ഐപിഎസുകാരുടെ രാജകീയ യാത്രയ്ക്ക് കോടികള്‍

Monday 18 June 2018 1:29 am IST
ഐപിഎസ് റാങ്കുള്ള ഒരു ഉദ്യോഗസ്ഥന് ഡിജിപി ആണെങ്കില്‍ പോലും ഒരു ഔദ്യോഗിക വാഹനത്തോടൊപ്പം മറ്റൊന്നുകൂടി നല്‍കിയാല്‍ മതി. എന്നാല്‍ നാലില്‍ അധികം വാഹനങ്ങള്‍ വരെ കൈവശം വച്ചിരിക്കുന്ന ഉദ്യോഗസ്ഥര്‍ സേനയിലുണ്ട്. വാഹനങ്ങള്‍ നല്‍കേണ്ടതും അറ്റകുറ്റപ്പണികള്‍ പരിശോധിക്കേണ്ടതും പോലീസിലെ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് വിഭാഗമാണ്.

കോഴിക്കോട്: പോലീസ് സ്റ്റേഷനുകളിലെ വാഹനങ്ങള്‍ ഭാഗ്യംകൊണ്ട് ഓടുമ്പോള്‍ ഐപിഎസുകാരുടെ വാഹനങ്ങള്‍ക്കും യാത്രകള്‍ക്കും ചെലവിടുന്നത് ലക്ഷങ്ങള്‍. സേനയിലെ ഉന്നത ഉദ്യോഗസ്ഥര്‍ കൈവശം വച്ചിരിക്കുന്നത് നാലുവാഹനങ്ങള്‍ വരെ. സുഹൃത്തുക്കളുടെ വീട്ടാവശ്യത്തിനുപോലും ഓടുന്നത് പോലീസ് വാഹനം.

ഐപിഎസ് റാങ്കുള്ള ഒരു ഉദ്യോഗസ്ഥന് ഡിജിപി ആണെങ്കില്‍ പോലും ഒരു ഔദ്യോഗിക വാഹനത്തോടൊപ്പം മറ്റൊന്നുകൂടി നല്‍കിയാല്‍ മതി. എന്നാല്‍ നാലില്‍ അധികം വാഹനങ്ങള്‍ വരെ കൈവശം വച്ചിരിക്കുന്ന ഉദ്യോഗസ്ഥര്‍ സേനയിലുണ്ട്. വാഹനങ്ങള്‍ നല്‍കേണ്ടതും അറ്റകുറ്റപ്പണികള്‍ പരിശോധിക്കേണ്ടതും പോലീസിലെ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് വിഭാഗമാണ്. ഡിഐജിയും എസ്പിമാരും ആവശ്യപ്പെട്ടാല്‍ വാഹനങ്ങള്‍ നല്‍കാതിരിക്കാന്‍ കഴിയില്ലെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. 

ഓരോ ഉദ്യോഗസ്ഥനും ഉപയോഗിക്കുന്ന വാഹനത്തിന്റെയും യാത്ര ചെയ്യുന്ന ദൂരത്തിന്റെയും വിവരങ്ങള്‍ വെഹിക്കില്‍ ഡയറിയില്‍ രേഖപ്പെടുത്തണം. ഓരോ ആഴ്ചയും മേലുദ്യോഗസ്ഥന്‍ അത് പാസാക്കണം. എന്നാല്‍ ഐപിഎസ് ഉദ്യോഗസ്ഥ തലത്തില്‍ ഇതൊന്നും നടക്കാറില്ല. മാത്രമല്ല നാലില്‍ അധികം വാഹനങ്ങള്‍ ഉപയോഗിക്കുന്നതായുള്ള കൃത്യമായ 'തിരക്കഥ' ഇവര്‍ക്കൊപ്പമുള്ള പേഴ്‌സണല്‍ സെക്യൂരിറ്റി ഓഫീസര്‍മാര്‍ തയ്യാറാക്കി നല്‍കണം. പെട്രോള്‍ ബില്ലുവരെ തയ്യാറാക്കുന്നതും ഒപ്പമുള്ള പോലീസുകാരാണ്. എട്ട് കിലോമീറ്ററില്‍ കൂടുതല്‍ യാത്രചെയ്താല്‍ യാത്രാബത്ത ലഭിക്കും. ആ ഇനത്തിലും ഉന്നത ഉദ്യോഗസ്ഥര്‍ നല്ലൊരുതുക കൈപ്പറ്റും. ഓരോ വാഹനവും ഓരോ ഡ്യൂട്ടിയിലായിരുന്നെന്ന് തെളിയിക്കാന്‍ വിദഗ്ദ്ധരാണ് പലരും. വെഹിക്കിള്‍ ഡയറി പരിശോധിച്ചാല്‍ ഉദ്യോഗസ്ഥര്‍ ഒറ്റദിവസം പോലും ഓഫീസില്‍ ഇരുന്നിട്ടില്ലെന്ന് തോന്നും. 

വര്‍ഷംതോറും പോലീസ് സേനയ്ക്ക് പുതിയ വാഹനങ്ങള്‍ വാങ്ങാറുണ്ട്. എന്നാല്‍ ഇതൊന്നും സ്റ്റേഷനുകളിലേക്ക് എത്തില്ല. നേരേ പോകുന്നത് ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ വീട്ടിലേക്ക്. പിന്നെ സര്‍ക്കാര്‍ ചെലവില്‍ വാഹനം മോടിപിടിപ്പിക്കലായി. മുന്തിയ ഇനം ശീതീകരണ ഉപകരണങ്ങളും ശബ്ദക്രമീകരണങ്ങളും അടക്കം ആഡംബര സൗകര്യങ്ങളെല്ലാം വാഹനത്തില്‍ ഒരുക്കും. ഈയിടെ ഒരു ഉദ്യോഗസ്ഥന്‍ തന്റെ വാഹനത്തിനായി വാങ്ങിയത് പത്തോളം ടൗവ്വലുകളാണ്. ട്രാഫിക്കിനായി എത്തിച്ച ഇന്റര്‍സെപ്ടര്‍ വാഹനത്തില്‍ നിന്ന് ക്യാമറയും ഉപകരണങ്ങളും ഊരിമാറ്റി സ്വന്തം വാഹനമായി ഉപയോഗിച്ച ഉദ്യോഗസ്ഥര്‍വരെ സേനയിലുണ്ട്.

മറ്റ് സംസ്ഥാനത്ത് നിന്നുള്ള ഐപിഎസ് സുഹൃത്തുക്കള്‍ അനൗദ്യോഗിക സന്ദര്‍ശനത്തിനെത്തിയാലും മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് വിഭാഗത്തോട് വണ്ടി വിട്ടുനല്‍കാന്‍ ഇക്കൂട്ടര്‍ നിര്‍ദ്ദേശിക്കും. മാത്രമല്ല അവരുടെ മക്കളും അവരുടെ സുഹൃത്തുക്കളും എത്തിയാലും വാഹനം വിട്ടുനല്‍കണം. മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് വിഭാഗത്തില്‍ നേരത്തെ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ബിരുദമുള്ളവരെ എസ്‌ഐ ആയി നിയമിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഗ്രേഡ് പ്രൊമോഷന്‍ ആയി എത്തിയവരാണ് ഈ വിഭാഗം കൈകാര്യം ചെയ്യുന്നത്. അതുകൊണ്ട്തന്നെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഇവര്‍ക്ക് മുട്ടിടിക്കും. 

ഡ്യൂട്ടിയിലുള്ള വാഹനങ്ങള്‍ പലതും എവിടെയാണെന്ന് പോലും ട്രാന്‍സ്‌പോര്‍ട്ട് വിഭാഗത്തിന് അറിവില്ല. ഇവര്‍ ഉപയോഗിച്ച് പഴകിയ വാഹനങ്ങളാണ് അവസാനം സ്റ്റേഷനിലേക്ക് എത്തുന്നത്. വിരമിച്ച ഐപിഎസുകാര്‍ക്ക് സ്വകാര്യ ആവശ്യങ്ങള്‍ക്ക് വരെ വാഹനങ്ങള്‍ വിട്ടുനല്‍കുന്നുണ്ട്. അതുകൊണ്ടുതന്നെ വെഹിക്കിള്‍ ഡയറി പരിശോധിക്കുന്ന മേലധികാരികള്‍ നാളെ തങ്ങള്‍ക്കും കൂടി ആനുകൂല്യം ലഭിക്കേണ്ടതിനാല്‍ ബില്ലുകള്‍ പാസാക്കും. പുതിയ വാഹനങ്ങളും ആഡംബര സജ്ജീകരണങ്ങളും യാത്രാബത്തയും അടക്കം കോടികളാണ് ഓരോ വര്‍ഷവും ഈ രീതിയില്‍ ഐപിഎസ് ഉദ്യോഗസ്ഥര്‍ യാത്രകള്‍ക്ക് മാത്രമായി ചെലവിടുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.