കുപ്പിയില്‍ വിഷവെള്ളം; നടപടി വെള്ളത്തില്‍

Monday 18 June 2018 1:36 am IST
ഓരോ കമ്പനിക്കും വ്യത്യസ്ത പേരിലും ബാച്ചിലും കുപ്പിവെള്ളം ഉണ്ട്. പരിശോധനയില്‍ വിഷവെള്ളമെന്ന് കണ്ട ബാച്ച് മാത്രം പിന്‍വലിക്കുന്ന തന്ത്രമാണ് കമ്പനികള്‍ സ്വീകരിക്കുക. ഒരു ബാച്ചില്‍ ഒരു ലക്ഷം കുപ്പികളാണ് സാധാരണ നിര്‍മിക്കുക. പരിശോധനയുടെ ഫലവും നടപടിയും വരുമ്പോഴേയ്ക്കും ബാച്ചിലെ ഭൂരിഭാഗം കുപ്പികളും വിറ്റു കഴിയും.

തിരുവനന്തപുരം: കേരളത്തില്‍ വില്‍ക്കുന്ന കുപ്പിവെള്ളം സുരക്ഷിതമല്ലെന്ന റിപ്പോര്‍ട്ട് ഞെട്ടിക്കുന്നതെങ്കിലും ശക്തമായ നടപടിക്കു സാധ്യതയില്ല എന്നു സൂചന. വന്‍കിട കമ്പനികളാണ് കുപ്പിവെള്ളത്തിന്റെ കുത്തകക്കാര്‍ എന്നതു തന്നെ കാരണം. വ്യക്തമായ നിയമ ലംഘനം നടത്തി എന്നു വ്യക്തമായിട്ടും ഇത്തരം കമ്പനികളുടെ പ്രവര്‍ത്തനം നിര്‍ത്തിവെപ്പിക്കാന്‍ കഴിയാറില്ല. ഉദ്യോഗസ്ഥ തലത്തില്‍ നടപടികള്‍ അട്ടിമറിക്കുന്നതാണ് അനുഭവം. മക്‌ഡോവല്‍സ്, ഗോള്‍ഡന്‍ വാലി ഉള്‍പ്പെടെ 10 കമ്പനികളുടെ കുപ്പിവെള്ളം വിഷമയമെന്ന് സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പ് കണ്ടെത്തിയിരുന്നു. ഈ കമ്പനികളുടെ കുപ്പിവെള്ളം വിതരണം ചെയ്യുന്നത് വിലക്കി നിയമ നടപടിക്ക് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ രാജമാണിക്യം നിര്‍ദേശവും നല്‍കി.

ഓരോ കമ്പനിക്കും വ്യത്യസ്ത പേരിലും ബാച്ചിലും കുപ്പിവെള്ളം ഉണ്ട്. പരിശോധനയില്‍ വിഷവെള്ളമെന്ന് കണ്ട ബാച്ച് മാത്രം പിന്‍വലിക്കുന്ന തന്ത്രമാണ് കമ്പനികള്‍ സ്വീകരിക്കുക. ഒരു ബാച്ചില്‍ ഒരു ലക്ഷം കുപ്പികളാണ് സാധാരണ നിര്‍മിക്കുക. പരിശോധനയുടെ ഫലവും നടപടിയും വരുമ്പോഴേയ്ക്കും ബാച്ചിലെ ഭൂരിഭാഗം കുപ്പികളും വിറ്റു കഴിയും. 

കേരളത്തില്‍ അതിവേഗം വളരുന്ന വ്യവസായമാണ് കുപ്പിവെള്ള വ്യവസായം. രജിസ്റ്റര്‍ ചെയ്ത 142 കുപ്പിവെള്ള കമ്പനികളാണ് പ്രവര്‍ത്തിക്കുന്നത്. ഇരട്ടിയിലധികം വ്യാജന്മാരും ഉണ്ട്.  കുപ്പിവെള്ള കമ്പനികള്‍ക്ക് കേരളത്തില്‍ നിന്ന് 700 കോടി രൂപയുടെ വിറ്റുവരവാണുള്ളത്. അതായത് ദിവസവും മലയാളി ഒന്നരക്കോടി രൂപയുടെ കുപ്പിവെള്ളം കുടിക്കുന്നു. ഒരു ലിറ്റര്‍ കുപ്പിവെള്ളം നിര്‍മിക്കാന്‍ പരമാവധി ചെലവ് ആറ് രൂപയാണ്. ഒരു കുപ്പി വിറ്റാല്‍ കമ്മീഷനെല്ലാം കിഴിച്ച് പത്തു രൂപയോളമാണ് ലാഭം. കുപ്പിവെള്ള ലോബിയുടെ സ്വാധീനത്തിനു കാരണവും കൊള്ളലാഭമാണ്. 

വാട്ടര്‍ അതോറിറ്റി സ്വന്തമായി കുപ്പിവെള്ളം ഉല്പാദിപ്പിക്കാന്‍ പദ്ധതിയിട്ടെങ്കിലും അട്ടിമറിക്കപ്പെട്ടു. അലക്‌സാണ്ടര്‍ ജേക്കബ് ജയില്‍ ഐജി ആയിരുന്നപ്പോള്‍ കുടിവെള്ള പദ്ധതിയുമായി വന്നെങ്കിലും അതും നടപ്പിലാക്കാന്‍ അനുവദിച്ചില്ല. 

കുപ്പിവെള്ളത്തിന് അമിതവില ഈടാക്കുന്നതിനെതിരെ അടുത്തയിടെ കേന്ദ്ര സര്‍ക്കാര്‍ രംഗത്തു വന്നിരുന്നു. പരമാവധി വില നിശ്ചയിച്ച് വിജ്ഞാപനം ഇറക്കാന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. സാധാരണ കുപ്പിവെള്ളം 13 രൂപയ്ക്കു നല്‍കണമെന്നാണ് നിര്‍ദേശം. കേരളം കരട് വിജ്ഞാപനം തയ്യാറാക്കിയെങ്കിലും പുറപ്പെടുവിച്ചിട്ടില്ല. വന്‍കിട കുപ്പിവെള്ള ഉല്‍പാദകരുമായി ചര്‍ച്ച നടത്തിയ ശേഷം എന്നാണ് ഭക്ഷ്യ മന്ത്രി പറയുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.