ഐഎസ്ആര്‍ഒ ചാരക്കേസ് ഉണ്ടായതില്‍ നിര്‍ണായകം ഋഷിരാജ് സിംഗ്: സെന്‍കുമാര്‍

Monday 18 June 2018 1:31 am IST

കൊല്ലം: ഋഷിരാജ് സിംഗ് ഡിസിപിയായിരുന്നപ്പോള്‍ തിരുവനന്തപുരത്ത് താമസിക്കാന്‍ നല്ലൊരു വീടോ ക്വാര്‍ട്ടേഴ്‌സോ നല്‍കിയിരുന്നെങ്കില്‍ ഐഎസ്ആര്‍ഒ ചാരക്കേസ് ഉണ്ടാകുമായിരുന്നില്ലെന്ന് മുന്‍ ഡിജിപി ടി.പി. സെന്‍കുമാര്‍. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായിരുന്ന പി.കെ. തമ്പിയെ അനുസ്മരിക്കാന്‍ കൊല്ലം പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച സമ്മേളനത്തില്‍ 'ഭരണം, പോലീസ്, മാധ്യമങ്ങള്‍' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. 

അന്ന് തിരുവനന്തപുരത്തെ നല്ല വീടുകളെല്ലാം മാലി സ്വദേശികള്‍ വാടകയ്ക്ക് എടുത്തിരുന്നു. ഇതേക്കുറിച്ച് അന്വേഷിക്കാന്‍ ഋഷിരാജ് സിംഗ് സ്പെഷ്യല്‍ ബ്രാഞ്ച് സിഐ വിജയനെ ചുമതലപ്പെടുത്തി. വിജയന്റെ അന്വേഷണത്തിലാണ് മാലി സ്വദേശിയായ മറിയം റഷീദയുടെ പാസ്പോര്‍ട്ട് നിയമ ലംഘനം കണ്ടെത്തിയത്. ഇതേ കുറിച്ചാണ് 1994ല്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് ഇവരുടെ ഫോണ്‍നമ്പരുകള്‍ ശേഖരിച്ച് അന്വേഷിച്ചപ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നു. അല്ലാതെ ഐഎസ്ആര്‍ഒ ചാരക്കേസിന് പിന്നില്‍ സിഐഎ ഇടപെടലും ക്രയോജനിക് എന്‍ജിന്‍ വിഷയങ്ങളുമില്ല. 

1994ല്‍ ക്രയോജനിക്കിനെ കുറിച്ച് അറിയുന്ന ശാസ്ത്രജ്ഞര്‍ ഐഎസ്ആര്‍ഒയില്‍ ഉണ്ടായിരുന്നില്ലെന്നാണ് മുന്‍ ചെയര്‍മാന്‍ ജി. മാധവന്‍നായര്‍ തന്നോട് പറഞ്ഞത്. കൂടുതല്‍ വിവരങ്ങള്‍ പുസ്തകം എഴുതുമ്പോള്‍ വെളിപ്പെടുത്തുമെന്നും ടി.പി. സെന്‍കുമാര്‍ പറഞ്ഞു.

മുന്‍ മന്ത്രി സി.വി. പത്മരാജന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ്ബ് പ്രസിഡന്റ് ജയചന്ദ്രന്‍ ഇലങ്കത്ത് അധ്യക്ഷത വഹിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.