണ്ടായ കട്ടിപ്പാറയിലേക്ക് തിരിഞ്ഞു നോക്കാത്ത മുഖ്യമന്ത്രി ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ പ്രശ്‌നം പരിഹരിക്കാന്‍ പോയത് മനുഷ്യത്വരഹിതവും പ്രതിഷേധാര്‍ഹവുമാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ ആരോപിച്ചു. 

വലിയ ആള്‍നാശമുള്ള ദുരന്തമുണ്ടാകുമ്പോള്‍ മുഖ്യമന്ത്രിമാര്‍ ഓടിയെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയാണ് പതിവ്. എന്നാല്‍ ഇവിടെ  ജനങ്ങളോടുള്ള പ്രാഥമിക ഉത്തരവാദിത്വം നിര്‍വഹിക്കാന്‍ തയാറാകാതെ ന്യൂദല്‍ഹിയില്‍ പോയി രാഷ്ട്രീയം കളിക്കുകയാണ് പിണറായി വിജയന്‍. കോഴിക്കോട് നിപ വൈറസ് ബാധ പടര്‍ന്നു പിടിച്ചപ്പോഴും പോലീസ് കസ്റ്റഡിയില്‍ ശ്രീജിത്ത് കൊല്ലപ്പെട്ടപ്പോഴും മുഖ്യമന്ത്രി സ്ഥലത്തെത്തിയില്ല. ന്യൂദല്‍ഹിയില്‍ കേജ്‌രിവാളിന്റെ പ്രശ്‌നം പരിഹരിക്കാനാണ് അദ്ദേഹത്തിന് തിടുക്കം. കേരളത്തില്‍ എന്തു സംഭവിച്ചാലും അതു തന്നെ ബാധിക്കുന്ന കാര്യമല്ല എന്ന രീതിയില്‍ വടക്കോട്ടേക്ക് നോക്കിയിരിക്കുകയാണ് മുഖ്യമന്ത്രി.

അനധികൃത ക്വാറികളും തടയണകളും നിര്‍മിക്കാന്‍ ഒത്താശചെയ്ത സര്‍ക്കാറാണ് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ ഉത്തരവാദിയെന്നും അദ്ദേഹം ആരോപിച്ചു. എട്ട് ക്വാറികള്‍ ഉരുള്‍പൊട്ടല്‍ നടന്ന  പ്രദേശത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ഉരുള്‍പൊട്ടലിന് ഈ ക്വാറികള്‍ കാരണമായോ എന്നതിനെക്കുറിച്ച് ഫലപ്രദമായ അന്വേഷണം നടത്തണം. 

സിപിഎം എംഎല്‍എ ആയതുകൊണ്ട് ഒരു നിയമവും പാലിക്കേണ്ട എന്ന തരത്തിലാണ് പി.വി. അന്‍വറിന്റെ പ്രവര്‍ത്തനങ്ങള്‍. മണ്ണിടിച്ചിലിന്റെ അടിസ്ഥാനത്തില്‍ എംഎല്‍എയുടെ പാര്‍ക്കിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കണമെന്നാണ് പറഞ്ഞിരിക്കുന്നത്. പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കുകയല്ല അവിടെയുള്ള അനധികൃത നിര്‍മാണപ്രവര്‍ത്തനങ്ങളടക്കം പൊളിച്ചുനീക്കുകയാണ് വേണ്ടത്. റവന്യു ഉദ്യോഗസ്ഥര്‍ ലാഘവത്തോട് കൂടിയാണ് ഇക്കാര്യത്തില്‍ ഇടപെടുന്നത്. കോഴിക്കോട്, മലപ്പുറം ജില്ലാ കളക്ടര്‍മാരുടെ പ്രവര്‍ത്തനവും സംശയമുണ്ടാക്കുന്നതാണെന്നും  കെ. സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. സംസ്ഥാനവക്താവ് പി. രഘുനാഥും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.